ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുകിഴക്കൻ നഗരമായ ബൂണിയയിലെ (Bunia) ന്യാമുറോംഗോ സെമിത്തേരിയിൽ ഇപ്പോൾ പതിവിലും കവിഞ്ഞ തിരക്കാണ്. അവിടെ തന്റെ അമ്മയുടെ കല്ലറയ്ക്ക് മുകളിൽ മണ്ണ് മൂടുമ്പോൾ ജോയൽ ലോൺസ മകുമ്പു എന്ന യുവാവിന്റെ വാക്കുകളിൽ കണ്ണീരും ഭയവും കലർന്നിരുന്നു. “ഇത് ആറാമത്തെ തവണയാണ് ഞാൻ ഈ സെമിത്തേരിയിൽ വരുന്നത്. ഇന്നലെ ഞാൻ എന്റെ അച്ഛനെ അടക്കം ചെയ്തു, ഇന്ന് ഇതാ അമ്മയോട് വിടപറയാൻ വന്നിരിക്കുന്നു. ഇതിനകം എന്റെ മൂന്ന് സഹോദരിമാരെയും സഹോദരി ഭർത്താവിനെയും എനിക്ക് നഷ്ടപ്പെട്ടു. എബോള എന്നത് വെറുമൊരു കള്ളക്കഥയല്ല, അതൊരു കഠിനമായ യാഥാർത്ഥ്യമാണ്!” – ജോയൽ ലോൺസ മകുമ്പു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇരുനൂറോളം മനുഷ്യരുടെ ജീവനെടുത്ത എബോള എന്ന മഹാമാരിയെക്കുറിച്ചുള്ള വ്യാജവാർത്തകൾക്കെതിരെ പോരാടാൻ കൂടിയാണ് ജോയൽ തന്റെ അനുഭവം ലോകത്തോട് വിളിച്ചുപറയുന്നത്.
ശാസ്ത്രവും ആചാരങ്ങളും തമ്മിലുള്ള പോരാട്ടം
രോഗബാധിതരുടെ രക്തം, ഉമിനീർ, ഛർദ്ദി, മറ്റ് ശാരീരിക ദ്രവങ്ങൾ എന്നിവയിലൂടെയാണ് എബോള പടരുന്നത്. അതുകൊണ്ടുതന്നെ മൃതദേഹങ്ങൾ സുരക്ഷിതമായി അടക്കം ചെയ്യുക എന്നത് രോഗവ്യാപനം തടയാൻ അത്യാവശ്യമാണ്. എന്നാൽ, ഇത് ആ നാട്ടിലെ ജനങ്ങളുടെ ദീർഘകാലത്തെ ആചാരങ്ങളെയും വൈകാരികതയെയും മുറിവേൽപ്പിച്ചുകൊണ്ടാണ് നടപ്പിലാക്കുന്നത്. സാധാരണയായി ഇവിടുത്തെ ഗോത്രങ്ങൾ മരണാനന്തര ചടങ്ങുകൾ ദിവസങ്ങളോളം നീട്ടിെവക്കാറുണ്ട്. മരിച്ച വ്യക്തി ‘പൂർവ്വികരുടെ ലോകത്തേക്ക്’ യാത്ര ചെയ്യുകയാണെന്നാണ് അവരുടെ സങ്കൽപം. അതിനാൽ സ്ത്രീകളെ വധുവിനെപ്പോലെ ഒരുക്കി, മേക്ക്അപ്പ് ചെയ്ത്, നല്ല വസ്ത്രങ്ങൾ ധരിപ്പിച്ചാണ് അവർ യാത്രയാക്കാറുള്ളത്. കുടുംബാംഗങ്ങൾ നേരിട്ട് മൃതദേഹം കഴുകുന്ന ചടങ്ങും ഇതിലുണ്ട്.
