Monday, March 10, 2025

ചരിത്രത്തിൽ ഈ ദിനം: മാർച്ച് 09

രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും വിനാശകരമായ സംഭവം എന്നറിയപ്പെടുന്ന ടോക്കിയോ ബോംബിംഗ് നടന്നത് 1945 മാർച്ച് ഒൻപതിനു രാത്രിയാണ്. ഓപ്പറേഷൻ മീറ്റിംഗ് ഹൗസ് എന്ന പേരിൽ അമേരിക്കയാണ് ജപ്പാന്റെ തലസ്ഥാന നഗരിയിൽ ബോംബ് വർഷിച്ചത്. ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായ നാശനഷ്ടങ്ങളെക്കാൾ വലുതായിരുന്നു ടോക്കിയോയിലുണ്ടായത്. 80,000 ലധികം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരുലക്ഷത്തിലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു; അതും ഒറ്റരാത്രി കൊണ്ട്. അന്നു മുതൽ ജപ്പാന്റെ ചരിത്രത്തിൽ ഈ ദിവസം ‘ഇരുണ്ട മഞ്ഞിന്റെ രാത്രി’ എന്നറിയപ്പെടുന്നു.

1959 മാർച്ച് ഒൻപതിനാണ് ബാർബി ഡോൾ അവതരിപ്പിക്കപ്പെടുന്നത്. മുതിർന്ന സ്ത്രീയുടെ രൂപത്തിലുള്ള 11 ഇഞ്ച് മാത്രം വലിപ്പമുള്ള പ്ലാസ്റ്റിക് പാവക്കുട്ടിയാണ് ബാർബി ഡോൾ. കാലിഫോർണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന മാറ്റെൽ എന്ന കമ്പനിയാണ് പാവയെ അവതരിപ്പിച്ചത്. കമ്പനിയുടെ സഹസ്ഥാപകയായ റൂത്ത് ഹാൻഡ്ലറാണ് ബാർബിയെ നിർമ്മിച്ചത്. കുട്ടികൾക്കായാണ് ഈ ഡോൾ അവതരിപ്പിക്കപ്പെട്ടത്. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം 1961 ൽ ബാർബിയുടെ ആൺസുഹൃത്തായി കെൻ എന്ന പാവക്കുട്ടിയും അവതരിപ്പിക്കപ്പെട്ടു. 1963 ൽ ആത്മസുഹൃത്തായി മിഡ്ജ് എന്ന പാവക്കുട്ടിയും 1968 ൽ അനുജത്തിയായി സ്കിപ്പറും വിപണിയിലെത്തി. 1980 ലാണ് ബാർബിയുടെ ആഫ്രിക്കൻ അമേരിക്കൻ പതിപ്പ് ഉണ്ടായത്. പല കാരണങ്ങളാൽ വിമർശനങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും ബാർബി ഇന്നും കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളിലൊന്നാണ്. ഒരോ സെക്കന്റിലും രണ്ട് ബാർബികൾ ലോകത്ത് വിൽക്കപ്പെടുന്നുണ്ടെന്നാണ് മാറ്റെൽ കമ്പനിയുടെ കണക്ക്.

1959 മാർച്ച് ഒൻപതിനാണ് പ്രശസ്ത തബലിസ്റ്റായ ഉസ്താദ് സക്കീർ ഹുസൈൻ ജനിച്ചത്. മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിൽ ജനിച്ച സക്കീർ ഹുസൈൻ മൂന്നു വയസ്സു മുതൽ സംഗീതത്തിൽ അഭിരുചി കാണിച്ചുതുടങ്ങി. ചെറുപ്രായത്തിൽതന്നെ മേശകളിലും പാത്രങ്ങളിലും താളംപിടിച്ചു തുടങ്ങിയ കുഞ്ഞിനെ, അച്ഛൻ അല്ലാ രഖാ, തബല അഭ്യസിപ്പിച്ചു. സരോദ് വിദഗ്ധൻ ഉസ്താദ് അലി അക്ബർ ഖാനോടൊപ്പം തന്റെ ഏഴാമത്തെ വയസ്സിൽ ഏതാനും മണിക്കൂർ അച്ഛനു പകരക്കാരനായി തബല വായിച്ചാണ് സക്കീർ ഹുസൈൻ ആദ്യമായി പൊതുവേദിയിലെത്തിയത്. പിന്നീട് പന്ത്രണ്ടാമത്തെ വയസ്സിൽ ബോംബെ പ്രസ് ക്ലബിൽ നൂറു രൂപയ്ക്ക് ഉസ്താദ് അലി അക്ബർ ഖാനൊടോപ്പം തന്നെ സ്വതന്ത്രമായി തബല വായിച്ച് സംഗീതലോകത്ത് വരവറിയിച്ചു. അതേ വർഷംതന്നെ പട്നയിൽ ദസറ ഉത്സവത്തിൽ പതിനായിരത്തോളം വരുന്ന കാണികളുടെ മുൻപിൽ മഹാനായ സിത്താർ വാദകൻ ഉസ്താദ് അബ്ദുൽ ഹലിം ജാഫർ ഖാൻ, ശഹനായി ചക്രവർത്തി ബിസ്മില്ലാ ഖാൻ എന്നിവരോടൊപ്പം രണ്ടുദിവസത്തെ കച്ചേരികളിൽ തബല വായിച്ചു. 1970 ൽ അമേരിക്കയിൽ സിത്താർ മാന്ത്രികൻ രവിശങ്കറിനൊപ്പം പതിനെട്ടാമത്തെ വയസ്സിൽ കച്ചേരി അവതരിപ്പിച്ചു. വാഷിങ്ടൺ സർവകലാശാലയിൽ എത്തനോമ്യൂസിക്കോളജി വിഭാഗത്തിൽ അസി. പ്രൊഫസറാകുമ്പോൾ പ്രായം 19 വയസ്സു മാത്രം. വർഷത്തിൽ നൂറ്റിയൻപതിലധികം ദിവസങ്ങളിലും സക്കീർ ഹുസൈൻ കച്ചേരികൾ നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News