വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ അത്യാധുനിക ഇസ്രായേലി ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് മെക്സിക്കൻ രക്ഷാപ്രവർത്തകർ. മനുഷ്യർക്ക് കടന്നുചെല്ലാൻ സാധിക്കാത്ത വിധം അതീവ അപകടം നിറഞ്ഞ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ തിരച്ചിൽ നടത്തുന്നതിനാണ് ഈ ഇസ്രായേലി യു.എ.എസ് (UAS – Unmanned Aerial Systems) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്.
ഭൂകമ്പത്തിൽ മരണസംഖ്യ 2600 കടന്നതായാണ് റിപ്പോർട്ടുകൾ. കാരക്കാസുമായി 17 വർഷമായി നയതന്ത്രബന്ധമില്ലാതിരുന്നിട്ടും മാനുഷിക പരിഗണന മുൻനിർത്തിയാണ് ഇസ്രായേൽ ഈ സാങ്കേതിക സഹായം ലഭ്യമാക്കിയത്.
ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എക്സ്റ്റൻഡ്’ കമ്പനിയുടെ ഹണി ബാഡ്ജർ, എക്സ്റ്റെൻഡർ എന്നീ രണ്ട് ഡ്രോൺ സംവിധാനങ്ങളാണ് സംയുക്തമായി ഇവിടെ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. വെനസ്വേലൻ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം എക്സ്റ്റൻഡ് കമ്പനി തങ്ങളുടെ വിദഗ്ദ്ധ സംഘത്തെ ഉടനടി വെനസ്വേലയിലേക്ക് അയക്കുകയായിരുന്നു. അവിടെ മെക്സിക്കോ സിറ്റിയുടെ പ്രശസ്തമായ ‘ലോസ് ടോപോസ് ത്ലാറ്റെലോൽകോ’ (Los Topos Tlatelolco) എന്ന സെർച്ച് ആൻഡ് റെസ്ക്യൂ ടീമിനൊപ്പമാണ് ഈ ഇസ്രായേലി സംഘം പ്രവർത്തിക്കുന്നത്.
7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി 72 മണിക്കൂറുകൾക്ക് ശേഷം തകർന്ന മേൽക്കൂരയ്ക്കും ഭിത്തിക്കുമിടയിൽ കുടുങ്ങിക്കിടന്ന ഒരാളെ ഈ ഡ്രോണുകളുടെ സഹായത്തോടെ ജീവനോടെ രക്ഷിക്കാൻ മെക്സിക്കൻ സംഘത്തിന് സാധിച്ചു. ഈ രണ്ട് ഡ്രോണുകളും ഒരേസമയം ഒരുമിച്ച് പ്രവർത്തിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പുറംഭാഗത്തെ ദൃശ്യങ്ങൾ ഹണി ബാഡ്ജർ നൽകുമ്പോൾ, കെട്ടിടങ്ങൾക്കുള്ളിലെ ഇടുങ്ങിയ വഴികളിലൂടെ എക്സ്റ്റെൻഡർ സഞ്ചരിച്ച് വിവരങ്ങൾ കൈമാറുന്നു. ഓപ്പറേറ്റർക്ക് സുരക്ഷിതമായ അകലത്തിരുന്ന് കൊണ്ട് തന്നെ ഇവയെ എളുപ്പത്തിൽ നിയന്ത്രിക്കാനും അവശിഷ്ടങ്ങൾക്കിടയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താനും സാധിക്കുന്നു.

