Monday, November 25, 2024

‘ഞങ്ങളുടെ ജീവനും ജീവിതവും സുരക്ഷിതമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’! ദക്ഷിണാഫ്രിക്കയില്‍ കൂട്ട ബലാത്സംഗത്തിന് ഇരകളായ പെണ്‍കുട്ടികള്‍ പറയുന്നു

ഒരു സംഗീത വീഡിയോ ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് അവര്‍, എട്ട് സ്ത്രീകളും പത്ത് പുരുഷന്‍മാരും അടങ്ങിയ സംഘം ദക്ഷിണാഫ്രിക്കയിലെ ഉപേക്ഷിക്കപ്പെട്ട ആ സ്വര്‍ണ്ണ ഖനിക്കരികിലെത്തിയത്. ചിത്രീകരണം നടക്കുന്നതിനിടെ, ഒരു സംഘം ആളുകള്‍ ആയുധങ്ങളുമായി കുറ്റിക്കാടുകള്‍ക്കിടയില്‍നിന്നും അവര്‍ക്കരികിലേക്ക് എത്തി. തുരുതുരാ നിറയൊഴിച്ചശേഷം ആളുകളെ ഭയപ്പെടുത്തിയശേഷം അവര്‍ എട്ടു യുവ മോഡലുകളെയും ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്തു. അതിനുശേഷം, അവര്‍ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും കൈയിലുണ്ടായിരുന്ന ആഭരണങ്ങളും മൊബൈല്‍ ഫോണുകളും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും പണവും തട്ടിയെടുത്തു.

ജൊഹാനസ് ബര്‍ഗ് സ്വദേശികളായ എട്ട് യുവ മോഡലുകളാണ് ചിത്രീകരണത്തിന് ഉണ്ടായിരുന്നത്. ഇവര്‍ക്കൊപ്പം ചിത്രീകരണം നടത്താനുള്ള സാങ്കേതിക വിദഗ്ധരുടെ സംഘവും ഉണ്ടായിരുന്നു. അതിനിടെയാണ് കുറ്റിക്കാടുകളില്‍നിന്നും പൊടുന്നനെ സായുധരായ സംഘം പ്രത്യക്ഷപ്പെട്ടത്. സ്ത്രീകള്‍ കുറ്റിക്കാടുകളിലേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സംഘം അവരെ പിടികൂടി. എതിര്‍ക്കാന്‍ ശ്രമിച്ച പുരുഷന്‍മാരെ ഇവര്‍ വെടിവെച്ചു വീഴ്ത്തി. അതിനു ശേഷമാണ് ഓരോ സ്ത്രീകളെയായി സംഘം നഗ്നരാക്കി നിലത്തു കിടത്തി ക്രൂരമായി ബലാല്‍സംഗം ചെയ്തത്. പത്തും പതിനഞ്ചും തവണ ഈ സ്ത്രീകളെ സംഘത്തിലുള്ളവര്‍ ബലാല്‍സംഗം ചെയ്തു. സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മോഡലിന് 19 വയസ്സാണുള്ളത്. മുതിര്‍ന്ന മോഡലിന് 37 വയസ്സ്. മുതിര്‍ന്ന മോഡലിനെ പതിനഞ്ച് തവണയിലേറെ ബലാല്‍സംഗം ചെയ്തതായാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ജൊഹാനസ് ബര്‍ഗിന്റെ പ്രാന്തപ്രദേശമായ ക്രൂഗേഴ്സ് ഡ്രോപ്പിലുള്ള വെസ്റ്റ് ഗ്രാമത്തിലെ വിജനമായ, 1800 കാലത്ത് പ്രവര്‍ത്തിനമാരംഭിച്ച സ്വര്‍ണ്ണഖനിക്കടുത്തുവെച്ചാണ് അതിക്രൂരമായ സംഭവം നടന്നത്. ഈ ഖനി കുറേ കാലമായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഇവിടെ സ്വര്‍ണ്ണം വല്ലതും ബാക്കിയുണ്ടോ എന്ന തിരച്ചിലിനായി എത്തിയ സമാ സമാ എന്നറിയപ്പെടുന്ന അനധികൃത കുടിയേറ്റക്കാരാണ് ഈ അതിക്രമം നടത്തിയതെന്നാണ് പ്രദേശവാസികളും പൊലീസും പറയുന്നത്.

നാലു മണിക്കൂറോളം നീണ്ട ക്രൂരതയുടെ അവസാന ഘട്ടത്തില്‍ വിവരമറിഞ്ഞ് പൊലീസ് എത്തി. അവര്‍ സായുധ സംഘവുമായി ഏറ്റുമുട്ടുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വെടിവെപ്പില്‍ മൂന്ന് അനധികൃത കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരില്‍ പലരും രക്ഷപ്പെട്ടുവെങ്കിലും പൊലീസ് പിന്നാലെ പോയി താവളങ്ങളില്‍ വെച്ച് ഇവരെ പിടികൂടുകയായിരുന്നു. കൂട്ട ബലാല്‍സംഗ കേസില്‍ 81 പേരെയാണ് അവര്‍ അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ സ്ത്രീകളെയും പുരുഷന്‍മാരെയും പൊലീസ് ആശുപത്രിയില്‍ എത്തിച്ചു.

