Wednesday, April 2, 2025

രാസലഹരികൾ പിടിക്കപ്പെട്ടാൽ ശിക്ഷ ഉറപ്പ്; ജീവിതം കരിനിഴലിൽ

അഡ്വ. ചാര്‍ളി പോള്‍

ലഹരിമരുന്നിന്റെ ഉപയോഗവും വിതരണവും സൂക്ഷിപ്പും കുറ്റകൃത്യമാണ്; പിടിക്കപ്പെട്ടാൽ ശിക്ഷയും ഉറപ്പാണ്. ചെറിയ അളവിൽ ലഹരി പിടികൂടിയാൽ പൊലീസ് സ്റ്റേഷനിൽനിന്ന് ജാമ്യം ലഭിക്കും. പക്ഷേ പിന്നീട് കോടതിയിൽ ഹാജരായി കുറ്റം സമ്മതിച്ച് പിഴ അടക്കേണ്ടതുണ്ട്. ഈ കുറ്റസമ്മതവും ഫൈൻ അടച്ചതും ശിക്ഷയായിട്ടാണ് കണക്കാക്കുക. പൊലീസിന്റെ ക്രൈം റിക്കോർഡ് ബ്യൂറോയിൽനിന്ന് ശിക്ഷാവിവരങ്ങൾ ലഭിക്കും.

ചെറിയ തോതിൽ ലഹരി പിടികൂടുന്ന കേസുകളിൽ ശിക്ഷാനിരക്ക് 98% ആണ് .ഇത് 99.5% ആക്കാൻ പൊലീസ് ശ്രമിക്കുകയാണ്. മുൻകാലങ്ങളിൽ ലഹരി ഉപയോഗിക്കുന്നതായി കണ്ടാൽ കുട്ടികളാണെങ്കിൽ, ആദ്യമായി പിടിക്കുന്നതിന്റെ ഔദാര്യം എന്ന നിലയിൽ മാതാപിതാക്കളെ വിളിച്ചുവരുത്തി ശാസിച്ചു വിടാറുണ്ട്. മാറിയ സാഹചര്യത്തിൽ കേസെടുക്കാനാണ് സാധ്യത.

പൊലീസ് സ്റ്റേഷനിൽനിന്ന് ജാമ്യം കിട്ടിയാൽ കാര്യങ്ങൾ കഴിഞ്ഞു എന്ന് ധരിക്കരുത്. പിന്നീട് കോടതിയിൽ ഹാജരായി കുറ്റം സമ്മതിക്കുന്നതും പിഴ ഒടുക്കുന്നതും ശിക്ഷപോലെ തന്നെ ആയതിനാൽ ഭാവിജീവിതത്തിൽ ഇത് കരിനിഴൽ വീഴ്ത്തും. പാസ്പോർട്ടിന് അപേക്ഷിക്കുമ്പോഴും തുടർ പഠനത്തിനും ഒരു ജോലിയിൽ പ്രവേശിക്കാൻ ശ്രമിക്കുമ്പോഴും വിവാഹ ആലോചനാസമയത്തുമൊക്കെ ഇത്  ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കും. മുൻകുറ്റവാളി എന്ന നിലയിൽ കുറ്റകൃത്യം ആവർത്തിക്കാനിടയുണ്ട് എന്ന രീതിയിൽ കണ്ട് ഒഴിവാക്കപ്പെടും. ഭാവിയിൽ നല്ല മനുഷ്യനായി മാറിയെന്ന് ആര് സാക്ഷ്യപ്പെടുത്തിയാലും സംശയത്തിന്റെ മുൻമുനയിലായിരിക്കും നോക്കിക്കാണുക. ലഹരിക്കേസിന്റെ ഹിസ്റ്ററി ഉള്ളവർ അത് ആവർത്തിക്കാൻ സാധ്യത വളരെ കൂടുതലാണ്. അതിനാൽ ഇക്കാര്യത്തിൽ റിസ്ക് എടുക്കാൻ  ആരും തയ്യാറാകില്ല.

ലഹരിമരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പിടിച്ചെടുക്കുന്ന ലഹരിമരുന്നിന്റെ അളവിന്റെ അടിസ്ഥാനത്തിൽ സാധാരണയായി മൂന്നു തരത്തിലാണ് കേസെടുക്കുക. കുറഞ്ഞ അളവ് (സ്മാൾ ക്വാണ്ടിറ്റി), ഇടത്തരം അളവ് (മീഡിയം ക്വാണ്ടിറ്റി), വാണിജ്യ അളവ് (കോമേഴ്സിൽ ക്വാണ്ടിറ്റി) എന്നിങ്ങനെയാണ് തരം തിരിക്കുക.

സ്മാൾ ക്വാണ്ടിറ്റിയാണെങ്കിൽ ആറുമാസം വരെ കഠിനതടവും 10,000 രൂപ വരെ പിഴയും മീഡിയം ക്വാണ്ടിറ്റി ആണെങ്കിൽ 10 വർഷം വരെ കഠിനതടവും ഒരുലക്ഷം രൂപ വരെ പിഴയും ക്വമേഴ്സൽ ക്വാണ്ടിറ്റി ആണെങ്കിൽ കുറഞ്ഞത് 10 വർഷവും പരമാവധി 20 വർഷം വരെയും കഠിനതടവും രണ്ടുലക്ഷം രൂപയും ആണ് ശിക്ഷ.

എൻ ഡി പി എസ് ആക്ട് 37 വകുപ്പുപ്രകാരം മയക്കുമരുന്ന് കേസിൽ പിടിയിലാവുന്നവർക്ക് ജാമ്യം കിട്ടുക സാധാരണ സാഹചര്യങ്ങളിൽ അസാധ്യമാണ്. എന്നാൽ പിടിച്ചെടുത്ത മയക്കുമരുന്ന് വാണിജ്യ അളവിൽ താഴെയെങ്കിൽ പ്രതികൾക്ക് സെഷൻസ് കോടതികൾക്ക് ജാമ്യം അനുവദിക്കാം. ഓരോ മയക്കുമരുന്നുകളുടെ കാര്യത്തിലും വാണിജ്യ അളവ് വ്യത്യസ്തമാണ്. കഞ്ചാവിന്റെ കാര്യത്തിലാണെങ്കിൽ 20 കിലോയിൽ അധികമാണെങ്കിലേ വാണിജ്യ അളവാകൂ.

എന്നാൽ കഞ്ചാവ് ഒരു കിലോയിൽ താഴെയാണെങ്കിൽ ചെറിയ അളവായി (സ്മാൾ ക്വാണ്ടിറ്റിയായി) കണക്കാക്കും. കഞ്ചാവ് ഒരു കിലോയ്ക്കും 20 കിലോയ്ക്കും ഇടയിലാണെങ്കിൽ ചെറിയ അളവിലും വാണിജ്യ അളവിലും ഇടയിലുള്ള (മീഡിയം ക്വാണ്ടിറ്റി) ആയിട്ടാണ് കണക്കാക്കുന്നത്; ഈ സാഹചര്യത്തിലും ജാമ്യം ലഭിക്കില്ല. എന്നാൽ വാണിജ്യ അളവിന്റെ കാര്യത്തിലുള്ളതുപോലെ കർക്കശമായ വ്യവസ്ഥകൾ 20 കിലോയിൽ കുറവാണെങ്കിൽ ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ ഉണ്ടാകില്ല. വാണിജ്യ അളവാണെങ്കിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരനെല്ലെന്നു കോടതിക്ക് ബോധ്യമായാൽമാത്രമേ ജാമ്യം അനുവദിക്കാൻ കഴിയൂ. സാധാരണ ഗതിയിൽ ജാമ്യം ലഭിക്കില്ല.

എം ഡി എം എ യുടെ കാര്യത്തിൽ പോയിൻറ് 0.2 ഗ്രാം ആണ് ചെറിയ അളവ്. 0.2 മുതൽ അഞ്ചു ഗ്രാം വരെ ഇടത്തരം . അഞ്ചു ഗ്രാമിനു മുകളിലാണെങ്കിൽ വാണിജ്യ അളവായി.

