1781 മാർച്ച് 13 നാണ് യുറാനസ് ഗ്രഹം കണ്ടെത്തിയത്. വിൽഹം ഹെർഷൽ എന്ന വാനനിരീക്ഷകൻ ടെലസ്കോപ്പിലൂടെയുള്ള തന്റെ നക്ഷത്ര നിരീക്ഷണത്തിനിടെയാണ്, നക്ഷത്രങ്ങളിൽനിന്നു വ്യത്യസ്തമായ ഒരു പ്രകാശഗോളത്തെ കണ്ടെത്തിയത്. ധൂമകേതുവാണെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. അങ്ങനെയാണ് തന്റെ കണ്ടെത്തൽ അദ്ദേഹം പ്രസിദ്ധീകരിച്ചതും. ഹെർഷലിന്റെ പുതിയ ധൂമകേതുവിനെ കൗതുകത്തോടെ നിരീക്ഷിച്ച ജ്യോതിശാസ്ത്രജ്ഞരാണ് അതിന്റെ വൃത്താകാരമായ പരിക്രമണപഥം തിരിച്ചറിഞ്ഞ് അത് ഒരു ഗ്രഹമാണ് എന്ന നിഗമനത്തിലെത്തിയത്. യുറാനസിന് ഭൂമിയുടെ നാലുമടങ്ങ് വലുപ്പവും 14 മടങ്ങ് ദ്രവ്യമാനവുമുണ്ട്. മഞ്ഞുകട്ട നിറഞ്ഞതാണ് ഈ ഗ്രഹം. ഒരുതവണ സൂര്യനെ പ്രദക്ഷിണം ചെയ്യാൻ 84 ഭൗമവർഷം വേണം. യുറാനസിനുചുറ്റുമുള്ള 13 വലയങ്ങളെയും 27 ഉപഗ്രഹങ്ങളെയുമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഗ്രീക്ക് പുരാണത്തിൽനിന്ന് നേരിട്ട് പേരുകിട്ടിയ ഒരേയൊരു ഗ്രഹമാണ് യുറാനസ്. ബാക്കി ഗ്രഹങ്ങളുടെയെല്ലാം പേരുകൾ റോമൻ പുരാണത്തിൽനിന്നാണ്.
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്കു കാരണക്കാരനായ ജനറൽ ഡയറിനെ ഉധം സിംഗ് വധിച്ചത് 1940 മാർച്ച് 13 നാണ്. തന്റെ കൺമുന്നിൽ നടന്ന കൂട്ടക്കൊലയാണ് ജനറൽ ഡയറിനെതിരെയുള്ള പക ഉധം സിംഗിൽ ആളിക്കത്തിച്ചത്. കോൺഗ്രസ് നേതാക്കളെ റൗലറ്റ് നിയമപ്രകാരം അറസ്റ്റ് ചെയ്തതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ അമൃത്സറിലെ ജാലിയൻ വാലാബാഗിൽ ഒത്തുകൂടിയവർക്കു നേരെയായിരുന്നു ജനറൽ ഡയറിന്റെ നേതൃത്വത്തിലുള്ള നരവേട്ട. ജാഥയിൽ പങ്കെടുക്കുന്നവർക്ക് കുടിവെള്ളം വിതരണം ചെയ്യാൻ, താൻ താമസിച്ചിരുന്ന അനാഥാലയത്തിലെ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു ഉധം സിംഗ്. അന്നുമുതൽ അയാൾ ഡയറിനെ വധിക്കാനുള്ള അവസരം കാത്തിരിക്കുകയായിരുന്നു. 1940 മാർച്ച് 13 ന് കാക്സ്റ്റൺ ഹാളിൽ ഈസ്റ്റ് ഇന്ത്യ അസോസിയേഷന്റെയും റോയൽ സെൻട്രൽ ഏഷ്യൻ സൊസൈറ്റിയുടെയും സംയുക്ത യോഗത്തിൽ പ്രസംഗകരിൽ ഒരാളായി മൈക്കിൾ ഡയർ എത്തിയപ്പോഴാണ് ഉധം സിംഗ് അയാൾക്കുനേരെ വെടുയുതിർത്തത്. സംഭവത്തിനുശേഷം ഓടിരക്ഷപെടാൻ ഉധം ശ്രമിച്ചില്ല. പൊലീസ് പിടികൂടി വലിച്ചിഴച്ചുകൊണ്ടുപോകുമ്പോൾ ഉധം ചിരിക്കുകയായിരുന്നു. പിന്നീട് ആ ദൃശ്യം ലോകപ്രശസ്തമായി.
2013 മാർച്ച് 13 നാണ് വത്തിക്കാൻ രാജ്യത്തിന്റെ തലവനും കത്തോലിക്കാ സഭയുടെ ആത്മീയ ആചാര്യനുമായി ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടത്. അർജന്റീനയിലെ ബ്യുണസ് അയേഴ്സിൽ നിന്നുള്ള കർദിനാളായിരുന്നു അദ്ദേഹം. ജോർജ് മാരിയോ ബർഗോളിയോ എന്നായിരുന്നു മാർപാപ്പ ആകുന്നതിനു മുൻപുള്ള അദ്ദേഹത്തിന്റെ പേര്. ജെസ്യൂട്ട് സഭയിൽനിന്നുള്ള ആദ്യ മാർപാപ്പ, സൗത്ത് അമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പ എന്നീ പ്രത്യേകതകളും ഫ്രാൻസിസ് മാർപാപ്പയ്ക്കുണ്ട്. 2013 ഫെബ്രുവരിയിൽ മുൻഗാമിയായ ബെനഡിക്റ്റ് പതിനാറാമൻ പാപ്പ ആരോഗ്യപ്രശ്നങ്ങളാൽ രാജിവച്ച ഒഴിവിലേക്കാണ് ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.