മറ്റുള്ളവരെ ശാന്തരാകാൻ പഠിപ്പിക്കുന്ന ഒരു സൈക്കോതെറാപ്പിസ്റ്റാണ് ഞാൻ. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന, പെട്ടെന്ന് ദേഷ്യം വരുന്ന മാതാപിതാക്കളെ സ്വസ്ഥതയിലേക്കും സമാധാനത്തിലേക്കും നയിക്കുകയാണ് എന്റെ ജോലി. എന്നാൽ, ഈ ഞാൻ തന്നെയായിരുന്നു ദിവസത്തിൽ കൂടുതൽ തവണ സ്വന്തം ഫോണിലേക്ക് നോക്കിക്കൊണ്ടിരുന്ന ആ ‘മൊബൈൽ അഡിക്റ്റ്’! ഈ ശീലം എന്നെ ഒരു മോശം അമ്മയാക്കി മാറ്റുകയാണെന്ന് തിരിച്ചറിയാൻ ഞാൻ ഏറെ വൈകി. മൊബൈൽ ഫോണിനോടും സോഷ്യൽ മീഡിയയോടും ഗുഡ്ബൈ പറഞ്ഞപ്പോൾ തന്റെ ജീവിത്തിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ച് അന്ന മാഥൂർ എന്ന അമ്മ പറയുന്നു..
കൂട്ടുകാരനെ പോലെ കാർന്നുതിന്നുന്ന വില്ലൻ
ജോലിക്കിടയിൽ വിരസത മാറ്റാൻ കണ്ടെത്തിയ ഫോൺ എന്ന വില്ലനെക്കുറിച്ച് അന്ന പറഞ്ഞുതുടങ്ങിയത് ഇങ്ങനെ:
“എന്നെ സംബന്ധിച്ച് ഫോൺ വെറുമൊരു വിനോദോപാധിയായിരുന്നില്ല; അത് എന്റെ ഓഫീസും വരുമാനമാർഗവും ആശയവിനിമയത്തിനുള്ള ഏകവഴിയുമായിരുന്നു. ഓരോ തവണ ഫോൺ എടുക്കുമ്പോഴും അതിൽ എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യാനുണ്ടാകും. മക്കളെ വളർത്തുന്നതിനിടയിലെ വിരസതകളിൽ നിന്ന് മാറി ഞാനും ‘ഉത്പാദനക്ഷമതയുള്ള’ ഒരാളാണെന്ന തോന്നൽ തരാൻ ഈ ഫോൺ നോക്കലിന് കഴിഞ്ഞിരുന്നു. ഒരുപക്ഷേ, എന്റെ തലച്ചോറിന് ആവശ്യമായിരുന്ന ഡോപമിൻ (Dopamine) ഹിറ്റുകൾ തന്നിരുന്നത് ഈ കുഞ്ഞു സ്ക്രീൻ ആയിരുന്നു.
മാനസികമായി ഒന്ന് റിലാക്സ് ചെയ്യാൻ വേണ്ടിയാണ് ഞാൻ സോഷ്യൽ മീഡിയയിൽ കയറിയിരുന്നത്. എന്നാൽ, യഥാർത്ഥത്തിൽ അത് എന്റെ അമിതമായി ജോലി ചെയ്യുന്ന മനസ്സിന് കൂടുതൽ ഭാരമേൽപ്പിക്കുകയായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയില്ല. ഒരു ദിവസം ഞാൻ എത്ര സമയം ഫോണിന് മുന്നിൽ ചിലവഴിക്കുന്നു എന്ന് കണക്കുകൾ നോക്കിയപ്പോൾ എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നി. ഒരു നല്ല അമ്മയാകാൻ ആഗ്രഹിച്ച ഞാനും യഥാർത്ഥത്തിൽ ഞാൻ ആയിരുന്ന അവസ്ഥയും തമ്മിലുള്ള വലിയ ദൂരം ആ കണക്കുകൾ എന്നെ ബോധ്യപ്പെടുത്തി.”
എന്താണ് ‘സ്ക്രോൾ സ്നാപ്പ്’?
ഞാൻ ഫോണിൽ മുഴുകിയിരിക്കുന്ന സമയത്ത് എന്റെ മക്കൾ (ഏഴും ഒൻപതും പതിനൊന്നും വയസ്സുള്ളവർ) എന്നെ വന്ന് വിളിക്കുമ്പോഴാണ് എന്റെ ശരീരത്തിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. അവർ വിളിക്കുന്ന നിമിഷം എന്നിൽ കടുത്ത ദേഷ്യവും അസ്വസ്ഥതയും ഉണ്ടാകുകയും എന്റെ ശബ്ദം കഠിനമാകുകയും ചെയ്യുമായിരുന്നു. ആദ്യമൊക്കെ ഇത് എന്റെ ക്ഷമയില്ലായ്മയാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ, ഇതൊരു സ്വഭാവദൂഷ്യമല്ല, മറിച്ച് നമ്മുടെ ശരീരത്തിന്റെ ജീവശാസ്ത്രപരമായ പ്രത്യേകതയാണ് എന്ന് ഞാൻ മനസ്സിലാക്കി.
ഫോൺ അഡിക്ഷന് പിന്നിലെ ശാസ്ത്രം
വിട്ടുമാറാത്ത മാനസിക സമ്മർദ്ദം, ഉറക്കമില്ലായ്മ, അല്ലെങ്കിൽ ADHD ഉള്ളവരിൽ ഫോണിന്റെ ആകർഷണം വളരെ ശക്തമായിരിക്കും. നമ്മുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ‘ഫ്രണ്ടൽ ലോബ്’ നമ്മൾ ക്ഷീണിതരായിരിക്കുമ്പോൾ ദുർബലമാകും. കൂടാതെ, ആർത്തവവിരാമത്തിന്റെ ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നതുകൊണ്ട് തലച്ചോറ് കൂടുതൽ സന്തോഷം തരുന്ന കാര്യങ്ങളിലേക്ക് പെട്ടെന്ന് ആകർഷിക്കപ്പെടും.
