സുഡാനിൽ മൂന്ന് വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവച്ച സമാധാന നിർദ്ദേശങ്ങൾ അംഗീകരിക്കുന്നതിന് കടുത്ത നിബന്ധനകളുമായി സുഡാൻ സൈന്യം വീണ്ടും രംഗത്ത്. വിമത വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) അവർ പിടിച്ചടക്കിയ എല്ലാ നഗരങ്ങളിൽ നിന്നും പൂർണ്ണമായി പിന്മാറിയാൽ മാത്രമേ സമാധാന കരാർ അംഗീകരിക്കൂ എന്ന് സുഡാൻ സൈന്യം വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇരുവിഭാഗങ്ങളും ഉടനടി 90 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് തയ്യാറാകണമെന്നാണ് യു.എസ് മുന്നോട്ടുവെച്ച നിർദ്ദേശം. ഈ സമയത്തിനുള്ളിൽ സ്ഥിരമായ വെടിനിർത്തലിനും ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെയുള്ള അധികാര കൈമാറ്റത്തിനും ചർച്ചകൾ നടത്താം എന്നതായിരുന്നു പ്ലാൻ. വടക്കൻ ഡാർഫർ, വടക്കൻ കോർദോഫാൻ എന്നീ തന്ത്രപ്രധാന മേഖലകളിൽ നിന്ന് മാത്രം ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ആർ.എസ്.എഫ് പിന്മാറണമെന്നായിരുന്നു യു.എസിന്റെ ആദ്യ നിർദ്ദേശം.
എന്നാൽ ഈ പരിമിതമായ പിന്മാറ്റ നിർദ്ദേശത്തെ സുഡാൻ ഭരണകൂടം നയിക്കുന്ന സൈന്യം എതിർത്തു. 2023 മെയ് 11 മുതൽ ആർ.എസ്.എഫ് പിടിച്ചടക്കിയ എല്ലാ നഗരങ്ങളിൽ നിന്നും അവർ പൂർണ്ണമായി പിൻവാങ്ങണമെന്ന് സൈന്യം ആവശ്യപ്പെട്ടു. രാജ്യത്ത് ഒരു ഏകീകൃത ദേശീയ സൈന്യം രൂപീകരിക്കണമെന്നും, മുസ്ലിം ബ്രദർഹുഡ് അല്ലെങ്കിൽ അതിക്രമങ്ങൾ നടത്തിയ മറ്റ് സായുധ സംഘങ്ങളെ ഒഴിവാക്കിക്കൊണ്ട് സിവിലിയൻമാരുടെ നേതൃത്വത്തിലുള്ള ഒരു രാഷ്ട്രീയ പ്രക്രിയ നടപ്പിലാക്കണമെന്നും യു.എസ് നിർദ്ദേശത്തിലുണ്ട്.

