Monday, November 25, 2024

നാടോടി ഭക്ഷണ സംസ്‌കാരത്തിന്റെ രുചി ലോകത്തിന് സമ്മാനിച്ചുകൊണ്ട് ചരിത്രം സൃഷ്ടിക്കുന്ന ഷെഫ് ഫത്മാത ബിന്റ

ഫാത്മാത ബിന്റയ്ക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് പാചകത്തോടുള്ള അവളുടെ അഭിനിവേശം. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സിയറ ലിയോണില്‍ ജനിച്ച ബിന്റ ആഫ്രിക്കയിലെ ഏറ്റവും വലിയ നാടോടി വിഭാഗങ്ങളിലൊന്നായ ഫുലാനി ജനതയുടെ ആചാരങ്ങള്‍ പഠിച്ചാണ് വളര്‍ന്നത്. പരമ്പരാഗത ഫുലാനി ഭക്ഷണം തയ്യാറാക്കാന്‍ അമ്മയെയും മുത്തശ്ശിയെയും സഹായിക്കുന്നതിനായി തന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും അടുക്കളയില്‍ ചെലവഴിച്ചതായി അവള്‍ ഓര്‍ക്കുന്നു. ‘എന്റെ അമ്മയും മുത്തശ്ശിയും ഭക്ഷണത്തിലൂടെ ആളുകളെ ഒരുമിപ്പിക്കുന്നത് കണ്ടാണ് ഞാന്‍ വളര്‍ന്നത്’. അവള്‍ പറഞ്ഞു.

ഇപ്പോള്‍ ഘാനയുടെ തലസ്ഥാന നഗരമായ അക്ര ആസ്ഥാനമാക്കി, 37 വയസ്സുള്ള ബിന്റ ആ ഭക്ഷണ പാരമ്പര്യം പിന്തുടരുന്നു. 2018-ല്‍, അവള്‍ ‘ഡൈന്‍ ഓണ്‍ എ മാറ്റ്’ – യൂറോപ്പ്, യുഎസ്, ആഫ്രിക്ക എന്നിവിടങ്ങളിലെ നഗരങ്ങളിലേക്ക് യാത്ര ചെയ്ത് ഒരു പോപ്പ്-അപ്പ് റെസ്റ്റോറന്റ് ആരംഭിച്ചു. ഇത് ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഭക്ഷണകാര്യത്തിലെ അവളുടെ ഗൃഹസംസ്‌കാരം അനുഭവിക്കാന്‍ അവസരം നല്‍കുന്നു. ഘാനയിലും പശ്ചിമാഫ്രിക്കയിലുടനീളമുള്ള ഗ്രാമീണ സമൂഹങ്ങളിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി അവര്‍ ഫുലാനി കിച്ചണ്‍ ഫൗണ്ടേഷനും ആരംഭിച്ചു.

ആ ഉദ്യമങ്ങള്‍ ബിന്റയെ ഇന്നുവരെയുള്ള അവളുടെ ഏറ്റവും ഉയര്‍ന്ന ബഹുമതികളില്‍ ഒന്ന് സ്വീകരിക്കാന്‍ അര്‍ഹയാക്കി. ജൂണില്‍, അവള്‍ ബാസ്‌ക് കുക്കിംഗ് വേള്‍ഡ് പ്രൈസ് നേടി. സ്‌പെയിനിലെ നെയിംസേക്ക് പാചക കേന്ദ്രം 2016 ല്‍ രൂപീകരിച്ച ഈ അവാര്‍ഡ്, ഭക്ഷണത്തിലൂടെ സമൂഹത്തെ മാറ്റിമറിക്കാന്‍ അവരുടെ കഴിവും സര്‍ഗ്ഗാത്മകതയും ഉപയോഗിക്കുന്ന ഒരു ഷെഫിന് നല്‍കുന്നതാണ്. ഡൈന്‍ ഓണ്‍ എ മാറ്റിലൂടെ സുസ്ഥിര നാടോടികളുടെ പാചക സംസ്‌കാരം പ്രദര്‍ശിപ്പിക്കാനും പശ്ചിമാഫ്രിക്കന്‍ പാചകരീതി പ്രചരിപ്പിക്കാനുമുള്ള കഴിവ് പരിഗണിച്ചാണ് 1,000 നോമിനികളില്‍ നിന്ന് ബിന്റയെ തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ പറഞ്ഞു.

