Wednesday, April 2, 2025

ടാൻസാനിയയിലെ മഴക്കാടുകളിൽ കണ്ടെത്തിയത് ജൈവവൈവിധ്യം സംരക്ഷിക്കാൻ സഹായിക്കുന്ന മൂവായിരം വർഷം പഴക്കമുള്ള വൃക്ഷങ്ങൾ

2019 ൽ ഉലുട്ടി ഗ്രാമത്തിലൂടെയും ബോമ ലാ മ്സിംഗ ഫോറസ്റ്റ് റിസർവുകളിലൂടെയും കാൽനടയാത്ര നടയായി പോകുകയായിരുന്നു സസ്യശാസ്ത്രജ്ഞരുടെ ഒരു സംഘം. ആ യാത്രയിൽ ടാൻസാനിയയിലെ ഉഡ്സുങ്‌വ പർവതനിരകളിൽ അസാധാരണമായ ഒരു കണ്ടെത്തലിലേക്ക് അവർ ചെന്നെത്തി. അതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു വലിയ വൃക്ഷത്തെയാണ് അവർ അവിടെ കണ്ടുമുട്ടിയത്. അജ്ഞാതമായ ഒരു വൃക്ഷ ഇനമായിരുന്നു അത്. അതിനാൽതന്നെ അവർ അതിന് ‘ടെസ്മാനിയ പ്രിൻസെപ്സ്’ എന്ന് പേരിട്ടു. അതുല്യമായ ജൈവവൈവിധ്യത്തിനു പേരുകേട്ട പ്രദേശമാണ് ടാൻസാനിയയിലെ പർവതപ്രദേശങ്ങളിലെ മഴക്കാടുകൾ. അതിനാൽതന്നെ എന്തോ ഒരു പ്രത്യേകത ആ മരത്തിനുണ്ടെന്ന് അവർക്കു മനസ്സിലായി.

ടെസ്മാനിയ പ്രിൻസെപ്സ്

ആ മരത്തിൽ പ്രത്യേകതരം പൂക്കളായിരുന്നു ഉണ്ടായിരുന്നത്. ആ പൂക്കൾക്ക് വെളുത്ത നിറത്തിലുള്ള നേർത്ത ദളങ്ങളും അഗ്രഭാഗത്ത് ചെറിയ മഞ്ഞ ബൾബുകളും ഉണ്ടായിരുന്നു. അതായിരുന്നു ​ഗവേഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള പ്രധാന കാരണം. അവർ അതിന്റെ ചിത്രങ്ങളെടുക്കുകയും ഇല സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. കൂടുതൽ വിശകലനത്തിനായി അവർ ലബോറട്ടറിയിലേക്കു മടങ്ങി. അങ്ങനെ, മുൻപ് അറിയപ്പെടാത്ത ഒരു ഇനമാണ് ഇതെന്ന് സ്ഥിരീകരിക്കപ്പെടുകയായിരുന്നു.

പേരിന്റെയും വളർച്ചയുടെയും പ്രത്യേകത

ടെസ്മാനിയ പ്രിൻസപ്സ് എന്നപേരിൽ ‘പ്രിൻസ്പ്സ്’ എന്നത് ലാറ്റിൻ പദമാണ്. അതിനർഥം ‘ഏറ്റവും മികച്ചത്’ എന്നാണ്. മഴക്കാടുകളിലെ മറ്റു മരങ്ങളെ അപേക്ഷിച്ച് അതിന്റെ ഉയർന്ന സാന്നിധ്യവും വലിപ്പവും ഏറെ പ്രത്യേകത നിറഞ്ഞതാണ്. പേരിന്റെ പ്രത്യേകത കൊണ്ടു മാത്രമല്ല, അതിശയിപ്പിക്കുന്ന സവിശേഷതകളാലും അപൂർവതയാലും ഈ ഇനം വേറിട്ടുനിൽക്കുന്നു.

പുതുതായി കണ്ടെത്തിയ ഈ മരങ്ങളിൽ ചിലതിന് മൂവായിരം വർഷം വരെ പഴക്കമുണ്ട്. അവ മഴക്കാടുകളിലെ പുരാതന ഭീമന്മാരാണെന്നും സംഘത്തിന്റെ ഗവേഷണത്തിലൂടെ വെളിപ്പെട്ടു. ഈ മരങ്ങൾ വളരെ സാവധാനത്തിൽ വളരുന്നു. ഓരോ 15 വർഷത്തിലും അവയുടെ ചുറ്റളവിൽ ഒരു സെന്റീമീറ്റർ മാത്രമാണ് വളർച്ച രേഖപ്പെടുത്തുന്നത്. മന്ദഗതിയിലുള്ള വളർച്ച കാരണം ഈ മരങ്ങൾ മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് ഇരയാകുന്നു. അവയുടെ നിലനിൽപ്പ് അവയുടെ പരിസ്ഥിതിയിലെ ദീർഘകാല സ്ഥിരതയെ ആശ്രയിച്ചാണുള്ളത്.

ഉഡ്സുങ്‌വ പർവതനിരകളുടെ പാരിസ്ഥിതിക പ്രാധാന്യം

ഈസ്റ്റേൺ ആർക്ക് പർവതശൃംഖലയിൽ സ്ഥിതിചെയ്യുന്നതാണ് ഉഡ്‌സുങ്‌വ പർവതനിരകൾ. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യജന്തുജാലങ്ങൾ നിറഞ്ഞ ഒരു പ്രദേശമാണ് ഇത്. ടെസ്മാനിയ പ്രിൻസ്‌പ്‌സ് ഉൾപ്പെടെ ഈ പ്രദേശത്തു കാണപ്പെടുന്ന നിരവധി സസ്യങ്ങളും ജന്തുക്കളും ഈ പ്രദേശത്തിനു മാത്രമുള്ളതാണ്. ഇത് ഉഡ്‌സുങ്‌വ പർവതനിരകളുടെ സംരക്ഷണത്തിനുള്ള ഒരു പ്രധാനഘടകം തന്നെയാണ്. അതിന്റെ അതുല്യമായ ജൈവവൈവിധ്യത്തെ അംഗീകരിച്ചുകൊണ്ട് മരംമുറിക്കൽ പോലുള്ള മനുഷ്യപ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്നതിനാൽ മുഴുവൻ പ്രദേശത്തെയും ഒരു ദേശീയോദ്യാനമായി പ്രഖ്യാപിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News