Tuesday, June 16, 2026

ഫിഫ ലോകകപ്പ്: ഇറാന്റെ പഴയ വിപ്ലവപൂർവ്വ പതാകയ്ക്കുള്ള വിലക്ക് കോടതി ശരിവച്ചു; സ്റ്റേഡിയങ്ങളിൽ പ്രവേശനമില്ല

ഫിഫ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ ഇറാന്റെ പഴയ ‘വിപ്ലവപൂർവ്വ’ പതാകകൾ കൊണ്ടുവരുന്നതിന് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (FIFA) ഏർപ്പെടുത്തിയ വിലക്ക് യു. എസ്. കോടതി ശരിവെച്ചു. വിലക്കിനെതിരെ നൽകിയ ഹർജി തള്ളിക്കൊണ്ട് ലോസ് ആഞ്ചലസ് കൗണ്ടി സുപ്പീരിയർ കോർട്ട് ജഡ്ജി കർട്ടിസ് എ. കിൻ ആണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

ഇറാന് പുറത്ത് ഏറ്റവും കൂടുതൽ ഇറാനിയൻ വംശജർ താമസിക്കുന്ന ലോസ് ആഞ്ചലസിൽ, ന്യൂസിലൻഡിനെതിരെയുള്ള ഇറാന്റെ മത്സരത്തിന് തൊട്ടുമുമ്പായിരുന്നു കോടതിയുടെ ഈ ഉത്തരവ്. ഫിഫയുടെ വിലക്കിനെതിരെ താൽക്കാലിക സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വോയ്‌സ് ഓഫ് ലിബർട്ടി’, ഇറാനിയൻ ഫുട്ബോൾ ആരാധകനായ സാം കെർമാനിയൻ എന്നിവരാണ് കോടതിയെ സമീപിച്ചിരുന്നത്.

“അഭിപ്രായ സ്വാതന്ത്ര്യം എന്നത് അവിശ്വസനീയമാംവിധം പ്രാധാന്യമുള്ളതും നമ്മുടെ സമൂഹത്തിന്റെ അടിത്തറയുമാണ്. എന്നാൽ അതിന് ചില പരിമിതികളുണ്ട്. ഒരു സ്വകാര്യ വ്യക്തിയുടെ കീഴിലുള്ള സ്വകാര്യ സ്വത്തിൽ ന്യായമായ രീതിയിൽ നിയമങ്ങൾ നടപ്പിലാക്കാൻ അവർക്ക് അവകാശമുണ്ട്. അതിനാൽ ഈ അപേക്ഷ ഞാൻ നിരസിക്കുന്നു,” ഹർജി തള്ളിക്കൊണ്ട് ജഡ്ജി കർട്ടിസ് വ്യക്തമാക്കിയതായി കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്റ്റേഡിയങ്ങൾ എന്നത് പാർക്കുകളോ തെരുവുകളോ പോലെയുള്ള പൊതുസ്ഥലമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതി ഉത്തരവ് നിലനിൽക്കുമ്പോഴും, മത്സരം നടന്ന ‘സോഫി സ്റ്റേഡിയത്തിനുള്ളിൽ’ നിരവധി ആരാധകർ വിലക്കപ്പെട്ട പതാകകളുമായി എത്തിയിരുന്നു. നിലവിലെ ഇസ്ലാമിക് റിപ്പബ്ലിക് ചിഹ്നത്തിന് പകരം മധ്യത്തിൽ ‘സിംഹവും സൂര്യനും’ ആലേഖനം ചെയ്തതാണ് ഇറാന്റെ ഈ പഴയ പതാക.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News