Tuesday, November 26, 2024

‘ഉറങ്ങുന്നത് കാറില്‍ കിടന്ന്, കുളിച്ചിട്ട് ദിവസങ്ങളായി’! പെട്രോളിനായി ദിവസങ്ങളോളം ക്യൂവില്‍ ചിലവഴിക്കുന്ന ശ്രീലങ്കയിലെ സാധാരണക്കാര്‍

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ ഒരു പെട്രോള്‍ സ്റ്റേഷന് പുറത്ത് ക്ഷമയോടെ കാത്തിരിക്കുകയാണ് അജീവന്‍ സദാശിവം. ഇതിനകം രണ്ടുദിവസമായി അദ്ദേഹം ക്യൂവിലാണ്. ക്യൂവില്‍ ഒന്നാമതെത്താന്‍ ഇനിയും എത്രനാള്‍ തന്റെ വാഹനത്തില്‍ ചെലവഴിക്കണമെന്ന് അയാള്‍ക്ക് അറിയില്ല.

ഒരു ടാക്‌സി ഡ്രൈവര്‍ എന്ന നിലയില്‍, ഇന്ധനമാണ് അയാളുടെ ജീവശ്വാസം. ഒരു ടാങ്കര്‍ ഉടന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സദാശിവം. എന്നാല്‍ ശ്രീലങ്കയില്‍ ഇപ്പോള്‍ പെട്രോള്‍ വിതരണമൊന്നുമില്ല. എങ്കിലും പെട്രോള്‍ പമ്പുകളുടെ മുമ്പില്‍ ആളുകള്‍ ക്യൂവിലാണ്. ഇടയ്‌ക്കെപ്പോഴെങ്കിലും വിതരണം നടന്നാല്‍ പെട്രോള്‍ വാങ്ങാനാണത്.

‘ഞാന്‍ ഈ കാറില്‍ കിടന്നുറങ്ങുകയാണ്. ചിലപ്പോള്‍ ഭക്ഷണം കഴിക്കാന്‍ പോകും, പിന്നെ വീണ്ടും തിരികെ വന്ന് കാത്തിരിക്കും. ദിവസങ്ങളായി ഞാന്‍ കുളിച്ചിട്ടില്ല’. സദാശിവം പറയുന്നു. കാരണം പെട്രോളിനായി കാത്തിരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. ‘എനിക്ക് എന്റെ കുടുംബത്തെയും ഭാര്യയെയും രണ്ട് കുട്ടികളെയും നോക്കണം. ഇന്ധനമുണ്ടെങ്കില്‍ മാത്രമേ എനിക്ക് എന്റെ ജീവിതമാര്‍ഗമായ ക്യാബ് ഓടിച്ച് ജീവിക്കാന്‍ കഴിയൂ. ഇന്ധനം ലഭിക്കാന്‍ ഒരാഴ്ച എടുത്താലും കാത്തിരിക്കണം. വേറെ ക്യൂവില്‍ പോകുക എന്നത് പ്രായോഗികമല്ല. ഗ്യാസോ പെട്രോളോ ഇല്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. ഞങ്ങള്‍ വലിയ കുഴപ്പത്തിലാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യൂവില്‍ മിസ്റ്റര്‍ സദാശിവം ഒറ്റയ്ക്കല്ല. പ്രധാന റോഡിലെ ഇന്ധന പമ്പിലേയ്ക്കുള്ള ക്യൂ ഏകദേശം 2 കിലോമീറ്റര്‍ (1.2 മൈല്‍) വരെ നീളുന്നു. ഒരേസമയം നാല് സമാന്തര ക്യൂകള്‍. ഒന്ന് കാറുകള്‍ക്ക്, ഒന്ന് ബസുകള്‍ക്കും ട്രക്കുകള്‍ക്കും, മറ്റൊന്ന് മോട്ടോര്‍ ബൈക്കുകള്‍ക്ക്. ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണുകളുമുണ്ട്. മിക്ക പെട്രോള്‍ സ്റ്റേഷനുകളും ഒരേസമയം 150 ടോക്കണുകള്‍ മാത്രമേ നല്‍കുന്നുള്ളൂ.

കുറഞ്ഞത് രണ്ടാഴ്ചയെങ്കിലുമായി ഇന്ധനത്തിന്റെ അന്താരാഷ്ട്ര കയറ്റുമതികളൊന്നും നടക്കാത്തതിനാല്‍ ദ്വീപിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് തലസ്ഥാനമായ കൊളംബോയിലേക്ക് ഇന്ധനം എത്താറുണ്ട്. അതുകൊണ്ട് അവിടെ ഇപ്പോഴും കുറച്ച് കരുതല്‍ ശേഖരമുണ്ട്. എന്നാല്‍ അവയുടെ വിതരണം വളരെ കുറവാണ്. ശ്രീലങ്കയിലെ സൈനിക അംഗങ്ങള്‍ ശൂന്യമായ പമ്പുകള്‍ക്ക് കാവല്‍ നില്‍ക്കുകയാണ്.

ചില ഇന്ധന സ്റ്റേഷനുകള്‍ അവശ്യ സേവനങ്ങളായ ആരോഗ്യ സംരക്ഷണം, ഭക്ഷ്യ വിതരണം, പൊതുഗതാഗതം എന്നിവയ്ക്ക് മാത്രമേ ഇന്ധനം വിതരണം ചെയ്യുന്നുള്ളൂ. മറ്റുള്ളവ കര്‍ശനമായ റേഷനിംഗ് സ്‌കീമിന് കീഴില്‍ പൊതുജനങ്ങള്‍ക്ക് വളരെ കുറഞ്ഞ അളവില്‍ മാത്രം ഇന്ധനം നല്‍കുന്നു.

ഇന്ധന സ്രോതസ്സുകള്‍ കണ്ടെത്താന്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ സര്‍ക്കാര്‍ സഹായത്തിനായി റഷ്യയെ സമീപിച്ചു. വിലകുറഞ്ഞ എണ്ണ വാങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഒരു പ്രതിനിധി സംഘം വാരാന്ത്യത്തില്‍ മോസ്‌കോയില്‍ എത്തും. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ വ്ളാഡിമിര്‍ പുടിന് കത്തയച്ചിട്ടുണ്ട്.

 

 

 

Latest News