Monday, April 21, 2025

കൗമാരക്കാരനായ യുക്രേനിയന്‍ വിദ്യാര്‍ത്ഥി ഒരു മുന്‍നിര സൈനികനായി മാറിയപ്പോള്‍

യുക്രേനിയക്കാരനായ മാക്സിം ലുറ്റ്സിക്ക് എന്ന 19 വയസ്സുകാരന് ഇപ്പോള്‍ പ്രായവും ഗൗരവവും കൂടുതല്‍ ഉള്ളതായി തോന്നും. കാരണം അവനിപ്പോള്‍ തമാശകള്‍ കുറവാണ്, ചിരി കുറവാണ്, കാര്യഗൗരവം കൂടുതലുമാണ്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയതിനുശേഷമുള്ള ദിവസങ്ങളിലാണ് ഈ കൗമാരക്കാരന്‍ തന്റെ യൂണിവേഴ്‌സിറ്റി പഠനം നിര്‍ത്തിവച്ച് പോരാട്ടത്തിന് ഇറങ്ങിയത്. അന്നുമുതലാണ് അവന്‍ മേല്‍ സൂചിപ്പിച്ച സ്വഭാവത്തിലേയ്ക്ക് മാറിയതും.

റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് മാക്സിം എന്ന ബയോളജി വിദ്യാര്‍ത്ഥിയും അവന്റെ സര്‍വ്വകലാശാല സുഹൃത്തായ 18 വയസ്സുള്ള സാമ്പത്തിക ശാസ്ത്രം പഠിക്കുന്ന ദിമിട്രോ കിസിലെങ്കോയും യുദ്ധം ചെയ്യാന്‍ സൈന്‍ അപ്പ് ചെയ്തത്. തങ്ങളെപ്പോലെയുള്ള അനേകരോടൊപ്പം, കഠിനമായ തണുപ്പില്‍, അവരുടെ പരിശീലന കേന്ദ്രത്തിലേക്ക് ബസ് കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍, ഒരു ടൂറിനോ ക്യാമ്പിംഗിനോ പോകുന്ന ചെറുപ്പക്കാരെപ്പോലെയാണ് അവര്‍ കാണപ്പെട്ടത്. പക്ഷേ യുദ്ധം അവരുള്‍പ്പെടുന്ന മുഴുവന്‍ യുക്രേനിയന്‍ സമൂഹത്തിന്റേയും ജീവിതം വല്ലാതെ മാറ്റിമറിച്ചു. എങ്കിലും ഇപ്പോള്‍ അതിശക്തമായ റഷ്യന്‍ മുന്നേറ്റങ്ങള്‍ക്കിടയിലും മാക്സിം പോരാടാനുള്ള ദൃഢനിശ്ചയത്തില്‍ തന്നെയാണ്. കൈവിനു വേണ്ടി പോരാടുന്ന സുഹൃത്ത് ഡിമിട്രോ തലസ്ഥാനത്ത് തന്നെ തുടരുകയാണ്.

‘യുദ്ധഭൂമിയില്‍ മരിക്കാന്‍ പോലും ഞങ്ങള്‍ തയ്യാറാണ്. പക്ഷേ പരിഷ്‌കൃത ലോകം മുഴുവനും ചേര്‍ന്ന് റഷ്യയെ പരാജയപ്പെടുത്തുന്നതുവരെ എത്ര സമയം വേണമെങ്കിലും ഞങ്ങള്‍ പ്രതിരോധിക്കും’. മാക്‌സിം പറയുന്നു.

മാര്‍ച്ചില്‍, താന്‍ എന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കളോട് മാക്സിം വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ മാതാപിതാക്കള്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി. കഴിയുമ്പോഴെല്ലാം മാക്‌സിം അവരെ വിളിക്കാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ അയാളുടെ അമ്മ മാക്‌സിമിനും സഹപ്രവര്‍ത്തകര്‍ക്കും യൂണിഫോം അയച്ചുകൊടുക്കാറുണ്ട്. ‘എന്റെ മാതാപിതാക്കള്‍ എന്നെ മനസ്സിലാക്കുന്നു, അവര്‍ എന്നെ മാനസികമായും സാമ്പത്തികമായും പിന്തുണയ്ക്കുന്നു’. മാക്‌സിം പറയുന്നു.

