യൂറോപ്യൻ വാസ്തുവിദ്യയുടെ മനോഹാരിതയും നൂറ്റാണ്ടുകളുടെ ചരിത്രവും പേറുന്ന പാരീസിലെ നോട്ര ഡാം കത്തീഡ്രൽ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സഞ്ചാരികളുടെയും തീർഥാടകരുടെയും പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ്. 2019 ഏപ്രിൽ 15-നുണ്ടായ തീപിടിത്തത്തെ തുടർന്ന് പുനർനിർമ്മാണം പൂർത്തിയാക്കി 2024 ഡിസംബറിൽ കത്തീഡ്രൽ ആരാധനയ്ക്കായി വീണ്ടും തുറന്നുകൊടുത്തു. എങ്കിലും കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇതുവരെയും പൂർണ്ണമായിട്ടില്ല. 2027-നും 2033-നും ഇടയിൽ നടപ്പിലാക്കേണ്ട അവസാന ഘട്ട പ്രവർത്തനങ്ങൾ ഫ്രഞ്ച് അധികൃതർ ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനായി 130 മില്യൺ യൂറോ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ ഫണ്ട് ശേഖരണ കാമ്പയിൻ ആവശ്യമായി വരും.
ആസൂത്രണം ചെയ്തിരിക്കുന്ന ആകെ നിക്ഷേപം 150 മില്യൺ യൂറോയാണ്. ഈ തുകയിൽ ഏകദേശം 20 മില്യൺ യൂറോ ഇതിനകം തന്നെ ഉറപ്പാക്കിയിട്ടുണ്ട്. തീപിടിത്തത്തിനു ശേഷം സ്മാരകം പുനർനിർമ്മിക്കാൻ സഹായിച്ച അതേ സാമ്പത്തികമാതൃക പിന്തുടർന്ന് ബാക്കി തുക വ്യക്തികൾ, കമ്പനികൾ, മറ്റ് സഹകരണ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നുള്ള സംഭാവനകളിലൂടെ കണ്ടെത്തേണ്ടിവരും. “കത്തീഡ്രലിന്റെ പുനരുദ്ധാരണം പൂർണ്ണമായും പൂർത്തിയാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം” – ‘റെബാറ്റിർ നോത്ര ഡാം ഡി പാരീസ്’ പ്രെസിഡന്റ് ഫിലിപ്പ് ജോസ്റ്റ് ഫ്രഞ്ച് കത്തോലിക്കാ പത്രമായ ‘ലാ ക്രോയിക്സി’നു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ദുരന്തത്തിന്റെ ആഘാതങ്ങൾ പരിഹരിക്കുന്നതിനും, 2019-ന് മുമ്പ് തന്നെ സംരക്ഷണം വളരെ ദുർബലമായിരുന്ന പൈതൃക ഘടകങ്ങൾ വീണ്ടെടുക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു ഡസനോളം ഇടപെടലുകൾ ഈ പ്രോഗ്രാമിൽ ഉൾപ്പെടുന്നു.
2024 ഡിസംബറിൽ നടന്ന പുനരുദ്ധാരണ ചടങ്ങ് സമീപവർഷങ്ങളിൽ യൂറോപ്പിൽ നടന്ന ഏറ്റവും സുപ്രധാനമായ സാംസ്കാരിക-മതപരമായ സംഭവങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. 2019-ലെ ദുരന്തത്തിന് ശേഷം ഉയർന്നുവന്ന ഐക്യദാർഢ്യ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാമെന്ന് പുനരുദ്ധാരണത്തിന് നേതൃത്വം നൽകുന്നവർ പ്രതീക്ഷിക്കുന്നു. അക്കാലത്ത്, ഏകദേശം ഒരു ബില്യൺ യൂറോയുടെ സാമ്പത്തിക വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. ഈ ഫണ്ടുകളാണ് പുനർനിർമ്മാണം സാധ്യമാക്കിയതും ഭാവിയിലെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി വിഭവങ്ങൾ ബാക്കിവച്ചതും.