എൽ എസ് ഡി സ്റ്റാമ്പിന്റെ കാര്യത്തിൽ പോയിന്റ് 002 ആണ് ചെറിയ അളവ്. ഒരു ഗ്രാം ആയാൽ വാണിജ്യ അളവാകും.

ഹഷീഷ് ഓയിൽ ഒരു കിലോയിൽ ഏറെ വന്നാൽ വാണിജ്യ അളവാണ്. 100 ഗ്രാം മുതൽ ഒരു കിലോ വരെ ഇടത്തരം. 100 ഗ്രാം വരെ ചെറിയ കേസ്.

ലഹരിമരുന്നുകൾ ചെറിയ അളവുമായി പിടികൂടിയാൽ ചെറിയ കേസിൽ സ്റ്റേഷൻ ജാമ്യം കിട്ടും. പക്ഷെ ഇടത്തരം കേസിൽ 60 ദിവസം വരെയും വാണിജ്യ അളവിൽ 180 ദിവസം വരെയും ജാമ്യം കിട്ടില്ല.

കൊക്കെയ്ൻ, മോർഫിൻ, ഹെറോയിൻ എന്നിവ ഉപയോഗിച്ചാൽ ഒരു വർഷം വരെ തടവും 20,000 രൂപ വരെ പിഴയും ലഭിക്കും. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുക, അവർക്ക് സാമ്പത്തിക സഹായം ചെയ്യുക, കുറ്റകരമായ ക്രിമിനൽ ഗൂഢാലോചന നടത്തുക തുടങ്ങിയവയ്ക്ക് 10 മുതൽ 20 വർഷം വരെ തടവും രണ്ടുലക്ഷം രൂപ പിഴയുമുണ്ട്.

കൊമേഴ്സ്യൽ ക്വാണ്ടിറ്റി ലഹരിമരുന്നുമായി ഒന്നിലധികം തവണ പിടിക്കപ്പെടുക, ശിക്ഷിക്കപ്പെടുക ഉൾപ്പെടെ ആവർത്തിച്ചു ചെയ്യുന്ന കുറ്റകൃത്യത്തിന് വധശിക്ഷ വരെ ലഭിക്കും.

ചെറിയ അളവിൽപോലും മയക്കുമരുന്നുകൾ കൈവശം വയ്ക്കുന്നത് ശിക്ഷാർഹമാണ്. മയക്കുമരുന്ന് ഇനത്തിൽപെട്ട ചെടികൾ കൃഷി ചെയ്യുന്നതും കുറ്റകരമാണ്. കഞ്ചാവ് ചെടി നട്ടുപിടിപ്പിച്ചാൽ 10 വർഷം വരെ കഠിനതടവും ഒരുലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതും ശിക്ഷാർഹമാണ്.

സംസ്ഥാനത്ത് പോയ വർഷം 5.04 ലക്ഷം കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്; അതിൽ 1.09 ലക്ഷം കേസുകളും ലഹരി-അബ്കാരി കേസുകളാണ്. രാസലഹരി വിൽപന കുതിച്ചുയർന്നതായി എക്സൈസും പൊലീസും വ്യക്തമാക്കുന്നുണ്ട്. സിറ്റി പൊലീസ് കമ്മീഷണർമാർ, റൂറൽ ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ മേൽനോട്ടത്തിലുള്ള നർക്കോട്ടിക് സെൽ, ഡാൻസാഫ് എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്. പിടികൂടുന്നു ലഹരിയുടെ 80 ശതമാനത്തോളം മെത്താം ഫെറ്റമിനും എം ഡി എം എ യുമാണ്. 2024 ൽ സംസ്ഥാനത്ത് മയക്കുമരുന്ന് കേസിൽ 25, 517 പേരെയാണ് അറസ്റ്റ് ചെയ്തത്. മറ്റു നടപടികൾ നിർത്തിവച്ച് നിയമസഭ ഇക്കാര്യം ചർച്ച ചെയ്തു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ നർക്കോട്ടിക് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പതിവ് ലഹരികടത്തുകാരെ കാപ്പയ്ക്കു സമാനമായ ‘പിറ്റ്’ (പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപിക് സബ്സ്റ്റൻസസ് ആക്ട്) നിയമപ്രകാരം കരുതൽ തടങ്കലിലാക്കുന്നുണ്ട്. നൂറിലധികം പേരാണ് ഇത്തരത്തിൽ കരുതൽ തടങ്കലിലുള്ളത്.

