കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍, രാജ്യത്തെ നിരവധി സ്ത്രീകളുടെ ജീവിതം ഒറ്റരാത്രികൊണ്ട് മാറി. സമാനമായി ഷബ്‌നം ദവ്റന്‍ എന്ന ടിവി അവതാരകയുടെ ജീവിതവും മാറിമറിഞ്ഞു. അവളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും ഉള്‍പ്പെടെ അവളുടെ കരിയറിന്റെ തന്നെ അവസാനമായിരുന്നു അത്. ഇപ്പോള്‍, ഏകദേശം ഒരു വര്‍ഷത്തിന് ശേഷം, അവള്‍ യുകെയില്‍ അഭയാര്‍ത്ഥിയായി ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണ്.
24 കാരിയായ ഷബ്‌നം തന്റെ കരിയറില്‍ മികച്ച രീതിയില്‍ വളര്‍ന്നുവരുന്ന പെണ്‍കുട്ടിയായിരുന്നു. 2021 ഓഗസ്റ്റ് 14 ന്, താലിബാന്‍ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ തലേന്ന് രാത്രിയിലും, റേഡിയോ ടെലിവിഷന്‍ അഫ്ഗാനിസ്ഥാനില്‍ അവള്‍ വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിച്ചിരുന്നു. പിറ്റേന്ന് രാവിലെ അവള്‍ ഉണര്‍ന്നപ്പോള്‍, കാബൂള്‍ തീവ്രവാദി സംഘത്തിന് കീഴിലായി.
തലേദിവസം രാത്രി ഷബ്നം ഇരുന്ന സ്റ്റുഡിയോയിലെ അതേ ഇരിപ്പിടത്തില്‍ ഒരു താലിബാന്‍ അംഗമാണ് അന്ന് വാര്‍ത്ത വായിക്കാന്‍ ഇരുന്നത്. അയാളുടെ പുറകില്‍ അവരുടെ ഗ്രൂപ്പിന്റെ കറുപ്പും വെളുപ്പും നിറത്തിലുള്ള പതാകയും ഒട്ടിച്ചിരുന്നു. അങ്ങനെ അവര്‍ ഒരു യുഗത്തിനു തന്നെ അന്ത്യം കുറിച്ചു.
തനിക്ക് ഏറ്റവും വിരോധാഭാസമായി തോന്നുന്നത്, ആദ്യ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍, ഒരു താലിബാന്‍ വക്താവ് മാധ്യമപ്രവര്‍ത്തകര്‍ നിറഞ്ഞ ഒരു മുറിയില്‍ വച്ച് പറഞ്ഞ കാര്യമാണെന്ന് ഷബ്‌നം പറയുന്നു. ‘സ്ത്രീകള്‍ക്ക് പുരുഷന്മാരുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം’. എന്നാണേ്രത അവരന്ന് പറഞ്ഞത്.
അതിന്റെ അടുത്ത ദിവസം, പരിഭ്രാന്തിയോടും എന്നാല്‍ പ്രതീക്ഷയോടും കൂടെ താന്‍ സാധാരണ ധരിക്കാറുള്ള വസ്ത്രങ്ങളും ധരിച്ച് ഷബ്‌നം ഓഫീസിലേക്ക് പോയി. എന്നാല്‍ അവള്‍ സ്റ്റുഡിയോയില്‍ എത്തിയ ഉടനെ താലിബാന്‍ പട്ടാളക്കാര്‍ അവളെ നേരിട്ടു. അവര്‍ കെട്ടിടത്തിന് കാവല്‍ നില്‍ക്കുകയായിരുന്നു. പുരുഷ തൊഴിലാളികളെ മാത്രമാണ് അകത്ത് പ്രവേശിക്കാന്‍ അനുവദിച്ചത്.
‘ഞങ്ങള്‍ ഇതുവരെ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല’ എന്ന് ഒരു സൈനികന്‍ തന്നോട് പറഞ്ഞതായി ഷബ്നം പറയുന്നു. മറ്റൊരു സൈനികന്‍ അവളോട് പറഞ്ഞു: ‘നിങ്ങള്‍ വേണ്ടത്ര ജോലി ചെയ്തു, ഇപ്പോള്‍ ഞങ്ങളുടെ സമയമാണ്’ എന്ന്.
ജോലി ചെയ്യാനുള്ള എല്ലാ അവകാശവും തനിക്കുണ്ടെന്ന് ഷംബ്‌നം പറഞ്ഞപ്പോള്‍, ഒരു പട്ടാളക്കാരന്‍ അയാളുടെ റൈഫിള്‍ അവളുടെ നേരെ ചൂണ്ടി, ട്രിഗറില്‍ വിരല്‍ വെച്ചുകൊണ്ട് പറഞ്ഞു: ‘ഒരു ബുള്ളറ്റ് മതിയാവും. നിങ്ങള്‍ പോകുന്നോ അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ വെടിവെക്കണോ’ എന്ന്.