മറ്റ് രാജ്യങ്ങളില്‍നിന്നും യാതൊരു രേഖകളുമില്ലാതെ ഇവിടെയെത്തിയവരാണിവര്‍. വന്‍ സംഘങ്ങളായി പ്രവര്‍ത്തിക്കുന്ന ഈ സംഘങ്ങള്‍ സമീപവാസികളുടെയും പേടി സ്വപ്നമാണ്. ഇവിടെയുള്ള സ്ത്രീകളെ സംഘം വ്യാപകമായി ബലാല്‍സംഗം ചെയ്യുന്നതായി നേരത്തെ മുതലേ പരാതികളുണ്ടായിരുന്നു. കാലങ്ങളായി തട്ടിപ്പറിയും മോഷണവുമായി വിലസുകയാണ് ഇവരെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. അടിയന്തരാവസ്ഥയ്ക്കും ആളുകള്‍ ആഹ്വാനം ചെയ്യുന്നു. പ്രതികളെ വന്ധീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എങ്കിലും അറസ്റ്റിലായ പ്രതികളില്‍ ആരെയും ബലാത്സംഗ കുറ്റം ചുമത്തിയിട്ടില്ല. കാരണം ഡിഎന്‍എ പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് പോലീസ് പറയുന്നു. അധികൃതരുടെ മെല്ലെപ്പോക്കില്‍ കോപാകുലരായ ജനക്കൂട്ടം വിദേശ ഖനിത്തൊഴിലാളികളെ കണ്ടെത്താനും പ്രതികാരമായി അവരുടെ വീടുകള്‍ കത്തിക്കാനും ശ്രമിച്ചു.

ബലാത്സംഗത്തെ അതിജീവിച്ചവരില്‍ മൂന്ന് പേര്‍ തങ്ങളുടെ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി. ‘ഞങ്ങള്‍ മരിക്കുമെന്ന് ഞങ്ങള്‍ കരുതി. കുറ്റിക്കാടുകളില്‍ നിന്നും വെടിവച്ചുകൊണ്ട് കുതിച്ചെത്തുകയായിരുന്നു അവര്‍. പേടിച്ച്, ഞങ്ങളില്‍ ചിലര്‍ ഓടാന്‍ ശ്രമിച്ചു. പക്ഷേ പെട്ടെന്ന് അവര്‍ ഞങ്ങളെ വളഞ്ഞു. പിന്നീട് നടന്നത് മണിക്കൂറുകളോളം നീണ്ടുനിന്ന ഭയാനകമായ ലൈംഗികാതിക്രമമായിരുന്നു’. ഇരകളിലൊരാള്‍ പറഞ്ഞു. കൂട്ടത്തില്‍ മെലിഞ്ഞ പെണ്‍കുട്ടിയെ നിനക്ക് വേണ്ടത്ര മാംസം ഇല്ലെന്ന് പറഞ്ഞ് ഒരു ആഴമില്ലാത്ത കുഴിയിലേക്ക് എറിയുകയും അവളെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിക്കുകയും ചെയ്തു. ആക്രമണകാരികളുമായി സഹകരിക്കാന്‍ വിസമ്മതിച്ച മറ്റൊരു പെണ്‍കുട്ടിയെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചു.

‘അവര്‍ ജയിലില്‍ കിടന്ന് നരകിച്ച് മരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഞങ്ങളുടെ ശരീരം സുരക്ഷിതമായിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് സുരക്ഷിതമായ ഇടങ്ങളും വേണം. പുറത്തിറങ്ങാന്‍ ഞങ്ങള്‍ ഭയപ്പെടേണ്ട അവസ്ഥ ഉണ്ടാകാന്‍ പാടില്ല. പോലീസിനെ അവരുടെ അന്വേഷണത്തില്‍ സഹായിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതുവഴി ആക്രമണകാരികളെ തിരിച്ചറിയുകയും പ്രോസിക്യൂട്ട് ചെയ്യുകയും വേണം. ഞങ്ങളെപ്പോലെ അതിജീവിക്കാത്ത മറ്റെല്ലാ സ്ത്രീകള്‍ക്ക് വേണ്ടിയും ഇത് ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’. അവര്‍ പറയുന്നു.

ക്രുഗെര്‍സ്ഡോര്‍പ്പ് ആക്രമണത്തിലെ കുറ്റക്കാര്‍ വേണ്ട രീതിയില്‍ വിചാരണ ചെയ്യപ്പെടുമോ എന്നാണ് ദക്ഷിണാഫ്രിക്കയിലെ ജനങ്ങള്‍ ഉറ്റുനോക്കുന്നത്. അല്ലാത്തപക്ഷം, ഇനിയും കൂടുതല്‍ ജീവിതങ്ങള്‍ നശിപ്പിക്കപ്പെടുമെന്ന് ആളുകള്‍ ഭയപ്പെടുന്നു.

Latest News