1853 ഏപ്രിൽ 16 ഇന്ത്യൻ റെയിൽവെയുടെ ചരിത്രത്തിലെ സുപ്രധാന ദിവസമാണ്. അന്നാണ് പാസഞ്ചർ ട്രെയിൻ സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്. 400 അതിഥികളുമായി വൈകുന്നേരം 03.30 ന് യാത്ര ആരംഭിച്ച 14 ബോഗികളുള്ള ആദ്യ യാത്രാ തീവണ്ടി, ബോംബെ മുതൽ താന വരെ 21 മൈൽ ദൂരമാണ് ഓടിയത്. സാഹിബ്, സുൽത്താൻ, സിന്ധ് എന്നിങ്ങനെ പേരുകളുള്ള മൂന്ന് ആവി എഞ്ചിനുകൾ ഉപയോഗിച്ചാണ് ആദ്യ യാത്രാ തീവണ്ടി ഓടിയത്.
1912 ഏപ്രിൽ 16 നാണ് ആദ്യമായി ഒരു വനിതാ പൈലറ്റ് ഇംഗ്ലീഷ് ചാനലിനു കുറുകെ വിമാനം പറത്തിയത്. ഹാരിയറ്റ് ക്വിംബി എന്നായിരുന്നു അവരുടെ പേര്. ഇംഗ്ലണ്ടിലെ ഡോവറിൽ നിന്ന് ഫ്രാൻസിലേക്ക് അവർ പറത്തിയത് ഒരു മോണോ പ്ലെയിനായിരുന്നു. ബെൽമോണ്ട് പാർക്കിലെ ഒരു എയർ ഷോ കണ്ടതിനുശേഷമാണ് ഹാരിയറ്റിന് വിമാനം പറത്തണമെന്ന ആഗ്രഹമുണ്ടായത്. ഹെംപ്സ്റ്റെഡ് ഏവിയേഷൻ സ്കൂളിൽ പഠനമാരംഭിച്ച അവർ 1911 ഓഗസ്റ്റ് ഒന്നിന് അമേരിക്കൻ ഏയ്റോ ക്ലബിൽ നിന്ന് വിമാനം പറത്താൻ ലൈസൻസ് ലഭിക്കുന്ന ആദ്യ വനിതയായി മാറി. പൈലറ്റ് ലൈസൻസ് ലഭിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വനിതയുമായിരുന്നു അവർ.
ക്യൂബയിൽ കാസ്ട്രോ യുഗത്തിന് അന്ത്യം കുറിച്ച് റൗൾ കാസ്ട്രോ കമ്മ്യൂണിസ്റ്റ് പാർട്ടി അധ്യക്ഷസ്ഥാനത്തു നിന്ന് പടിയിറങ്ങിയത് 2021 ഏപ്രിൽ 16 നായിരുന്നു. 1959 ൽ ഫിഡൽ കാസ്ട്രോ അധികാരത്തിൽ വന്നതിനുശേഷം കാസ്ട്രോ കുടുംബം മാത്രമാണ് രാജ്യം ഭരിച്ചിട്ടുള്ളത്. 2006 വരെ ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ജനറലായിരുന്ന ഫിഡൽ കാസ്ട്രോയിൽ നിന്നാണ് റൗൾ സ്ഥാനമേറ്റെടുത്തത്. ക്യൂബൻ വിപ്ലവകാലത്ത് ഫിദലിന്റെ വലംകൈയായിരുന്നു. സോവിയറ്റ് നേതാക്കളുമായി നേരിട്ട് ചർച്ചകൾ നടത്തിയിരുന്നതും, അധികാരമേൽക്കുന്നതിന്റെ അഞ്ചുവർഷം മുൻപു വരെ സൈനിക മേധാവിയായിരുന്നതും അദ്ദേഹമായിരുന്നു. ഫിഡൽ കാസ്ട്രോ വിശ്രമിക്കാൻ പോയതിനെ തുടർന്ന് 2006 ലാണ് റൌൾ ഭാഗികമായി ‘മ്യൂസിയം ഓഫ് ദ റെവലൂഷ’ന്റെ അമരക്കാരനാവുന്നത്. 2008 ൽ അധികാരം പൂർണ്ണമായും കൈമാറി. 2018 ൽ പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറിയെങ്കിലും 2021 ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അധ്യക്ഷസ്ഥാനത്തു നിന്ന് റൗൾ പടിയിറങ്ങിയത്.