തുടര്‍ന്ന് അവള്‍ തിരിച്ചു പോയി. പക്ഷേ ഈ ഏറ്റുമുട്ടല്‍ ഉള്‍പ്പെടുന്ന ഒരു വീഡിയോ അവള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. അത് വൈറലായി. അതോടെ അവളുടെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലുമായി. നിര്‍വാഹമില്ലാതായപ്പോള്‍ അവള്‍ നാട്ടില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചു. അവളുടെ രണ്ട് ഇളയ സഹോദരങ്ങളെ – മീനയെയും ഹേമത്തിനെയും – കൂടെ കൂട്ടി.
ഒരു പുതിയ ജീവിതം
ഷബ്നവും അവളുടെ സഹോദരങ്ങളും പിന്നീട് ആയിരക്കണക്കിന് അഫ്ഗാന്‍ അഭയാര്‍ത്ഥികളോടൊപ്പം യുകെയില്‍ എത്തി. അഭയാര്‍ത്ഥി എന്ന നിലയില്‍, പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായിരുന്നു.
‘അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്ത ആറ് വര്‍ഷം എനിക്ക് നഷ്ടമായത് പോലെ തോന്നുന്നു. ആ അനുഭവം കൊണ്ട് ഇവിടെ ജോലി കിട്ടില്ല. മാത്രവുമല്ല ഇംഗ്ലീഷ് ഭാഷയും അറിയില്ലായിരുന്നു. ഇനിയിപ്പോള്‍ ഇംഗ്ലീഷ് പഠിക്കാന്‍ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ പോകണം. ആദ്യ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഷോപ്പിംഗിന് പോകാന്‍ പോലും കഴിഞ്ഞില്ല. കാരണം ഞങ്ങള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയില്ല. അത് വളരെ ബുദ്ധിമുട്ടുള്ളതും വേദനാജനകവുമായിരുന്നു’.
ഇപ്പോള്‍ ഷബ്നത്തിനും അവളുടെ സഹോദരങ്ങള്‍ക്കും ഒരു വീട് ലഭിച്ചു. അതുവരെ ഹോട്ടലില്‍ കഴിയേണ്ടിയിരുന്നു. ‘ഞങ്ങളുടെ ജീവിതം ഇപ്പോള്‍ ആരംഭിക്കുന്നു. ഞങ്ങള്‍ക്ക് എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ടതുണ്ട്’. അവള്‍ പറഞ്ഞു. അവളും സഹോദരിയും ഇപ്പോള്‍ ഒരു കോളേജില്‍ ഇംഗ്ലീഷ് പഠിക്കുന്നു, അവളുടെ സഹോദരന്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നു.
ഷബ്നം അവിടെ നിന്ന് പോന്നതിനുശേഷം അഫ്ഗാനിസ്ഥാനില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും പെണ്‍കുട്ടികള്‍ സെക്കന്‍ഡറി സ്‌കൂളില്‍ പോകുന്നത് വിലക്കുകയും പാര്‍ക്കുകള്‍ വേര്‍തിരിക്കുകയും സ്ത്രീകള്‍ മുഖം മറയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ടിവി അവതാരകരായ സ്ത്രീകളും മുഖം മറയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജോലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കഠിനമായ ശാസനകള്‍ സ്വീകരിക്കുകയല്ലാതെ മറ്റ് വഴികളില്ലാത്ത തന്റെ സഹപ്രവര്‍ത്തകരെ ഓര്‍ത്ത് ഷബ്‌നം സഹതപിക്കുന്നു.
പുതിയ ജീവിതത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയെങ്കിലും ഒരു ദിവസം അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷ ഷംബ്‌നം കൈവിട്ടിട്ടില്ല. ‘തറയില്‍ വീണു തകര്‍ന്ന ഒരു ഗ്ലാസ് പോലെ, എന്റെ പ്രതീക്ഷകളും പദ്ധതികളും സ്വപ്നങ്ങളും തകര്‍ന്നു. എങ്കിലും അഫ്ഗാനിസ്ഥാനില്‍ ആളുകള്‍ അതിജീവിക്കുന്നതിന് പകരം അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ദിവസത്തിനായി ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അപ്പോള്‍ ഞാന്‍ തിരിച്ചുവരുമെന്നതില്‍ എനിക്ക് സംശയമില്ല’. അവള്‍ പറയുന്നു.