രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ട് നിൽക്കുന്ന സമയം. അന്ന് യുദ്ധത്തിൽ പങ്കെടുത്തുകൊണ്ടരിക്കുന്ന സൈനികരുടെ വിശേഷങ്ങൾ അവരുടെ പ്രിയപ്പെട്ടവർ അറിയുന്നത് വല്ലപ്പോഴും കിട്ടുന്ന കത്തുകളിൽ കൂടെയായിരുന്നു. എന്നാൽ യുദ്ധം ഏതാണ്ട് പകുതി പിന്നിട്ടു കഴിഞ്ഞപ്പോൾ ഈ കത്തുകൾ കൃത്യമായി എത്തേണ്ടിടത്ത് എത്തിക്കുന്നതിൽ അധികാരികൾക്ക് വീഴ്ചപറ്റി. അവ കുമിഞ്ഞു കൂടി. ഈ സമയം നിയമിതമായ 6888 ബറ്റാലിയനിലൂടെ കത്തുകൾ വീണ്ടും കഥപറയുവാൻ ആരംഭിച്ചു.
ഒരുകാലത്ത് സൈനികരുടെയും പ്രിയപ്പെട്ടവരുടെയും പ്രതീക്ഷകൾ പേറിയെത്തിയ ആ കത്തുകൾക്ക് പിന്നിൽ പ്രവർത്തിച്ച 6888 ബറ്റാലിയനിൽ അംഗമായിരുന്നു 102 കാരിയായ റോമേ ഡേവിസ്. ജോലിയിൽ ആയിരുന്ന സമയം നേരിടേണ്ടി വന്ന അവഗണനകൾ ഏറെയായിരുന്നു എങ്കിലും ഇന്ന് റോമേ ഡേവിസ് സന്തോഷിക്കുകയാണ്. വൈകിയാണെങ്കിലും അന്നത്തെ ആ സേവനങ്ങളുടെ പേരിൽ വന്നെത്തിയ ബഹുമതി തന്റെ സഹപ്രവർത്തകർക്കായി വാങ്ങുകയാണ് ഈ മുത്തശ്ശി.
വൈകിവന്ന ആദരവ്
യുദ്ധസമയത്ത് ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ കഴിയാത്ത കത്തുകളും പാക്കേജുകളും മല പോലെ കുമിഞ്ഞു കൂടിയപ്പോൾ, ആ ജോലി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന കറുത്ത വർഗ്ഗക്കാരായ സ്ത്രീകൾ മാത്രമുള്ള 6888-ാമത്തെ സെൻട്രൽ പോസ്റ്റൽ ഡയറക്ടറി ബറ്റാലിയന്റെ മേൽ വന്നു ചേർന്നു. വംശീയമായി വേർതിരിക്കപ്പെട്ട, ഏറ്റവും കൂടുതൽ കറുത്ത വർഗ്ഗക്കാരുള്ള ബറ്റാലിയനായിരുന്നു അത്. യുദ്ധം അവസാനിച്ച ഏകദേശം എട്ട് പതിറ്റാണ്ടുകൾക്ക് ശേഷം യൂണിറ്റിലെ ഏറ്റവും പ്രായം കൂടിയ അംഗമായ വിർജീനിയ സ്വദേശിനിയെ ആദരിക്കുകയാണ് ഇപ്പോൾ അമേരിക്കൻ ജനത.
“സിക്‌സ് ട്രിപ്പിൾ എയ്റ്റ്” എന്ന് വിളിപ്പേരുള്ള യൂണിറ്റിന് കോൺഗ്രെഷണൽ ഗോൾഡ് മെഡലിന് അംഗീകാരം നൽകുന്ന ബില്ലിൽ ഒപ്പിടാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തെത്തുടർന്നാണ് ഒരു പൊതു പരിപാടിയിൽ 102 കാരിയായ റോമേ ഡേവിസിനെ ആദരിച്ചത്. ചടങ്ങിൽ ഡേവിസിന് ഫലകവും തന്റെ മോഷണം പോയ യൂണിഫോമിന് പകരമായി പുതിയൊരു യൂണിഫോമും സമ്മാനിച്ചു.
“എനിക്ക് ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,” എന്നാണ് ചടങ്ങിന് ശേഷം ഡേവിസ് പ്രതികരിച്ചത്.
യൂണിറ്റിന് അംഗീകാരം ലഭിച്ചതിലും ഇതിനകം അന്തരിച്ച മറ്റ് അംഗങ്ങൾക്ക് വേണ്ടിയും താൻ ഈ ചടങ്ങിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും അവർ അറിയിച്ചു. സമ്മാനിക്കേണ്ട സ്വർണ മെഡലുകൾ തയ്യാറാകാൻ ഇനിയും മാസങ്ങൾ എടുക്കും. പക്ഷേ ഡേവിസിന്റെയും യൂണിറ്റിലെ ജീവിച്ചിരിക്കുന്ന മറ്റ് അഞ്ച് അംഗങ്ങളുടെയും പ്രായം കണക്കിലെടുത്ത് പരിപാടികളുമായി മുന്നോട്ട് പോകാൻ യു.എസ് ഭരണാധികാരികൾ തീരുമാനിക്കുകയായിരുന്നു.
