Monday, June 22, 2026

പുരുഷന്മാർക്കിടയിൽ മദ്യപാനവും സ്ത്രീകൾക്കിടയിൽ പുകയില ഉപയോഗവും കൂടുന്നതായി സർവേ റിപ്പോർട്ട്

ഇന്ത്യയിൽ പുരുഷന്മാർക്കിടയിൽ മദ്യപാന ശീലവും സ്ത്രീകൾക്കിടയിൽ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും വർദ്ധിച്ചുവരുന്നതായി പുതിയ ദേശീയ ആരോഗ്യ സർവേ വ്യക്തമാക്കുന്നു. മദ്യപാനം നിരോധിച്ച ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പോലും പുരുഷന്മാർക്കിടയിൽ മദ്യത്തിന്റെ ഉപയോഗം കൂടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന ഉൾപ്പെടെയുള്ള 13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്ത്രീകളിൽ പുകയില ഉപയോഗം മുൻപത്തേക്കാൾ വലിയ രീതിയിൽ കൂടിയിട്ടുണ്ട്.

ദേശീയതലത്തിൽ പുകയില ഉപയോഗത്തിൽ ചെറിയ കുറവുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ഗ്രാമീണ മേഖലകളിലെ സ്ത്രീകളിലാണ് ഈ ശീലം കൂടുതലായി കണ്ടുവരുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിയേക്കാൾ കൂടുതൽ പുരുഷന്മാർ പുകവലിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി ഇനി സംസ്ഥാന നയങ്ങൾക്ക് പകരം പ്രാദേശിക അടിസ്ഥാനത്തിൽ കർശനമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിൽ മാത്രമാണ് സ്ത്രീകളിലും പുരുഷന്മാരിലും മദ്യപാന നിരക്കിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മദ്യം നിരോധിച്ച മറ്റ് സംസ്ഥാനങ്ങളായ നാഗാലാൻഡ്, മിസോറാം എന്നിവിടങ്ങളിൽ ലഹരി ഉപയോഗം മുൻപത്തെക്കാൾ ഉയരുകയാണുണ്ടായത്. ഈ ലഹരി ഉപയോഗം ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ അതത് സംസ്ഥാന സർക്കാരുകൾ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നാണ് സർവേ മുന്നറിയിപ്പ് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News