Monday, June 15, 2026

ഹിമാലയൻ മലനിരകൾ തകർച്ചയിലേക്ക്; ഹിമാനികൾ ഉരുകിത്തീരുന്നതിൽ ശാസ്ത്രജ്ഞർക്ക് കടുത്ത ആശങ്ക

ഭൂമിയുടെ ‘മൂന്നാം ധ്രുവം’ എന്ന് വിളിക്കപ്പെടുന്ന ഹിമാലയൻ മലനിരകൾ കടുത്ത പരിസ്ഥിതി നാശത്തെ നേരിടുന്നതായി പരിസ്ഥിതി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ആഗോളതാപനവും വൻതോതിലുള്ള പ്ലാസ്റ്റിക് മലിനീകരണവും കാരണം ഹിമാലയത്തിലെ മഞ്ഞുപാളികൾ അതിവേഗം ഉരുകി മാറിക്കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞനായ പ്രൊഫസർ എസ് പി സതി വ്യക്തമാക്കി. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ലഡാക്ക് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വൻതോതിൽ വിനോദസഞ്ചാരികൾ എത്തുന്നതുമൂലം ഉണ്ടാകുന്ന അമിതമായ സമ്മർദ്ദവും പ്രകൃതിയുടെ ഈ തകർച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ട്.

ഹിമാലയൻ മലനിരകളിൽ ചെറുതും വലുതുമായ പന്തീരായിരത്തോളം മഞ്ഞുപാളികളാണ് നിലവിലുള്ളതെന്നും ഇവയെല്ലാം തന്നെ പ്രതിവർഷം ഒന്ന് മുതൽ 20 മീറ്റർ വരെ നീളത്തിൽ ഉരുകി ചുരുങ്ങുകയാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. മുൻകാലങ്ങളിൽ ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശക്തമായി പെയ്തിരുന്ന മഞ്ഞ് ഇപ്പോൾ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലേക്ക് മാറിപ്പെയ്യുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ രീതിയിൽ മഞ്ഞുപെയ്യുന്ന സമയത്തിൽ ഉണ്ടായ മാറ്റം മഞ്ഞുപാളികളുടെ സ്വാഭാവികമായ വളർച്ചയെ പൂർണ്ണമായി ബാധിച്ചതായി ഹിമാലയൻ ജിയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോക്ടർ മനീഷ് മേത്ത ചൂണ്ടിക്കാണിച്ചു.

ഏഷ്യയിലെ പല പ്രമുഖ നദികളുടെയും പ്രധാന ഉറവിടമായ ഹിമാലയത്തിലെ ഈ തകർച്ച കേവലം മലനിരകളിൽ മാത്രം ഒതുങ്ങുന്ന ഒരു പ്രശ്നമല്ല. നദികളിലെ ഒഴുക്ക് കുറയുന്നത് താഴെത്തട്ടിൽ താമസിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള ലഭ്യതയെയും കൃഷിയെയും വരും ദിവസങ്ങളിൽ സാരമായി ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ പ്രകൃതിയിലെ ഈ വലിയ മാറ്റങ്ങൾ വരും വർഷങ്ങളിൽ വലിയ ദുരന്തങ്ങൾക്കും കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമാകുമെന്നാണ് ഗവേഷകർ നൽകുന്ന സുപ്രധാന മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News