ഹോട്ടൽ ഭക്ഷണപ്പൊതികളിലും ബേക്കറി പലഹാരങ്ങളിലും സ്റ്റാപ്ലർ പിന്നുകൾ, കമ്പികൾ, ലോഹ വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നത് ഉടനടി നിർത്തലാക്കണമെന്ന് രാജ്യത്തെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ അതോറിറ്റിയായ എഫ്.എസ്.എസ്.എ.ഐ (FSSAI) കർശന നിർദ്ദേശം നൽകി. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്ന പശ്ചാത്തലത്തിലാണ് റെഗുലേറ്റർ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്.
ഡെക്കറേഷൻ കേക്കുകൾ, പലഹാരപ്പൊതികൾ, സ്വീറ്റ് ബോക്സുകൾ, സ്നാക്ക് പാക്കറ്റുകൾ, പാർസൽ കവറുകൾ എന്നിവ സീൽ ചെയ്യാനും കെട്ടിവെക്കാനും വ്യാപകമായി ലോഹ പിന്നുകളും കമ്പികളും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. കേക്കുകളിലും ഭക്ഷണപ്പൊതികളിലും സ്റ്റാപ്ലർ പിന്നുകൾ തുളച്ചുകയറിയ നിലയിൽ കണ്ടെത്തിയ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഇത്തരം ലോഹ വസ്തുക്കൾ ഉള്ളിൽച്ചെന്നാൽ ആന്തരിക അവയവങ്ങൾക്ക് മുറിവേൽക്കാനും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
എല്ലാത്തരം ഭക്ഷ്യ വിതരണക്കാരും, ബേക്കറി ഉടമകളും, ടേക്ക് എവേ കൗണ്ടറുകളും ഈ നിർദ്ദേശം അടിയന്തിരമായി നടപ്പിലാക്കണമെന്ന് എഫ്.എസ്.എസ്.എ.ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അമിത് ശർമ്മ ഒപ്പുവെച്ച ഉത്തരവിൽ വ്യക്തമാക്കുന്നു. നിർദ്ദേശം ലംഘിച്ച് മുന്നോട്ട് പോകുന്ന സ്ഥാപനങ്ങൾക്കെതിരെ 2006-ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമപ്രകാരം കടുത്ത പിഴയും നിയമനടപടികളും സ്വീകരിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.

