Wednesday, January 22, 2025

ദൈനംദിന ജീവിതം താറുമാറാക്കി ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി

ശ്രീലങ്കയിലെ ജനങ്ങള്‍ വലിയ ദുരന്തത്തിലാണ്. മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന പവര്‍ കട്ടുകള്‍ ചൂടുള്ള രാത്രിയിലെ അവരുടെ ഉറക്കത്തെ പോലും തടസപ്പെടുത്തുന്നു. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തിയെങ്കിലും അവിടുത്തെ ജനങ്ങള്‍ക്ക് ഇനിയും മുന്നോട്ട് ജീവിക്കേണ്ടതുണ്ട്, ജോലി ചെയ്യേണ്ടതുണ്ട്, അവശ്യ വസ്തുക്കള്‍ വാങ്ങേണ്ടതുണ്ട്. പക്ഷേ അവശ്യവസ്തുക്കള്‍ക്കെല്ലാം കഴിഞ്ഞ മാസത്തെ വിലയുടെ ഇരട്ടി വിലയാണിപ്പോള്‍.

അതുകൊണ്ടുതന്നെ കഴിഞ്ഞ ആഴ്ചയേക്കാള്‍ അല്‍പ്പം കൂടുതല്‍ തകര്‍ച്ചയിലാണ് ജനജീവിതം. നഗരങ്ങളിലെ മുഴുവന്‍ പ്രാന്തപ്രദേശങ്ങളിലും ഇന്ധന ക്യൂകള്‍ നിറഞ്ഞിരിക്കുകയാണ്. ദിവസം ചെല്ലുന്തോറും അതിന്റെ നീളം കൂടുന്നു. റോഡുകളെ ശ്വാസം മുട്ടിക്കുന്നതും ഉപജീവനമാര്‍ഗങ്ങളെ തകര്‍ക്കുന്നതുമാണ് ഈ വരികള്‍.

തലയിണകളും വസ്ത്രങ്ങളും വെള്ളവും കൊണ്ടാണ് പലരും ക്യൂവിലേക്ക് എത്തുന്നത്. കാരണം എത്ര ദിവസം ക്യൂവില്‍ ചിലവഴിക്കേണ്ടി വരുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനാവില്ല. അടുത്തിടെ വരെ ഇടത്തരക്കാരും സമ്പന്നരുമായ ആളുകള്‍ അവരുടെ അയല്‍പക്കങ്ങളില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഭക്ഷണ പാക്കറ്റുകളും ശീതളപാനീയങ്ങളും എത്തിച്ചുകൊടുത്തിരുന്നു. പക്ഷേ ഈയിടെയായി, ഭക്ഷണച്ചെലവ്, പാചക വാതകം, വസ്ത്രങ്ങള്‍, ഗതാഗതം, വൈദ്യുതി തുടങ്ങിയവ പോലും ലഭിക്കാതായതോടെ സമ്പന്നരും ദാനം ചെയ്യല്‍ അവസാനിപ്പിച്ചു.

ദക്ഷിണേഷ്യയിലുടനീളമുള്ള ഭക്ഷണത്തിലെ പ്രധാന വിഭവമായ പരിപ്പ് പോലും ആഡംബരവസ്തുവായി മാറിയിരിക്കുന്നു. മാംസത്തിന് പഴയ വിലയുടെ മൂന്നിരട്ടി കൊടുക്കണം. ഡീസല്‍ ഇല്ലാത്തതിനാല്‍ ബോട്ടുകള്‍ കടലില്‍ പോകുന്നില്ല. അതുകൊണ്ടുതന്നെ മത്സ്യത്തിനും അമിത വിലയാണ്. മീന്‍ പിടിക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ മത്സ്യം ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വലിയ വിലയ്ക്ക് വില്‍ക്കുന്നു.

ശ്രീലങ്കന്‍ കുട്ടികളില്‍ ഭൂരിഭാഗവും ഇപ്പോള്‍ പോഷകാഹാര കുറവ് നേരിടുന്നു. ഇറക്കുമതി ചെയ്യുന്ന പാല്‍പ്പൊടി പോലും മാസങ്ങളായി മാര്‍ക്കറ്റില്‍ ലഭ്യമല്ല. യുഎന്‍ ഇവിടുത്തെ പോഷകാഹാരക്കുറവിനെയും മാനുഷിക പ്രതിസന്ധിയെയും കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

യാത്ര അത്യാവശ്യമായി വരുന്നവരെല്ലാം ബസുകളിലും ട്രെയിന്‍ ബോഗികളിലുമാണ് യാത്ര ചെയ്യുന്നത്. വലിയ തിരക്കാണ് പൊതുഗതാഗതങ്ങളിലെല്ലാം അനുഭവപ്പെടുന്നത്. സാമ്പത്തിക തകര്‍ച്ചയുടെ ഏറ്റവും മോശമായവ അനുഭവിക്കേണ്ടത് ഇടത്തരക്കാരും തൊഴിലാളിവര്‍ഗങ്ങളുമാണ്.

സ്വകാര്യ ആശുപത്രികള്‍ ചിലതെല്ലാം പ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും പല മരുന്നുകളും ലഭ്യമല്ല. പല ജീവന്‍രക്ഷാ മരുന്നുകളും വാങ്ങാന്‍ കഴിയുന്നില്ല. കൃത്യമായ ചികിത്സ ലഭിക്കാത്തതിനാല്‍ അനേകം മരണങ്ങളും സംഭവിക്കുന്നുണ്ട്.

രാത്രി ഏറെ നേരത്തേയ്ക്ക് പവര്‍ കട്ട്, ലഘുക്ഷഭണം മാത്രം കഴിച്ചുള്ള അതിജീവനം, മാതാപിതാക്കള്‍ക്കും മക്കള്‍ക്കും അവരുടെ മരുന്നുകളോ പോഷകാഹാരങ്ങളോ നല്‍കാന്‍ കഴിയാത്ത അവസ്ഥ, കുട്ടികള്‍ക്ക് അര്‍ഹിക്കുന്ന വിദ്യാഭ്യാസവും നഷ്ടമാകുന്നു. ഇന്ധനമില്ലാത്തതിനാല്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ക്ലാസുകള്‍ ഓണ്‍ലൈനിലാണ്. പ്രതിസന്ധി നേരിടാന്‍ ധൈര്യമില്ലാത്തവര്‍ ചിലര്‍ ആത്മഹത്യയും ചെയ്യുന്നു.

സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചതുപോലെ, 2019 ലെ വന്‍തോതിലുള്ള നികുതിയിളവുകളാണ് ശ്രീലങ്കയുടെ ഖജനാവ് ശൂന്യമാകുന്നതിലേക്ക് നയിച്ചത്. വാഗ്ദാനം ചെയ്തവ നല്‍കാന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു. എങ്കിലും എത്രയുംവേഗം ഈ ദുരിതത്തില്‍ നിന്നുള്ള മോചനത്തിനായി കാത്തിരിക്കുകയാണ് ശ്രീലങ്കന്‍ ജനത.

 

Latest News