അധിക്ഷേപങ്ങൾക്ക് നടുവിലും സേവനസന്നദ്ധരായ 6888 ബറ്റാലിൻ
തന്റെ അഞ്ചു സഹോദന്മാരുടെ പാത പിന്തുടർന്ന് 1943 ലാണ് ഡേവിസ് ആർമിയിൽ ചേരുന്നത്. യുദ്ധത്തിന് ശേഷം വിവാഹിതയായി. ന്യൂയോർക്കിൽ ഫാഷൻ ഇൻഡസ്ട്രിയിൽ 30 വർഷത്തോളം ജോലി ചെയ്‌തു. 70 വയസിനു ശേഷം ആയോധനകലയിൽ ബ്ലാക്ക് ബെൽറ്റ് നേടുകയും ചെയ്‌തു. തുടർന്ന് 101 വയസ്സ് വരെ, ഏതാണ്ട് രണ്ട് പതിറ്റാണ്ടിലേറെക്കാലം മോണ്ട്ഗോമറിയിലെ ഒരു പലചരക്ക് കടയിൽ വീണ്ടും ജോലി ചെയ്‌തു. ആഫ്രിക്കൻ-അമേരിക്കൻ നഴ്‌സുമാരുടെ ചെറിയ ഗ്രൂപ്പുകളിലും ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും, രേഖകൾ പ്രകാരം, അവയെക്കാളൊക്കെ വലിപ്പത്തിലും ശക്തിയിലും 6888 ആയിരുന്നു വലുത്.
1943-ൽ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് നിയമിച്ച വിമൻസ് ആർമി കോർപ്‌സിന്റെ ഭാഗമായിരുന്നു ഡേവിസിന്റെ യൂണിറ്റ്. വംശീയ വേർതിരിവ് നിലനിന്നിരുന്ന അക്കാലത്ത്, പ്രഥമ വനിത എലീനർ റൂസ്‌വെൽറ്റിന്റെയും പൗരാവകാശ പ്രവർത്തക മേരി മക്‌ളൗഡ് ബെഥൂനിന്റെയും നിർബന്ധപ്രകാരമായിരുന്നു 6888 ന്റെ നിയമനം.
1945 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി തുടങ്ങിയ 6888-ാമത് യൂണിറ്റിൽ 800-ലധികം കറുത്തവർഗ്ഗക്കാരായ സ്ത്രീകൾ ഉണ്ടായിരുന്നു. ഇംഗ്ലണ്ടിൽ എത്തിച്ചേർന്ന അവർ നേരിട്ടത് കത്തുകളുടെ കൂമ്പാരങ്ങൾ മാത്രമല്ല, വംശീയ അധിക്ഷേപവും ലിംഗവിവേചനവുമാണ്. ചരിത്രമനുസരിച്ച് അവർക്ക് അമേരിക്കൻ റെഡ് ക്രോസ് ക്ലബ്ബിലേക്കും ഹോട്ടലുകളിലേക്കും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു.
രാപകലില്ലാതെ സേവനം ചെയ്ത അവർ ഒരു ഷിഫ്റ്റിൽ 65,000 കത്തുകൾ പ്രോസസ്സ് ചെയ്യുന്ന ഒരു പുതിയ ട്രാക്കിംഗ് സിസ്റ്റം വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഇതവരെ ആറു മാസത്തോളമായി വിതരണം ചെയ്യാതെ കൂടി കിടന്ന കത്തുകൾ മൂന്ന് മാസം കൊണ്ട് തീർക്കുവാൻ സഹായിച്ചു.
യൂറോപ്പിലെ യുദ്ധം അവസാനിച്ച് ഒരു മാസത്തിനുശേഷം, 1945 ജൂണിൽ, സംഘം ഫ്രാൻസിലേക്ക് കപ്പൽ കയറി. അവിടെയുള്ള തപാൽ കൂമ്പാരങ്ങൾ ക്ലിയർ ചെയ്യുകയായിരുന്നു ലക്ഷ്യം. വംശീയ ലിംഗ വിവേചനങ്ങളിൽ നിന്നും മോചിതരായ ഫ്രഞ്ചുകാരിൽ നിന്ന് വളരെ നല്ല സ്വീകരണമാണ് അവർക്ക് അവിടെ ലഭിച്ചത്. “ഞങ്ങളെ വെറുക്കുന്ന ഒരു യൂറോപ്യന്മാരെയും ഞാൻ അവിടെ കണ്ടില്ല. ഞങ്ങൾ അവിടെ എത്തിച്ചേർന്നതിൽ അവർ സന്തോഷിക്കുകയാണ് ഉണ്ടായത്,” ഡേവിസ് ഓർത്തെടുത്തു. 2018-ൽ ബഫല്ലോ സോൾജിയർ മിലിട്ടറി പാർക്കിൽ യൂണിറ്റിന്റെ പേരിൽ ഒരു സ്മാരകം നിർമിച്ചും അമേരിക്കൻ ജനത ഈ വനിതാ പോരാളികളെ ആദരിച്ചിരുന്നു.