താലിബാൻ ഭരണമേറ്റെടുത്ത അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപ്പെട്ട് തുർക്കിയിലെത്തിയതായിരുന്നു ഹാദിയയും കുടുംബവും. എന്നാൽ രേഖകളില്ലാതെ അന്യനാട്ടിൽ കഴിയുക എളുപ്പമായിരുന്നില്ല. ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ട് സ്വന്തം നാട്ടിലേക്ക് നാടുകടത്തപ്പെടുമെന്ന ഭീതിയിലായിരുന്നു അവർ. പക്ഷെ സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനോ ജോലിക്കോ സ്വാതന്ത്ര്യമില്ലാത്ത അഫ്ഗാനിസ്ഥാനിലേക്ക് തിരികെപ്പോകുക എന്നത് ഒരു തരം ‘ആത്മഹത്യ’ക്ക് തുല്യമാണെന്ന് ആ അമ്മയ്ക്കറിയാം. തന്റെ രണ്ടും നാലും വയസ്സുള്ള പെൺമക്കൾക്ക് അത്തരമൊരു നരകതുല്യമായ ഭാവി ഉണ്ടാകരുത് എന്ന് കരുതിയാണ് ഹാദിയയും ഭർത്താവും മനുഷ്യക്കടത്തുകാർക്ക് 28,000 യൂറോ (ഏകദേശം 25 ലക്ഷത്തിലധികം രൂപ) നൽകി ഇറ്റലിയിലേക്ക് കടക്കാൻ തീരുമാനിച്ചത്. നടുക്കുന്ന അനുഭവങ്ങളിലൂടെ ജീവൻ കൈയ്യിൽ പിടിച്ചൊരു കുടുംബത്തിന്റെ യാത്ര…
ഇരട്ടിയിലധികം ആളുകളുമായി ഒരു മരണയാത്ര
കഴിഞ്ഞ നവംബറിൽ, ഇരുട്ടിന്റെ മറവിലാണ് ഹാദിയയും കുടുംബവും മറ്റ് അറുപതോളം യാത്രക്കാരും ആ ചെറിയ ബോട്ടിൽ കയറിയത്. ബോട്ടിന്റെ ശേഷിയേക്കാൾ ഇരട്ടിയിലധികം ആളുകൾ അതിലുണ്ടായിരുന്നു. പകുതിയോളം പേർ അഫ്ഗാനികളും ബാക്കിയുള്ളവർ സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ളവരുമായിരുന്നു. “പുറത്ത് കടുത്ത തണുപ്പായിരുന്നിട്ടും, ബോട്ടിനുള്ളിൽ ഞങ്ങൾക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. വിയർത്തു കുളിച്ചിട്ടും ജനലുകൾ തുറക്കാൻ ക്യാപ്റ്റൻ സമ്മതിച്ചില്ല,” ഹാദിയ ആ രാത്രിയെ ഓർത്തെടുത്തു.
യാത്രയുടെ ആറാം രാത്രിയിൽ ബോട്ടിന്റെ എഞ്ചിൻ കേടാവുകയും ബോട്ടിലേക്ക് വെള്ളം കയറാൻ തുടങ്ങുകയും ചെയ്തു. ഒരു വശത്തേക്ക് ചരിഞ്ഞ ബോട്ടിനുള്ളിൽ കുട്ടികളും മുതിർന്നവരും നിലവിളിക്കാൻ തുടങ്ങി. ശ്വാസകോശ രോഗമുള്ള ഹാദിയയുടെ മൂത്ത മകൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയപ്പോൾ, ജനൽ അല്പം തുറക്കാൻ അവൾ ക്യാപ്റ്റനോട് കെഞ്ചിപ്പറഞ്ഞു. എന്നാൽ, “നിങ്ങളുടെ മകൾ മരിക്കുകയാണെങ്കിൽ മരിക്കട്ടെ, ഞങ്ങളെ കുടുക്കരുത്” എന്നായിരുന്നു ക്യാപ്റ്റന്റെ ക്രൂരമായ മറുപടി. രക്ഷാപ്രവർത്തകരെ വിവരമറിയിക്കാൻ പോലും അയാൾ സമ്മതിച്ചില്ല.
