തോക്കുധാരികളായ ആറുപേർ തന്റെ വീട് കൊള്ളയടിക്കുന്നത് 16 വയസ്സുള്ള ഡാർക്കുന ഭയത്തോടെ നോക്കിനിന്നു. എന്താണ് നിങ്ങൾക്കു വേണ്ടതെന്ന് അവൾ കരഞ്ഞുകൊണ്ടു ചോദിച്ചപ്പോൾ, നിന്നെ മതിയെന്ന് അവരിലൊരാൾ മറുപടി നൽകി. കുടുംബത്തിലെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം മോഷ്ടിച്ചശേഷം അവളെയും അവളുടെ 18 വയസ്സുള്ള സഹോദരിയെയും ആ ആറുപേരും മാറിമാറി ബലാത്സഗം ചെയ്തു. സ്വന്തം മക്കളെ ആ ക്രൂരന്മാർ പിച്ചിചീന്തുന്നത് മാതാപിതാക്കൾക്കു നോക്കിനിൽക്കേണ്ടി വന്നു.
കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി ആർ സി) യിൽ ഇന്നിത് സാധാരണ കാഴ്‌ചയാണ്. കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഇവിടെ പതിവായി.
കുപ്രസിദ്ധമായ എം 23 സായുധസംഘം പ്രധാന അംഗമായ അലയൻസ് ഫ്ലൂവ് കോംഗോ (AFC) ഈ വർഷം ആദ്യം പ്രധാന പ്രദേശം പിടിച്ചെടുത്തു. ഫെബ്രുവരിയിലെ റിലീഫ് വെബ് റിപ്പോർട്ട് അനുസരിച്ച്, ജനുവരി അവസാനത്തോടെ ഏകദേശം മൂന്നു ദശലക്ഷം ആളുകൾ താമസിക്കുന്ന ഗോമ ഉൾപ്പെടെ, അവരിൽ ഒരു ദശലക്ഷം പേർ കുടിയിറക്കപ്പെട്ടിട്ടുണ്ട്. ബലാത്സംഗത്തിന്റെയും ലൈംഗിക അതിക്രമത്തിന്റെയും നിരവധി സംഭവങ്ങൾ ഇവിടെ അരങ്ങേറുന്നു. പലപ്പോഴും ഇതിന് ഇരകളാകുന്നത് പ്രായം കുറഞ്ഞ കുട്ടികളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം.
കിഴക്കൻ ഡി ആർ സി യിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. അതൊരു ദുരന്തമായി മാറുകയാണ്. ഇതുവരെ കാണാത്ത തരത്തിൽ കേസുകളിൽ ഭയാനകമായ വർധനവാണ് കാണുന്നത്. നിരവധി യുവാക്കൾ യുദ്ധത്തിന്റെ സങ്കൽപിക്കാനാകാത്ത മുറിവുകൾ വഹിക്കുന്നുണ്ട്. യുണിസെഫ്, സേവ് ദി ചിൽഡ്രൻ എന്നീ സംഘടനകൾ പുറത്തുവിട്ട വിവരങ്ങളിൽ, ക്ലിനിക്കുകളിൽ ചികിത്സ തേടിയ ബലാത്സംഗത്തെ അതിജീവിച്ചവരെക്കുറിച്ച് അവരുടെ അനുഭവങ്ങൾ പറയുന്നുണ്ട്.
എല്ലാം കണ്ടുനിൽക്കേണ്ടി വന്ന മുത്തശ്ശി
ജനുവരിയിൽ, പ്രകോപിതരായ എ എഫ് സി വിമതസഖ്യം ഗോമയിലേക്ക് ഇരച്ചുകയറി കോംഗോ സൈന്യവുമായി ഏറ്റുമുട്ടി. അവർക്ക് എല്ലാ അടിസ്ഥാനസൗകര്യങ്ങളും വിലക്കപ്പെട്ടു. ഏകദേശം ഏഴായിരം പേരുടെ ജീവൻ അപഹരിക്കപ്പെട്ടു. മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ട് തെരുവുകൾ നിറഞ്ഞു.
14 വയസ്സുള്ള മുദരല്ല എന്ന പെൺകുട്ടിയും അവളുടെ മുത്തശ്ശിയും പുറത്തിറങ്ങാതെ വീടിനുള്ളിൽ ഒളിച്ചിരുന്നു. പക്ഷേ, തോക്കുകളുമായി വീട് തല്ലിപ്പൊളിച്ച് അകത്തുകയറിയ രണ്ടുപേർ അവരെ ആക്രമിച്ച് ആ 14 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. അതെല്ലാം കണ്ടുനിന്ന് കരയാനല്ലാതെ ആ മുത്തശ്ശിക്ക് ഒന്നിനും സാധിച്ചിരുന്നില്ല. അവർ അത് രഹസ്യമായി സൂക്ഷിച്ചു.
“എന്റെ മുത്തശ്ശിയുടെ ഏറ്റവും വലിയ ഭയം ഞാൻ ഗർഭിണിയായിരിക്കുമെന്നോ, അണുബാധ പിടിപെട്ടിരിക്കുമെന്നോ എന്നാണ്” – ആ പെൺകുട്ടി പറഞ്ഞു.
ആക്രമണം നടന്ന് ഏകദേശം ഒരുമാസം കഴിഞ്ഞപ്പോൾ, യുണിസെഫുമായി ബന്ധമുള്ള ഒരു കമ്മ്യൂണിറ്റി ഔട്ട്റീച്ച് വർക്കർ അവളുടെ വീട് സന്ദർശിച്ച് ചികിത്സയ്ക്ക് പ്രോത്സാഹിപ്പിക്കുന്നതുവരെ ആ സംഭവം അവർ രഹസ്യമാക്കിവയ്ക്കുകയായിരുന്നു.
വെള്ളം കോരാൻ പോയ കുട്ടികളും ബലത്സംഗത്തിന് ഇരകളായി
കുട്ടികൾ പുറത്തിറങ്ങുന്നതാണ് ഇവിടെ ഏറ്റവും അപകടകരം. വെള്ളം കോരാൻ പോയ തന്റെ 15 ഉം 13 ഉം വയസ്സുള്ള മക്കൾ ബലാത്സംഗത്തിന് ഇരകളായി എന്നാണ് ഒരമ്മ പറയുന്നത്.
“അവർ വെള്ളം കോരാൻ പോകുമ്പോൾ, ആയുധധാരികളായ ആറു പേർ അവരെ ബലാത്സംഗം ചെയ്തു. എന്റെ പെൺമക്കൾ വളരെ ഗുരുതരാവസ്ഥയിലാണ്. ദയവായി അവർക്കുവേണ്ടി പ്രാർഥിക്കുക” – ആ അമ്മ പറയുന്നു.
വീടിനടുത്ത് വെള്ളം കോരുന്നതിനിടെ സായുധരായ പോരാളികൾ മറ്റൊരു പെൺകുട്ടിയെ ബലപ്രയോഗത്തിലൂടെ പിടികൂടി. അവൾ ചെറുത്തുനിന്നപ്പോൾ അവർ അവളുടെ പിന്നിൽനിന്ന് രണ്ടുതവണ വെടിവച്ചു. എന്നാൽ ചികിത്സ നേടിയതോടെ അവൾ അതിനെ അതിജീവിച്ചു എന്നാണ് സേവ് ദി ചിൽഡ്രനു ലഭിച്ച മറ്റൊരു വിവരം.