Thursday, March 6, 2025

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 06

ലോകപ്രശസ്തനായ ഇറ്റാലിയൻ ചിത്രകാരനും ശിൽപിയുമായ മൈക്കലാഞ്ചലോ ജനിച്ചത് 1475 മാർച്ച് ആറിനാണ്. ജീവിതകാലത്തു തന്നെ മികച്ച ചിത്രകാരൻ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം എക്കാലത്തെയും മികച്ച ചിത്രകാരനും ശിൽപിയുമാണ്. വത്തിക്കാനിലെ സിസൈ്റ്റൻ ചാപ്പലിൽ വരച്ച ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന സൃഷ്ടികളിലൊന്ന്. ചിത്രകാരനെക്കാൾ ഒരു ശിൽപിയായാണ് അദ്ദേഹം സ്വയം കരുതിയിരുന്നത്. ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളതും മാർബിൾ ശിൽപനിർമാണമാണ്. പിയാത്തെ അദ്ദേഹത്തിന്റെ പ്രശസ്തമായ ശിൽപമാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ ജീവചരിത്രം രചിക്കപ്പെട്ട ആദ്യ പാശ്ചാത്യ കലാകാരനും മൈക്കലാഞ്ചലോയാണ്.

റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ് സ്ഥാപിതമായത് 1902 മാർച്ച് ആറിനായിരുന്നു. സ്പെയിനിലെ മാഡ്രിഡ് കേന്ദ്രീകരിച്ചുള്ള വിഖ്യാതമായ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് റയൽ മാഡ്രിഡ്. പ്രശസ്തമായ കേംബ്രിഡ്ജ്, ഓക്സ്ഫഡ് സർവകലാശാലകളിൽ നിന്നു പഠിച്ചെത്തിയ കുറച്ചുപേർ 1897 ൽ ആരംഭിച്ച ഫുട്ബോൾ ക്ലബ്ബിൽ നിന്നാണ് റയൽ മാഡ്രിഡിന്റെ പിറവി. 1902 ൽ ഔദ്യോഗികമായി ആരംഭിച്ച ക്ലബ്ബ് 1909 ൽ റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ ഭാഗമായി മാറി. സ്പെയിനിലെ അൽഫോൺസോ രാജാവ്, ലോഗോയിൽ രാജകീയമുദ്ര ഉപയോഗിക്കാനും പേരിനൊപ്പം റോയൽ എന്നതിന്റെ സ്പാനിഷ് വകഭേദമായ റയൽ എന്നു ചേർക്കാനും അനുമതി നൽകിയതോടെയാണ് ക്ലബ്ബിന്റെ പേര് റയൽ മാഡ്രിഡ് എന്നായി മാറിയത്. ക്ലബ് ലോകകപ്പ്, യുവേഫ ചാംപ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, സ്പാനിഷ് ലീഗ് തുടങ്ങി ലോക ഫുട്ബോളിലെ വിഖ്യാതമായ എല്ലാ കിരീടങ്ങളും ഇതിനോടകം ക്ലബ്ബ് സ്വന്തമാക്കിയിട്ടുണ്ട്. ഈ നേട്ടങ്ങൾക്കെല്ലാം അടിവരയിട്ട് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബ് എന്ന ഫിഫയുടെ അംഗീകാരവും റയൽ മാഡ്രിഡിന് ലഭിച്ചു.

1915 മാർച്ച് ആറിനാണ് മഹാത്മാഗാന്ധിയും രബീന്ദ്രനാഥ ടാഗോറും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച നടക്കുന്നത്. ശാന്തിനികേതനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇതിനുശേഷം നിരവധി തവണ അവർ കണ്ടുമുട്ടുകയും കത്തുകളിലൂടെയും ടെലിഗ്രാമുകളിലൂടെയും സംവദിക്കുകയും ചെയ്തു. സത്യം, സ്വാതന്ത്ര്യം, ജനാധിപത്യം, വിദ്യാഭ്യാസം തുടങ്ങിയവ അവരുടെ സംവാദവിഷയങ്ങളായിരുന്നു. ആശയപരമായ വിയോജിപ്പ് പല കാര്യങ്ങളിലുമുണ്ടായിരുന്നെങ്കിലും ഇരുവർക്കുമിടയിലുണ്ടായിരുന്ന പരസ്പര ബഹുമാനം അനുകരണീയമാണ്. ഗാന്ധിജിയെ ആദ്യമായി മഹാത്മാ എന്ന് വിശേഷിപ്പിച്ചത് ടാഗോറായിരുന്നു. ടാഗോറിനെ ഗുരുദേവ് എന്നാണ് ഗാന്ധിജി വിളിച്ചത്.

1961 മാർച്ച് ആറിനാണ് ദി ഇക്കണോമിക് ടൈംസ് എന്ന ഇന്ത്യൻ ഇംഗ്ലീഷ് ബിസിനസ് ന്യൂസ്പേപ്പർ പ്രസിദ്ധീകരണം ആരംഭിച്ചത്. ടൈംസ് ഗ്രൂപ്പാണ് ഇത് സ്ഥാപിച്ചത്. 2012 ലെ റീഡർഷിപ്പ് സർവേപ്രകാരം ഏറ്റവുമധികം ആളുകൾ വായിക്കുന്ന രണ്ടാമത്തെ ബിസിനസ് ന്യൂസ്പേപ്പറായിരുന്നു ഇക്കണോമിക് ടൈംസ്. വാൾസ്ട്രീറ്റ് ജേണലാണ് ഏറ്റവും കൂടുതൽ വായനക്കാരുള്ള ബിസിനസ് ന്യൂസ്പേപ്പർ. ഇന്ത്യയിലെ പ്രധാനപ്പെട്ട പതിനാല് നഗരങ്ങളിൽനിന്ന് ഈ പത്രം അച്ചടിക്കുന്നുണ്ട്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ, അന്തർദേശീയ വിനിമയങ്ങൾ, ഷെയർ മാർക്കറ്റ് മുതലായവയാണ് ഈ പത്രം കൈകാര്യം ചെയ്യുന്ന പ്രധാന വിഷയങ്ങൾ. പി എസ് ഹരിഹരനായിരുന്നു സ്ഥാപക പത്രാധിപർ. 2009 ൽ ഇ റ്റി നൗ എന്ന പേരിൽ ഒരു ടെലിവിഷൻ ചാനലും ഇക്കണോമിക് ടൈംസ് ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News