എല്ലാ രക്ഷിതാക്കളുടേയും ആഗ്രഹമാണ് തങ്ങളുടെ കുട്ടികള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ നല്‍കണമെന്നത്. സ്പോര്‍ട്സ് ഐക്കണുകളുടെയോ സിനിമാ താരങ്ങളുടെയോ ഒക്കെ പേര് മക്കള്ക്കിടുന്നവരുണ്ട്. എന്നാല്‍ ചിലര്‍ക്ക് തികച്ചും വ്യത്യസ്തമായ കാര്യങ്ങളില്‍ നിന്നോ സംഭവങ്ങളില്‍ നിന്നോ കുട്ടികള്‍ക്ക് പേര് കണ്ടെത്താന്‍ പ്രചോദനം ലഭിക്കുന്നു.
ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിടുമ്പോള്‍, രാജ്യത്തുടനീളമുള്ള തികച്ചും വ്യത്യസ്തമായ പേരുകളുള്ള ആറ് പേരെ പരിചയപ്പെടാം. അവരുടെ ജനനസമയത്ത് നടന്ന ഒരോ ചരിത്ര സംഭവത്തിന്റെ പേരിലാണ് അവരുടെ മാതാപിതാക്കള്‍ അവര്‍ക്ക് പേരിട്ടത്.
ആസാദ് കപൂര്‍
ആസാദ് കപൂര്‍ ജനിച്ചത് 1947 ആഗസ്റ്റ് 15-ന് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസമാണ്. ‘ഞാന്‍ ജനിച്ചപ്പോള്‍ എന്റെ കുടുംബം സ്വാതന്ത്രവും ആഘോഷിച്ചു. ഭാരതമാതാവ് വീട്ടില്‍ വന്ന് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടിത്തന്നതായി എല്ലാവരും കരുതി. അതുകൊണ്ട് എനിക്ക് ആസാദ് എന്ന പേരും അവരിട്ടു’. അവര്‍ പറയുന്നു.
ആസാദ് എന്ന വാക്കിനര്‍ത്ഥം സ്വതന്ത്രന് എന്നാണ്. ഒരു ആണ്‍കുട്ടിയുടെ പേരായതിനാല്‍ കുട്ടിക്കാലത്ത് ആസാദ് അവരുടെ പേരില്‍ അത്ര സന്തുഷ്ടയായിരുന്നില്ല. എന്നാല്‍ തിരിച്ചറിവായപ്പോള്‍ അവര്‍ ആ പേര് ഇഷ്ടപ്പെട്ടു തുടങ്ങി.
‘ആരും ഒരിക്കലും എന്റെ ജന്മദിനം മറക്കില്ല. എന്നെ അറിയാവുന്ന എല്ലാവരും ഓഗസ്റ്റ് 15 ന് എന്നെ ഓര്‍ക്കുന്നു. രാജ്യം മുഴുവന്‍ എന്റെ ജന്മദിനം ആഘോഷിക്കുന്നുണ്ടല്ലോ എന്ന് എന്റെ സുഹൃത്തുക്കള്‍ തമാശ പറയും’. അവര്‍ പറയുന്നു.
എമര്‍ജന്‍സി യാദവ്
ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ 1975 ജൂണ്‍ 26നാണ് യാദവ് ജനിച്ചത്. ‘ഇന്ത്യയുടെ ചരിത്രത്തിലെ ഈ സങ്കടകരവും ഇരുണ്ടതുമായ കാലഘട്ടത്തെക്കുറിച്ച് ആളുകള്‍ മറക്കാതിരിക്കാനാണ് എനിക്ക് ഈ പേര് നല്‍കിയതെന്ന് എന്റെ അച്ഛന് എന്നോട് പറഞ്ഞിട്ടുണ്ട’. അദ്ദേഹം പറയുന്നു.
രാജ്യത്തിന് നല്കിയ റേഡിയോ പ്രഖ്യാപനത്തില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് പറഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു, പത്രസ്വാതന്ത്ര്യം വെട്ടിക്കുറച്ചു, നിരവധി പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ചു.
