ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയെ നേരിടുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍, പ്രത്യേകിച്ച് ഫ്രാന്‍സ്. ഫ്രാന്‍സില്‍ നൂറിലധികം മുനിസിപ്പാലിറ്റികളില്‍ കുടിവെള്ളക്ഷാമം അതിന്റെ കാഠിന്യത്തില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.
ജൂലൈയില്‍ ഫ്രാന്‍സില്‍ 9.7 മില്ലിമീറ്റര്‍ മഴ മാത്രമേ പെയ്തുള്ളൂ. ഫ്രാന്‍സിനെ സംബന്ധിച്ചിടത്തോളം 1961 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വരണ്ട മാസമാണിതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രമായ മെറ്റിയോ-ഫ്രാന്‍സ് പറഞ്ഞു. നദികളിലെ ജലത്തിന് മതിയായ തണുപ്പ് ഇല്ലാത്തതിനാല്‍, സംസ്ഥാന ഊര്‍ജ കമ്പനിയായ ഇഡിഎഫിന് ചില ആണവ നിലയങ്ങളിലെ ഉല്‍പ്പാദനം കുറയ്‌ക്കേണ്ടി വന്നു.
ഫ്രാന്‍സില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ വരള്‍ച്ചയാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 93 മേഖലകളില്‍ ജല ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഏറ്റവും കുറഞ്ഞത്, അടുത്ത രണ്ടാഴ്ചത്തേയ്ക്ക് വരണ്ട കാലാവസ്ഥ തുടരുമെന്നും അറിയിപ്പുണ്ട്.
വരള്‍ച്ച ഫ്രാന്‍സിന്റെ മിക്കവാറും എല്ലാ ഭൂപ്രദേശങ്ങളെയും ബാധിക്കുന്നുണ്ട്. ഇത് കൃഷിയിടങ്ങളിലെ വിളവ് കുറയ്ക്കുകയും യുക്രെയ്‌നിലെ യുദ്ധം മൂലമുണ്ടായ ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്‌തേക്കാം. ചോളം വിളവെടുപ്പ് 2021 നെ അപേക്ഷിച്ച് ഈ വര്‍ഷം 18.5% കുറവായിരിക്കുമെന്ന് കാര്‍ഷിക മന്ത്രാലയം അറിയിച്ചു.
റഷ്യയില്‍ നിന്നും യുക്രെയ്‌നില്‍ നിന്നുമുള്ള ധാന്യ കയറ്റുമതി സാധാരണയേക്കാള്‍ വളരെ കുറവായതിനാല്‍ യൂറോപ്യന്മാര്‍ ഇതിനകം തന്നെ ഉയര്‍ന്ന ഭക്ഷ്യ പ്രതിസന്ധിയുമായി പൊരുതുകയാണ്. ഫ്രാന്‍സ്, ഹംഗറി, റൊമാനിയ, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ചോളം കയറ്റുമതിയും ഈ വര്‍ഷം ചൂടുകാരണം കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജൂണ്‍ മുതല്‍ ഫ്രാന്‍സിനെ ചുട്ടുപഴുപ്പിച്ച ഉഷ്ണതരംഗത്തില്‍ മരങ്ങളുടേയും കുറ്റിക്കാടുകളുടേയും ഇലകള്‍ നേരത്തെ തന്നെ പൊഴിഞ്ഞിരുന്നു. ജലം സംരക്ഷിക്കുന്നതിനായി ഫ്രാന്‍സിന്റെ വടക്ക്-പടിഞ്ഞാറ്, തെക്ക്-കിഴക്ക് ഭാഗങ്ങളില്‍ ജലസേചനം നിരോധിച്ചിരിക്കുകയാണ്. ആല്‍പ്സിലെ കന്നുകാലി കര്‍ഷകര്‍ക്ക് അവരുടെ മൃഗങ്ങള്‍ക്ക് കൊടുക്കാനുള്ള വെള്ളം ശേഖരിക്കാന്‍ എല്ലാ ദിവസവും തങ്ങളുടെ വാഹനങ്ങള്‍ താഴ്വരകളിലേക്ക് ഇറങ്ങേണ്ടിവരുന്നു. അത് വലിയ ഇന്ധനച്ചെലവും നഷ്ടവും കര്‍ഷകര്‍ക്ക് ഉണ്ടാക്കുന്നുണ്ട്.
വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലേയ്ക്ക് ട്രക്കുകളില്‍ വെള്ളം എത്തിക്കുകയാണെന്ന് പരിസ്ഥിതി മന്ത്രി ക്രിസ്റ്റോഫ് ബെച്ചു പറഞ്ഞു. കൂടാതെ വരള്‍ച്ചയെ നേരിടാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഒരു ദൗത്യ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.