ഫോൺ ഉപയോഗം കുറയ്ക്കുമെന്ന് ഞാൻ പലതവണ സ്വയം പ്രതിജ്ഞ ചെയ്തെങ്കിലും ഓരോ തവണയും പരാജയപ്പെട്ടു. ഒടുവിൽ എന്റെ മനോബലത്തെ വിശ്വസിക്കുന്നത് നിർത്തി, ‘AppBlock’ എന്നൊരു ആപ്പ് ഞാൻ ഡൗൺലോഡ് ചെയ്തു. കുട്ടികൾ വീട്ടിലുള്ള സമയങ്ങളിൽ സോഷ്യൽ മീഡിയയും ഇമെയിലും എനിക്ക് തുറക്കാൻ സാധിക്കാത്ത തരത്തിൽ ലോക്ക് ചെയ്തു. കുട്ടികൾ ഉറങ്ങിക്കഴിഞ്ഞാൽ 15 മിനിറ്റ് മാത്രമാണ് ഫോൺ നോക്കാൻ സമയം മാറ്റിവെച്ചത്. എന്തെങ്കിലും അടിയന്തര ജോലി ചെയ്യാനുണ്ടെങ്കിൽ ഞാൻ ലാപ്ടോപ്പ് ഉപയോഗിക്കാൻ തുടങ്ങി. ഇത് മനഃപൂർവ്വമുള്ള ഒരു നല്ല മാറ്റമായിരുന്നു.
ജീവിതത്തിലേക്ക് തിരിച്ചുവന്ന സമാധാനം
ഈ മാറ്റം എനിക്ക് തന്ന സമാധാനം വാക്കുകൾക്ക് അതീതമായിരുന്നു. എന്റെ നാഡീവ്യൂഹത്തിന് ഒടുവിൽ ശ്വാസം വിടാൻ ഇടം കിട്ടി. അനാവശ്യമായ ദേഷ്യം അപ്രത്യക്ഷമായി. യാതൊരുവിധ കഠിനാധ്വാനവുമില്ലാതെ തന്നെ എനിക്ക് മക്കളുടെ കൂടെ പൂർണ്ണമായി സമയം ചിലവഴിക്കാൻ കഴിഞ്ഞു. ഇപ്പോൾ വൈകുന്നേരങ്ങളിൽ കുട്ടികൾ ടിവി കാണുമ്പോൾ ഞാൻ അവർക്കൊപ്പം സോഫയിൽ ഇരുന്ന് പുസ്തകം വായിക്കും. പുസ്തകം വായിക്കുന്നതിനിടയിൽ അവർ സംസാരിച്ചാൽ എനിക്ക് ദേഷ്യം വരാറില്ല. കാരണം, ഇവിടെ ശ്രദ്ധ തിരിക്കാൻ ഒരു ‘അൽഗോരിതവും’ നോട്ടിഫിക്കേഷനുകളും ഇല്ല. വിരസത അനുഭവപ്പെടുമ്പോഴാണ് യഥാർത്ഥത്തിൽ മനസ്സിന് വിശ്രമം ലഭിക്കുന്നതെന്നും പുതിയ ആശയങ്ങൾ ഉണ്ടാകുന്നതെന്നും ഞാൻ തിരിച്ചറിഞ്ഞു.
കുടുംബബന്ധങ്ങളിലെ അത്ഭുതകരമായ മാറ്റം
ഈ മാറ്റം എന്റെ മക്കളുമായുള്ള ബന്ധം മാത്രമല്ല, ഭർത്താവുമായുള്ള ബന്ധവും മെച്ചപ്പെടുത്തി. മുൻപൊക്കെ വൈകുന്നേരങ്ങളിൽ ഞങ്ങൾ ഒരുമിച്ചിരിക്കുമെങ്കിലും രണ്ടുപേരും രണ്ട് ഫോണുകളിലായി വേറെ ഏതോ ലോകങ്ങളിലായിരുന്നു. എന്നാൽ ഇപ്പോൾ ഫോൺ മാറ്റിവെച്ചതോടെ ഞങ്ങൾ പരസ്പരം കൂടുതൽ സംസാരിക്കാൻ തുടങ്ങി. അതാത് ദിവസത്തെ വിശേഷങ്ങൾ പങ്കുവെച്ചു. ഒരാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനം ‘പൂർണ്ണമായ ശ്രദ്ധ’ ആണെന്ന് ഞങ്ങൾ മനസ്സിലാക്കി.
ഫോൺ ഉപയോഗം കുറച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കി എന്ന് അന്ന പറയുന്നു. ഇപ്പോൾ തന്റെ മക്കൾ തന്നെ കാണുന്നത് സമാധാനമുള്ള ഒരു അമ്മയായിട്ടാണെന്ന് അവർ ആശ്വാസത്തോടെ വ്യക്തമാക്കുന്നു. അവർ അവരുടെ ചെറിയ വിഷമങ്ങളും സന്തോഷങ്ങളും എന്നോട് പങ്കുവെക്കുന്നു, എന്നോട് ചേർന്നു കിടക്കുന്നു. ഈ നിമിഷങ്ങൾ വളരെ സവിശേഷമാണ്, ഇപ്പോൾ ഞാൻ അവർക്കായി പൂർണ്ണമായും ജീവിക്കുന്നു എന്ന് അന്ന സന്തോഷത്തോടെ പറയുമ്പോൾ ആ അമ്മയുടെ മുഖം സന്തോഷിക്കുകയാണ്.

