ആഗോള വിപണിയെയും സാങ്കേതികവിദ്യാ മേഖലയെയും വലിയ തോതിൽ ബാധിച്ചേക്കാവുന്ന നിർണായക തീരുമാനവുമായി ചൈന. രാജ്യത്ത് നിന്നുള്ള ഹീലിയം വാതകത്തിന്റെ കയറ്റുമതിക്ക് ചൈന താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ചൈനീസ് വാണിജ്യ മന്ത്രാലയവും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസും സംയുക്തമായാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്. ഉത്തരവ് ഉടനടി പ്രാബല്യത്തിൽ വന്നതായി അധികൃതർ വ്യക്തമാക്കി.
ചൈനയുടെ വിദേശ വ്യാപാര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി. കസ്റ്റംസ് കമ്മോഡിറ്റി കോഡ് 2804290010-ൽ ഉൾപ്പെടുന്ന ഹീലിയത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഏതൊക്കെ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കാണ് വിലക്കെന്നോ, ഏതെങ്കിലും രാജ്യങ്ങൾക്ക് ഇളവുകളുണ്ടോ എന്നതിനെക്കുറിച്ചോ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടില്ല. ഇതിനാൽ തന്നെ വിദേശങ്ങളിലേക്കുള്ള എല്ലാത്തരം ഹീലിയം കയറ്റുമതികൾക്കും ഈ വിലക്ക് ബാധകമായിരിക്കും.
പെട്ടെന്നുള്ള ഈ തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമാക്കാൻ ചൈന തയ്യാറായിട്ടില്ല. കൂടാതെ, ഈ നിരോധനം എത്ര നാൾ നീണ്ടുനിൽക്കുമെന്നതിനെക്കുറിച്ചും പ്രസ്താവനയിൽ സൂചനയില്ല. ഭാവിയിൽ വരുത്തുന്ന മാറ്റങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

