മൂന്നാം ആംഗ്ലോമൈസൂർ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് ശ്രീരംഗപട്ടണം സന്ധി ഒപ്പുവയ്ക്കപ്പെട്ടത് 1792 മാർച്ച് 18 നായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കുവേണ്ടി കോൺവാലിസ് പ്രഭുവും ഹൈദരാബാദ് നിസ്സാമിന്റെ പ്രതിനിധിയും മറാഠ സാമ്രാജ്യവും മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താനും ചേർന്നാണ് കരാർ ഒപ്പുവച്ചത്. ശ്രീരംഗപട്ടണം സന്ധിപ്രകാരം മലബാർ, കുടക്, ദിണ്ടിഗൽ പ്രദേശങ്ങൾ ടിപ്പു ഇംഗ്ലീഷുകാർക്കു വിട്ടുകൊടുത്തു. ടിപ്പു വിട്ടുകൊടുത്ത സ്ഥലങ്ങളിൽ കൃഷ്ണാനദി മുതൽ പെണ്ണാർ നദിക്കപ്പുറം വരെയുള്ള സ്ഥലം നൈസാമിനും, മറ്റൊരംശം മറാഠികൾക്കും, ഇംഗ്ലീഷുകാർ നൽകി. തിരുവിതാംകൂറും കൊച്ചിയും മലബാറും ഇംഗ്ലീഷുകാർക്ക് അധീനമായി.
ലോകത്തിലെ ആദ്യ തൊഴിലാളിവർഗ ഭരണകൂടം എന്നറിയപ്പെടുന്ന പാരീസ് കമ്മ്യൂൺ നിലവിൽ വന്നത് 1871 മാർച്ച് 18 നായിരുന്നു. ഫ്രാൻസിലെ ബൂർഷ്വാ ഭരണകൂടത്തെ തുരത്തി പാരീസിൽ പതിനായിരക്കണക്കിനു തൊഴിലാളികൾ അധികാരം പിടിച്ചെടുക്കുകയായിരുന്നു. തൊഴിലാളികളും സർക്കാർ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും വ്യവസായികളും അടങ്ങിയതായിരുന്നു ഈ ജനകീയസമിതി. 1871 മേയ് 28 വരെ, 72 ദിവസം കമ്യൂൺ അധികാരത്തിലിരുന്നു. സ്ഥിരം സൈന്യത്തെ പിരിച്ചുവിട്ട കമ്യൂൺ, ആയുധധാരികളായ പൗരന്മാർക്ക് രാജ്യസംരക്ഷണച്ചുമതല നൽകി, സാർവത്രിക വോട്ടവകാശം നടപ്പാക്കി, ഉദ്യോഗസ്ഥരെയും ന്യായാധിപരെയും തിരിച്ചുവിളിക്കാൻ ജനത്തിന് അധികാരം നൽകി. ഉദ്യോഗസ്ഥരുടെ ശമ്പളം തൊഴിലാളികളുടേതിനു തുല്യമാക്കി.
ആദ്യത്തെ മോണോ പ്ലെയിൻ പറന്നുയർന്നത് 1906 മാർച്ച് 18 നായിരുന്നു. ത്രയാൻ വൂയ എന്ന റൊമേനിയൻ ശാസ്ത്രജ്ഞനായിരുന്നു കണ്ടെത്തലിനു പിന്നിൽ. കേവലം 11 മീറ്റർ മാത്രമാണ് ആദ്യത്തെ മോണോ പ്ലെയിനിന് പറക്കാനായത്. തുടർച്ചയായി പറക്കുന്നതിൽ ആദ്യത്തെ മോണോ പ്ലെയിൻ പരാജയപ്പെട്ടെങ്കിലും ഈ മേഖലയിലുള്ള കൂടുതൽ കണ്ടെത്തലുകൾക്ക് അദ്ദേഹത്തിന്റ പരീക്ഷണം പ്രചോദനമായി.
ആദ്യമായി ഒരു മനുഷ്യൻ താൻ സഞ്ചരിച്ചിരുന്ന പേടകത്തിനു പുറത്തിറങ്ങി ബഹിരാകാശത്ത് നടക്കുന്നത് 1965 മാർച്ച് 18 നാണ്. റഷ്യക്കാരനായ അലക്സി ലിയനോവാണ് ആ ബഹുമതി സ്വന്തമാക്കിയ സഞ്ചാരി. മനുഷ്യരെയും വഹിച്ച് ബഹിരാകാശത്തേക്കു പോയ പതിനേഴാമത്തെ പേടകമായ വോസ്കോഡ് രണ്ടിലെ സഞ്ചാരിയായിരുന്നു ലിയനോവ്. 18 മാസത്തെ കഠിന പരിശീലനങ്ങൾക്കൊടുവിലാണ് അദ്ദേഹം ഇൗ യാത്ര നടത്തിയത്. 12 മിനിറ്റും ഒൻപതു സെക്കന്റും അദ്ദേഹം ബഹിരാകാശത്തു ചെലവഴിച്ചു.