Friday, July 3, 2026

കിം ജോങ് ഉന്നിനെ ദൈവതുല്യനാക്കാൻ സ്കൂളുകളിൽ പുതിയ നിർദ്ദേശം; മുൻ ഭരണാധികാരികളുടെ ചരിത്രം വെട്ടിക്കുറച്ച് ഉത്തരകൊറിയ

ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉന്നിന്റെ വ്യക്തിപ്രഭാവം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ സ്കൂളുകളിലെ പഠനരീതികളിൽ അടിയന്തര മാറ്റം വരുത്തി ഉത്തരകൊറിയ. മുൻ ഭരണാധികാരികളുടെ ചരിത്രവും പാർട്ടി നയങ്ങളും പഠിപ്പിക്കുന്നത് വെട്ടിച്ചുരുക്കി, കിം ജോങ് ഉന്നിന്റെ വ്യക്തിപരമായ നേട്ടങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ വിദ്യാഭ്യാസ മന്ത്രാലയം രാജ്യവ്യാപകമായി ഉത്തരവിട്ടതായി ‘ഡെയ്‌ലി എൻകെ’ റിപ്പോർട്ട് ചെയ്തു.

ജൂൺ മധ്യത്തോടെയാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രവിശ്യാ വിദ്യാഭ്യാസ ബ്യൂറോകൾക്ക് ഇത് സംബന്ധിച്ച കർശന നിർദ്ദേശം നൽകിയത്. മുൻ ഭരണാധികാരികളായ കിം ഇൽ സുങ്, കിം ജോങ് ഇൽ എന്നിവരുടെ വിപ്ലവ ചരിത്രങ്ങൾ കുറയ്ക്കാനും, പകരം നിലവിലെ ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും ഉത്തരവിൽ പറയുന്നു.

ഉത്തരകൊറിയയിലെ സ്കൂളുകളിൽ ദിവസേന ക്ലാസുകൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അഞ്ച് മിനിറ്റ് നീളുന്ന ‘പാർട്ടി ഐഡിയോളജി സെഷൻ’ നടക്കാറുണ്ട്. ഇതിനായി ‘365 ഡേയ്‌സ് ഓഫ് സ്റ്റഡി’ എന്ന പ്രത്യേക പുസ്തകമാണ് ഉപയോഗിക്കുന്നത്. പുതിയ നിർദ്ദേശപ്രകാരം ഈ സമയം പൂർണ്ണമായും കിം ജോങ് ഉന്നിനെ പുകഴ്ത്താനായി മാറ്റിവെച്ചിരിക്കുകയാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു. കിം ജോങ് ഉൻ നടപ്പിലാക്കിയ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ, രാജ്യത്തെ വികസന നയങ്ങൾ, വിനോദസഞ്ചാര മേഖലകളുടെ നിർമ്മാണം, വിദേശത്ത് യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്കായുള്ള സ്മാരക മന്ദിരം തുടങ്ങിയ അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളാണ് പുതിയ പഠനവിഷയങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News