എന്നാൽ എബോള ബാധിച്ച മൃതദേഹങ്ങളിൽ നിന്ന് രോഗം പകരാൻ വലിയ സാധ്യതയുള്ളതിനാൽ, അവ ഉടൻ തന്നെ ചോർച്ചയില്ലാത്ത പ്രത്യേക ‘ബോഡി ബാഗുകളിൽ’ ആക്കേണ്ടതുണ്ട്. പരമ്പരാഗതമായ രീതിയിലുള്ള വലിയ ജനക്കൂട്ടമോ, പാട്ടുകളോ, ചടങ്ങുകളോ ഇല്ലാതെയാണ് ഇപ്പോൾ അടക്കം നടക്കുന്നത്.
കുടുംബങ്ങളുടെ വേദന കുറയ്ക്കാനുള്ള ശ്രമങ്ങൾ
ഭരണകൂടവും റെഡ് ക്രോസ് പോലുള്ള സംഘടനകളും ജനങ്ങളുടെ സംസ്കാരത്തെ മാനിച്ചുകൊണ്ട് ചില മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി മൃതദേഹം അടക്കം ചെയ്യുന്ന ബോഡി ബാഗുകളുടെ മുഖഭാഗം ഇപ്പോൾ സുതാര്യമായ പ്ലാസ്റ്റിക് കൊണ്ടാണ് നിർമ്മിക്കുന്നത്; കൂടാതെ പെട്ടിയുടെ വശങ്ങളിലും സുതാര്യമായ പാനലുകൾ ഘടിപ്പിച്ചിരിക്കുന്നു. ഇതുവഴി പ്രിയപ്പെട്ടവർക്ക് അവസാനമായി തങ്ങളുടെ ബന്ധുക്കളുടെ മുഖം ഒരു നോക്ക് കാണാൻ സാധിക്കും. ലോകാരോഗ്യസംഘടനയുടെ നരവംശശാസ്ത്രജ്ഞയായ (Anthropologist) ജൂലിയൻ അനോകോ ഈ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ ബോധവത്കരിക്കാൻ മുന്നിലുണ്ട്. ഏറ്റവും വലിയ വെല്ലുവിളി ഗർഭിണികളായ സ്ത്രീകൾ മരിക്കുമ്പോഴാണെന്ന് അവർ പറയുന്നു. ഗർഭസ്ഥ ശിശുവുമായി അമ്മയെ അടക്കം ചെയ്താൽ പരലോകയാത്ര കഠിനമാകുമെന്നും, അതിനാൽ കുഞ്ഞിനെ പുറത്തെടുത്ത് വേറെ അടക്കം ചെയ്യണമെന്നുമാണ് നാട്ടുകാരുടെ വിശ്വാസം. എന്നാൽ ശസ്ത്രക്രിയ നടത്തുന്നത് ശരീരദ്രവങ്ങളിലൂടെ എബോള പടരാൻ കാരണമാകും. അങ്ങനെയുള്ള സമയങ്ങളിൽ പുരാതനമായ ഗോത്രസംസ്കാരത്തിലെ ചില നല്ല വശങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, പൂർവ്വികർ ഇത്തരം സന്ദർഭങ്ങളെ നേരത്തെ മുൻകൂട്ടി കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് വളരെ ക്ഷമയോടെയാണ് ജൂലിയൻ കുടുംബങ്ങളെ സമ്മതിപ്പിക്കുന്നത്.
ന്യാമുറോംഗോ സെമിത്തേരിയിൽ തന്റെ അമ്മയുടെ കല്ലറയ്ക്ക് മുകളിൽ മണ്ണ് മൂടി തീർക്കുമ്പോഴും ജോയലിന്റെ മനസ്സിൽ ഭയം ബാക്കിയായിരുന്നു. അവന്റെ മറ്റ് രണ്ട് സഹോദരിമാരും ഒരു ബന്ധുവും ഇപ്പോൾ എബോള ചികിത്സാ കേന്ദ്രങ്ങളിലാണ്. ഇനിയും തനിക്ക് ഇങ്ങോട്ട് വരേണ്ടി വരുമോ എന്ന ഭീതിയിലാണ് ജോയലിനെപ്പോലെ ആയിരക്കണക്കിന് കോംഗോ നിവാസികൾ ഇന്ന് ജീവിക്കുന്നത്.