ലഹരിക്കെതിരെയുള്ള പൊലീസ് – എക്സൈസ് പോരാട്ടം ഇനി ഒരുമിച്ചായിരിക്കും നടക്കുക. ഇരുസേനകളുടെയും ഇന്റലിജൻസ് വിഭാഗങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കാനും കോൾ ഡേറ്റ, റെക്കോർഡ്, മൊബൈൽ ടവർ ലൊക്കേഷൻ എന്നിവ എക്സൈസ് ആവശ്യപ്പെടുമ്പോൾ താമസമില്ലാതെ കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. ആദ്യപടിയായി എക്സൈസ് തയ്യാറാക്കിയ സ്ഥിരം ലഹരികടത്ത് പ്രതികളായ 997 പേരുടെ പട്ടിക പൊലീസിനു കൈമാറി. ലഹരികടത്തുകാരുടെ പട്ടിക മുഖ്യമന്ത്രി കേരള നിയമസഭയിൽ വച്ചു.

ലഹരികടത്തു കേസുകളിലെ 497 പേരും അബ്കാരി കേസുകളിലെ 500 പേരും ഉൾപ്പെടുന്നതാണ് ഈ പട്ടിക. മൂന്നിലധികം കേസുള്ള 108 പേർ പട്ടികയിലുണ്ട്. പട്ടികയിലുള്ളവരെ സ്ഥിരം കുറ്റവാളികളെന്നു കണക്കാക്കി നീക്കങ്ങൾ നിരീക്ഷിക്കും. സമാനസ്വഭാവമുള്ള ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ടതാണ് മാനദണ്ഡം. പട്ടികയിലുള്ളവരുടെ വീടുകളിൽ ആഴ്ചയിലൊരിക്കൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തും. വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടോയെന്ന്  നിരീക്ഷിക്കുകയാണ് ഉദ്ദേശ്യം. ഭാവിയിലെ കേസുകൾക്ക് അനുസരിച്ച് പട്ടിക വിപുലീകരിക്കും. പൊലീസിന്റെ കെ ഡി (നോൺ ഡിപ്രഡേറ്റർ – അറിയപ്പെടുന്ന കുറ്റവാളി) പട്ടികയ്ക്കു സമാനമാണിത്. മരണത്തോടെ മാത്രമേ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുകയുള്ളൂ.

ഇനിമുതൽ ലഹരികടത്തുമായി ബന്ധപ്പെട്ട് പൊലീസും എക്സൈസും പിടികൂടുന്ന കേസുകളുടെ വിവരങ്ങൾ പരസ്പരം പങ്കുവയ്ക്കും. ഇതോടെ രണ്ടു വകുപ്പുകളിലെയും കേസുകൾ സംയോജിപ്പിച്ച് കാപ്പ നിയമവും പിറ്റ് എൻ ഡി പി എസ് നിയമവും ചുമത്താനാകും.

ലഹരി കേസിൽ ശിക്ഷിക്കപ്പെട്ടാൽ കാലാവധി തീരുംവരെ ജയിലിൽ കഴിയണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. ഇത്തരം തടവുകാർക്ക് സാധാരണ പരോളും അടിയന്തിര പരോളും ലഭിക്കില്ല. ശിക്ഷാതടവുകാർക്ക് വർഷത്തിൽ 30 ദിവസമാണ് അവധി. പ്രത്യേക സാഹചര്യത്തിൽ 10 ദിവസം കൂടി നീട്ടിനൽകാറുണ്ട്. അടിയന്തര അവധി സൂപ്രണ്ട് മുഖേന മൂന്നുദിവസവും സർക്കാർ വഴി 15 ദിവസവും ലഭിക്കും. ഇതൊന്നും ലഹരി കേസിലെ തടവുകാരനു ലഭിക്കില്ല.