മരണമുഖത്തുനിന്നും അത്ഭുത രക്ഷപ്പെടൽ
തുടർച്ചയായി 24 മണിക്കൂറിലധികം കടലിൽ മരണത്തോട് പോരാടിയ അവരെ ഒടുവിൽ ഒരു നോർവീജിയൻ ബോട്ട് വന്ന് രക്ഷപ്പെടുത്തുകയും ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസിൽ എത്തിക്കുകയും ചെയ്തു. ബോട്ട് പൂർണ്ണമായും മുങ്ങുന്നതിന് തൊട്ടുമുൻപായിരുന്നു ആ രക്ഷപ്പെടൽ. കടൽയാത്രയിലെ അപകടങ്ങളെക്കുറിച്ച് തനിക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്നും എങ്കിലും തനിക്ക് മറ്റ് വഴികളില്ലായിരുന്നു ഹാദിയ പറയുന്നു. “തുർക്കിയിൽ തുടർന്നിരുന്നെങ്കിൽ അവർ ഞങ്ങളെ അഫ്ഗാനിസ്ഥാനിലേക്ക് തന്നെ തിരിച്ചയക്കുമായിരുന്നു. താലിബാൻ സൃഷ്ടിച്ച ആ നരകത്തിൽ എന്റെ പെൺമക്കളുടെ ഭാവി എന്താകുമായിരുന്നു? എന്റെ കുട്ടികളെ രക്ഷിക്കാൻ എനിക്ക് മുന്നിൽ ഈ ഒരൊറ്റ വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ.”
വർദ്ധിച്ചുവരുന്ന ദുരന്തങ്ങൾ: യു. എൻ. കണക്കുകൾ
ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) പുറത്തുവിട്ട കണക്കുകൾ പ്രകാരം, തുർക്കി തീരത്ത് നിന്നും ഗ്രീസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കടലിൽ പൊലിയുന്ന അഫ്ഗാൻ അഭയാർത്ഥികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.
ഗ്രീക്ക് ദ്വീപുകളിലെ പാറക്കെട്ടുകളിൽ അടിയുന്ന, പേരോ നാടോ അറിയാത്ത നൂറുകണക്കിന് അഭയാർത്ഥികളുടെ മൃതദേഹങ്ങൾ ഇന്നും അവിടുത്തെ അജ്ഞാത ശ്മശാനങ്ങളിൽ അടക്കം ചെയ്യപ്പെടുന്നുണ്ട്. ഒരു മെച്ചപ്പെട്ട ജീവിതം കൊതിച്ച് കടൽ കടക്കുന്ന ലക്ഷക്കണക്കിന് അഭയാർത്ഥികളുടെ പ്രതിനിധിയാണ് ഹാദിയ എന്ന അമ്മയും. നരഗതുല്യമായ ജീവിതത്തിൽ നിന്നും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ പക്ഷെ ഇവർ യാത്ര ചെയ്തത് അപകടം നിറഞ്ഞ വഴിയിലേക്കായിരുന്നു. നിലവിൽ ഈ കുടുംബം ഗ്രീസിൽ അഭയത്തിനായി അപേക്ഷ നൽകിയിരിക്കുകയാണ്. കുഞ്ഞുങ്ങൾക്ക് നല്ലൊരു ഭാവി ഉണ്ടാകുമെന്നും മികച്ച ജീവിതം കെട്ടിപ്പടുക്കാനാകുമെന്നുമുള്ള പ്രതീക്ഷയോടെ അവർ അഭയത്തിനായി കാത്തിരിക്കുകയാണ്.