കഴിഞ്ഞ മൂന്ന് ആഴ്ചയായി, മാക്സിമും സഹപ്രവര്‍ത്തകരും സെര്‍ബര്‍ എന്ന് വിളിക്കുന്ന ഒരു സ്ഥലത്തിന്റെ നിയന്ത്രണം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. റൂബിഷ്നെയിലെ ഒരു മുന്‍ ഫാക്ടറിയില്‍ ആയിരുന്നു പോരാട്ടം. പക്ഷേ വിജയം റഷ്യക്കാര്‍ക്കായിരുന്നു.

‘അത് നരകതുല്യമായിരുന്നു. പ്രതിരോധിക്കാന്‍ നല്ല സ്ഥാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ കിടങ്ങുകളിലും ചിലപ്പോള്‍ സോവിയറ്റ് കാലഘട്ടത്തിലെ അഭയകേന്ദ്രങ്ങളിലും ഫയര്‍ സ്റ്റേഷനിലും ആയിരുന്നു. എന്റെ ഒരു സുഹൃത്ത് അവിടെ കൊല്ലപ്പെട്ടു. 15 പേര്‍ക്കെങ്കിലും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു’. ഒരു ദിവസം 25 തവണ തന്റെ യൂണിറ്റിനുനേരെ ടാങ്ക് ഫയര്‍ ആക്രമണം ഉണ്ടായതായും അദ്ദേഹം ഓര്‍ക്കുന്നു.

യുദ്ധം തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് മാക്‌സിം പറയുന്നതിങ്ങനെ…’കിയെവില്‍ സുഹൃത്തുക്കളുമൊത്ത് യുവജന രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണ് ഞാന്‍. സുഹൃത്തുക്കളാോടൊപ്പം നല്ലരീതിയില്‍ ജീവിതം ആസ്വദിച്ചിരുന്നു. ഇപ്പോള്‍ അവരില്‍ ചിലര്‍ എന്റെ കണ്‍മുന്നില്‍ മരിച്ചുവെന്ന് ഉള്‍ക്കൊള്ളാന്‍ വളരെ പ്രയാസമാണ്. ആ വസ്തുതയുമായി ജീവിക്കാന്‍ പ്രയാസമാണ്, ലുഹാന്‍സ്‌ക് മേഖലയിലെ പ്രധാന നഗരങ്ങളിലൊന്നായ ഈ ഫാക്ടറിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ പരാജയപ്പെട്ടുവെന്ന് മനസ്സിലാക്കാനും ബുദ്ധിമുട്ടാണ്’.

ആടിയും പാടിയും കളിച്ചും ചിരിച്ചും കോളജ് ജീവിതം ആസ്വദിച്ചുനടന്ന മാക്സിം എന്ന വിദ്യാര്‍ത്ഥി തന്റെ ജീവിത ദൗത്യത്തില്‍ വിശ്വസിക്കുന്ന ഒരു മുന്‍നിര സൈനികനായി മാറിയിരിക്കുകയാണിപ്പോള്‍.

‘ഞങ്ങള്‍ പോരാടുന്നത് മുഴുവന്‍ ലോകത്തിന്റെയും മുഴുവന്‍ പരിഷ്‌കൃത ലോകത്തിന്റെയും സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്, ഇത് യുക്രേനിയന്‍-റഷ്യന്‍ യുദ്ധമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍, അത് അങ്ങനെയല്ല. ഇത് റഷ്യയും ലോകം മുഴുവനും തമ്മിലുള്ള വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും യുദ്ധമാണ്’. മാക്‌സിം പറയുന്നു.

 

 

Latest News