ഈ അഭിമാനകരമായ കിരീടം നേടുന്ന ആദ്യത്തെ ആഫ്രിക്കക്കാരി എന്ന നിലയില്‍, എനിക്ക് മാത്രമല്ല, മറ്റ് പാചകക്കാര്‍ക്കും തിരശ്ശീലയ്ക്ക് പിന്നില്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കും പ്രചോദനവും പ്രോത്സാഹനവുമാണെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ബിന്റ പറഞ്ഞു. കൂടുതല്‍ രാജ്യങ്ങളിലേക്ക് തന്റെ ഡൈന്‍ ഓണ്‍ എ മാറ്റ് അനുഭവം വ്യാപിപ്പിക്കാനും ധാരാളം ആഫ്രിക്കന്‍ പാചകക്കാരുമായി സഹകരിക്കാനും ആഗ്രഹിക്കുന്നതായി ബിന്റ പറഞ്ഞു.

ഫുലാനി പാചകരീതി

ഏകദേശം 20-45 ദശലക്ഷം ഫുലാനി ജനത പശ്ചിമാഫ്രിക്കയിലുടനീളമുണ്ട്. ബിന്റെ വിളമ്പുന്ന ഓരോ വിഭവവും അവളുടെ ഫുലാനി പൈതൃകത്തെ പ്രതിനിധീകരിക്കുന്നു.

വെയിലില്‍ ഉണക്കിയ പച്ചക്കറികളും ഫോണിയോ, മില്ലറ്റ് തുടങ്ങിയ പുരാതന ധാന്യങ്ങളും ഉള്‍പ്പെടുന്ന അവരുടെ സസ്യാധിഷ്ഠിത പാചകരീതിയെ അവരുടെ നാടോടികളായ ജീവിതശൈലി വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ബിന്റ പറയുന്നു. ഫുലാനി മൂപ്പന്മാരുമായി കുട്ടിക്കാലത്ത് ഭക്ഷണം പങ്കിടുന്നത് അവള്‍ ഓര്‍മ്മിച്ചു. ഭക്ഷണ സമയത്ത് അവര്‍ പായകളില്‍ ഇരുന്ന് ധാര്‍മ്മികതയെയും മൂല്യങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്തിരുന്നതായി അവള്‍ പറയുന്നു.

‘അത്തരം സംസ്‌കാരം പതുക്കെ അപ്രത്യക്ഷമാകുന്നത് കാണുന്നത് എന്റെ ഹൃദയം തകര്‍ക്കുന്നു. ഇപ്പോള്‍ എല്ലാവരും തിരക്കിലാണ്. നമുക്ക് തിരികെ നമ്മുടെ വേരുകളിലേക്ക് പോകാം. കാരണം ഭക്ഷണ പാരമ്പര്യങ്ങളുമായി നാമെല്ലാവരും സ്വയം ബന്ധിപ്പിക്കണമെന്ന് എനിക്ക് തോന്നുന്നു’. ബിന്റ പറഞ്ഞു.

