വയനാടിനെ നടുക്കി കള്ളാടിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കും. ഇന്ന് രാവിലെ 11:30-ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗം പുറപ്പെടുന്ന അദ്ദേഹം, ഉച്ചയ്ക്ക് ഒരു മണിയോടെ മീനാക്ഷി പാലത്തിന് സമീപമുള്ള ദുരന്തമേഖലയിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തും.
ചൂരൽമല ദുരന്തത്തിന്റെ രണ്ടാം വാർഷികത്തോട് അടുക്കുന്ന വേളയിലുണ്ടായ ഈ ദുരന്തം വയനാടിനെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വിവിധ സേനകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്.
കള്ളാടി തുരങ്കപാത നിർമ്മാണമേഖലയിലെ മീനാക്ഷി പാലത്തിന് സമീപം ഇന്നലെ രാവിലെ പതിനൊന്നരയോടെയുണ്ടായ മണ്ണിടിച്ചിലിൽ നിർമ്മാണ തൊഴിലാളികളും ജീവനക്കാരുമടക്കം അപകടത്തിൽപ്പെടുകയും, മൂന്ന് അതിഥി തൊഴിലാളികളടക്കം അഞ്ചുപേർ മരണപ്പെടുകയും ചെയ്തു. ദുരന്തത്തെ തുടർന്ന് ചൂരൽമല-അട്ടമല പ്രദേശങ്ങൾ ഒറ്റപ്പെടുകയും സമീപവാസികളെ ചുളിക്ക ക്യാമ്പിലേക്ക് മാറ്റുകയും ചെയ്ത സാഹചര്യത്തിൽ, മണ്ണിനടിയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്ന ആശങ്കയിൽ രാത്രി വൈകിയും തെരച്ചിൽ പുരോഗമിച്ചിരുന്നു.