ലഹരി ഉപയോഗിക്കുന്നവരിൽ 90% പേരും 23 വയസ്സിൽ താഴെയുള്ളവരാണെന്നാണ് 2023 ൽ എക്സൈസ് കണ്ടെത്തിയത്. ആറുമാസത്തിനിടെ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ സഹായിക്കുന്ന കിറ്റുകൾ ലഭ്യമാണ്. വാർഷികപരീക്ഷ എഴുതണമെങ്കിൽ, ജോലി ലഭിക്കണമെങ്കിൽ ഒക്കെ ലഹരി ഉപയോഗിച്ചിട്ടില്ല എന്ന് സർട്ടിഫിക്കറ്റ് വേണമെന്ന നിയമം വരാനിടയുണ്ട്. സർവകലാശാലകളും വിദ്യാഭ്യാസവകുപ്പും ഇതിനു വേണ്ട നടപടികൾ ആരംഭിച്ചുതുടങ്ങിയിട്ടുണ്ട്. വിദേശത്തേക്കു പോകാൻ അനുമതി ലഭിക്കുമ്പോഴും ഈ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും.

നിലവിൽ കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്, അഫിലിയേറ്റഡ് കോളേജുകൾ, സർവകലാശാല സെന്ററുകൾ എന്നിവിടങ്ങളിൽ പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകണം. വരുന്ന അക്കാദമിക വർഷം മുതൽ ഇതു നിർബന്ധമാക്കും. പ്രവേശനം നേടുന്ന വിദ്യാർഥികൾ നൽകുന്ന സത്യവാങ്മൂലം സ്ഥാപന മേലാധികാരി സൂക്ഷിക്കും. സത്യവാങ്മൂലം ലംഘിച്ചാൽ നടപടി സ്വീകരിക്കാനും സർവകലാശാല അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

പുതുതായി പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി നിർബന്ധമാക്കിയിട്ടുണ്ട്. കൊച്ചി ക്യാമ്പസിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾ ‘നോ ടു ഡ്രഗ്’ പ്രതിജ്ഞ എഴുതി ഒപ്പിട്ടുനൽകണം.

പോളിസി ഫോര്‍ പ്രിവന്‍ഷൻ ഓഫ് ഡ്രഗ് അബ്യൂസ് (പോഡ) എന്ന നിയമത്തിൽ, ജോലിയിൽ പ്രവേശിക്കുമ്പോൾതന്നെ ലഹരി ഉപയോഗിക്കില്ലെന്ന് കരാർ ഒപ്പിടാൻ വ്യവസ്ഥയുണ്ട്.

ലഹരി ഉപയോഗിക്കുന്നവർക്കെതിരെ മതപരമായ വിലക്കുകൾ വരെ വന്നുതുടങ്ങി. പുതുപ്പാടി പഞ്ചായത്തിലെ മഹല്ല് കമ്മറ്റികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് വിവാഹാവശ്യത്തിന് മറ്റ് മഹല്ലുകളിലേക്ക് സ്വഭാവശുദ്ധി സാക്ഷ്യപത്രം നൽകില്ലെന്നു തീരുമാനിച്ചു.

ഓർക്കുക, ലഹരി ഉപയോഗിച്ചാൽ പിടിക്കപ്പെടില്ലെന്നും ചെറിയ അളവിലാണെങ്കിൽ കുഴപ്പമില്ലെന്നും കരുതുന്നത് വിഡ്ഢിത്തമാണ്. ഈ ജന്മം പാഴ്ജന്മമാകും. എല്ലാത്തരം ലഹരികളിൽനിന്നും ബോധപൂർവം അകലം പാലിക്കുക. ജീവിതം സുരക്ഷിതവും ശോഭനവുമാക്കുക.

അഡ്വ. ചാർളി പോൾ
(അഭിഭാഷകനും ട്രെയ്നറും മെന്ററുമായ ലേഖകൻ, നാലു പതിറ്റാണ്ടായി ലഹരിവിരുദ്ധ മേഖലയിൽ പ്രവർത്തിക്കുന്നു. കേരള സർക്കാറിന്റെ ഏറ്റവും മികച്ച ലഹരിവിരുദ്ധ പ്രവർത്തകനുള്ള പുരസ്ക്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം).

LEAVE A REPLY

Please enter your comment!
Please enter your name here

Latest News