പേർഷ്യൻ ഉൾക്കടലിലെ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ മൂന്ന് വാണിജ്യകപ്പലുകൾക്കു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ ഇറാനിലെ സൈനികലക്ഷ്യങ്ങൾക്കു നേരെ ശക്തമായ തിരിച്ചടി നൽകി അമേരിക്ക. അന്താരാഷ്ട്ര സമുദ്രപാതയിൽ നിരപരാധികളായ നാവികരെയും വാണിജ്യകപ്പലുകളെയും ലക്ഷ്യമിട്ടതിനാണ് ഇറാന് ശക്തമായ തിരിച്ചടി നൽകിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെൻറ്കോം – CENTCOM) ചൊവ്വാഴ്ച അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവച്ച വെടിനിർത്തൽ ധാരണയുടെ വ്യക്തമായ ലംഘനമാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സെൻറ്കോം പ്രസ്താവനയിൽ വ്യക്തമാക്കി.
അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ തെക്കൻ ഇറാനിലെ ഖെഷ്ം ദ്വീപ് (Qeshm Island), ബന്ദർ അബ്ബാസ് (Bandar Abbas), സിരിക് (Sirik) എന്നിവിടങ്ങളിലാണ് പ്രഹരമേറ്റതെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. സിറികിലെ തുറമുഖ പ്രദേശത്ത് ബോംബുകളുടെ ചീളുകൾ തെറിച്ച് ചിലർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