ഫുലാനി കമ്മ്യൂണിറ്റികള്‍ സന്ദര്‍ശിക്കുമ്പോള്‍ പഠിക്കുന്ന പരമ്പരാഗത പാചകരീതികളില്‍ ബിന്റ ഒരു ആധുനിക ട്വിസ്റ്റ് നല്‍കുന്നു. അതുപൊലൊരു യാത്രയില്‍, പ്രാദേശിക ഗ്രാമീണര്‍ അവളെ പശുവിന്‍ പാല്‍ ഉപയോഗിച്ച് വാഗാഷി (മൃദുവായ ചീസ്) ഉണ്ടാക്കാന്‍ പഠിപ്പിച്ചു. അവള്‍ പിന്നീട് അതിനെ വാഴപ്പഴവും തേനും ചേര്‍ത്ത് ഗ്രില്‍ ചെയ്ത് മറ്റൊരു വിഭവമാക്കി. താന്‍ വിളമ്പുന്ന ഭക്ഷണത്തെക്കുറിച്ച് ഡൈനേഴ്‌സ് പായകളില്‍ ഇരുന്ന് കൈകൊണ്ട് ഭക്ഷണം കഴിക്കുമ്പോള്‍ ബിന്റെ ഓരോ വിഭവവും വിശദീകരിക്കും.

ഭക്ഷണത്തിന് ഒരു സാര്‍വത്രിക ഭാഷ ഉണ്ടെന്നും ഭക്ഷണം ഒരു പാത തുറക്കുന്നുവെന്നും അവള്‍ വിശ്വസിക്കുന്നു. പായകളില്‍ ഇരിക്കുന്നത്, ആളുകളെ അടിസ്ഥാനം ബോധ്യപ്പെടുത്തുകയും അനുകമ്പയുള്ള ഹൃദയം അവര്‍ക്ക് നല്‍കുകയും ചെയ്യുന്നുവെന്നും അവള്‍ കരുതുന്നു.

ഫുലാനി സ്ത്രീകളുടെ ശാക്തീകരണം

‘ഡൈന്‍ ഓണ്‍ എ മാറ്റ്’ ല്‍ നിന്നുള്ള വരുമാനം ബിന്റയുടെ ഫുലാനി കിച്ചന്‍ ഫൗണ്ടേഷനിലേക്കാണ് പോകുന്നത്. ‘സ്ത്രീകള്‍ സമൂഹത്തില്‍ ഇടപെടണമെന്നും പ്രതീക്ഷിക്കാനും ജീവിക്കാനും എന്തെങ്കിലും സമ്പാദിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു’. അവള്‍ പറഞ്ഞു.

തനിക്ക് 16 വയസ്സുള്ളപ്പോള്‍ കൊണ്ടുവന്ന വിവാഹാലോചന താന്‍ ഒഴിവാക്കിയെന്നും അന്നുമുതല്‍ പെണ്‍കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കുന്നതിനെതിരെ വാദിച്ചിട്ടുണ്ടെന്നും ബിന്റ പറഞ്ഞു.

ഫുലാനി കമ്മ്യൂണിറ്റികളിലുടനീളമുള്ള സ്ത്രീകളെ അവരുടെ സാമൂഹികവും വിദ്യാഭ്യാസപരവും സാമൂഹികവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെ ശാക്തീകരിക്കുകയാണ് അവളുടെ ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. ഇതുവരെ, ഘാനയിലെ 12 ഗ്രാമങ്ങളിലായി 300-ലധികം കുടുംബങ്ങളെ ഫൗണ്ടേഷന്‍ സഹായിച്ചിട്ടുണ്ട്.

വടക്കന്‍ ഘാനയിലെ ദബോയയിലേക്ക് മാറാന്‍ താന്‍ പദ്ധതിയിടുകയാണെന്ന് ഇപ്പോള്‍ ബിന്റ പറയുന്നു. അവിടെ ഫുലാനി സ്ത്രീകളെ പിന്തുണയ്ക്കുന്നതിനായി ഒരു കമ്മ്യൂണിറ്റി സെന്റര്‍ നിര്‍മ്മിക്കുന്നതിനായി അവള്‍ നാല് ഏക്കര്‍ സ്ഥലം വാങ്ങി. ‘സ്ത്രീകളെ നല്ല രീതിയില്‍ സ്വാധീനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതുവഴി ഈ പെണ്‍കുട്ടികള്‍ക്ക് സ്വയം വളരെയധികം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് അവര്‍ക്ക് മനസിലാക്കി കൊടുക്കണം’. ബിന്റ പറഞ്ഞു.

 

 

Latest News