അമേരിക്കയും ഇറാനും തമ്മിലുള്ള മാസങ്ങൾ നീണ്ട യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചരിത്രപരമായ സമാധാനക്കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രൂത്ത് സോഷ്യൽ മാധ്യമത്തിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കരാർ ഒപ്പുവെക്കുന്നതോടെ ലോകത്തെ പ്രധാന കപ്പൽ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് എല്ലാവർക്കുമായി തുറന്നുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, കരാർ ഒപ്പുവെക്കുന്ന തീയതിയെച്ചൊല്ലി ഇറാൻ വിദേശകാര്യ മന്ത്രാലയം സംശയം പ്രകടിപ്പിച്ചതോടെ അന്തിമ സമയക്രമത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഞായറാഴ്ച തന്നെ കരാർ ഒപ്പുവെക്കുമെന്ന ട്രംപിന്റെ അവകാശവാദത്തെ ഇറാൻ പൂർണ്ണമായി ശരിവെച്ചിട്ടില്ല. ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ഈ സമയക്രമത്തോട് ജാഗ്രതയോടെയാണ് പ്രതികരിച്ചത്.
“ധാരണാപത്രം ഒപ്പുവെക്കുന്ന കൃത്യമായ തീയതി അറിയാൻ നമ്മൾ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. അത് എന്തായാലും ഞായറാഴ്ച ആയിരിക്കില്ല,” ബഗായ് വ്യക്തമാക്കി. എങ്കിലും വരും ദിവസങ്ങളിൽ ഇത് സംഭവിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞതുമില്ല.