അടിയന്തരാവസ്ഥയില്‍ പ്രതിപക്ഷ രാഷ്ട്രീയക്കാരനായിരുന്ന യാദവിന്റെ പിതാവ് രാം തേജ് യാദവ്, മകന് ജനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അറസ്റ്റിലാവുകയും ചെയ്തിരുന്നു. 22 മാസം ജയിലില്‍ കിടന്ന അദ്ദേഹം 1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് ശേഷമാണ് മകനെ കണ്ടത്. അപ്പോഴാണ് മകന് എമര്‍ജന്‍സി എന്ന പേര് നല്കിയതും.
കാര്‍ഗില്‍ പ്രഭു
1999-ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തര്‍ക്ക പ്രദേശമായ കശ്മീരിനെച്ചൊല്ലി കാര്‍ഗില്‍ യുദ്ധസമയത്ത് ജനിച്ച കാര്‍ഗില്‍ പ്രഭു, തന്റെ പേരിന്റെ പ്രാധാന്യം വളരെക്കാലം തിരിച്ചറിഞ്ഞിരുന്നില്ല.
‘ഈ സംഘട്ടനത്തിന്റെ പേരിലാണ് എനിക്ക് പേരിട്ടതെങ്കിലും, ഞാന്‍ വളര്‍ന്ന് ഗൂഗിള്‍ ചെയ്യുന്നത് വരെ എനിക്ക് അതിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. എന്റെ ചെറുപ്പത്തില്‍ തന്നെ അച്ഛന് മരിച്ചു. അതിനാല്‍ എന്റെ പേരിന്റെ അര്‍ത്ഥമെന്താണെന്ന് എന്നോട് വേറാരും പറഞ്ഞു തന്നതുമില്ല’. കാര്‍ഗില്‍ പറയുന്നു.
കാര്‍ഗില്‍ ഇപ്പോള്‍ തെക്കന്‍ നഗരമായ ചെന്നൈയില്‍ ഒരു വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്നു. തന്റെ പേരിലുള്ള പട്ടണം ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ലെന്നും എന്നാല്‍ താന്‍ തീര്‍ച്ചയായും അവിടം അടുത്തു തന്നെ സന്ദര്‍ശിക്കുമെന്നും കാര്‍ഗില്‍ പറയുന്നു.
‘ഞാന്‍ യുദ്ധത്തില്‍ വിശ്വസിക്കുന്നില്ല, എന്നാല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യക്ക് സ്വയം പ്രതിരോധിക്കേണ്ടി വന്നു, അത് ശരിയായ തീരുമാനമായിരുന്നു’. കാര്‍ഗില്‍ പ്രഭു പറഞ്ഞു.
സുനാമി റോയ്
തന്റെ മകന് ജനിച്ച ദിവസം ഓര്‍ക്കുമ്പോള്‍ സുനാമിയുടെ അമ്മയുടെ കണ്ണുകള്‍ ഈറനണിയും. 2004-ല്‍ സുനാമി ആഞ്ഞടിച്ച ആന്‍ഡമാന്‍ ദ്വീപസമൂഹത്തിലെ ഒരു ചെറിയ കുന്നിന് മുകളില്‍ അഭയം പ്രാപിച്ചപ്പോള്‍ മൗനിത റോയ് ഗര്‍ഭിണിയായിരുന്നു.
‘മൂത്ത മകനോടൊപ്പം രക്ഷപ്പെടാന്‍ ഞാന്‍ എന്റെ ഭര്‍ത്താവിനോട് പറഞ്ഞു. എനിക്കും എന്റെ വയറ്റിലെ കുഞ്ഞിനും ഒരു പ്രതീക്ഷയുമില്ലായിരുന്നു. ഏകദേശം 11 മണിയോടെ ഒരു പാറയുടെ മുകളില്‍, ഇരുട്ടില്‍, യാതൊരു സഹായവും മരുന്നുകളും കൂടാതെ പ്രസവിച്ചു’. മൗനിത പറയുന്നു.
ഒരു ദുരന്തത്തിന്റെ പേരായതിനാല്‍ സുനാമിയെ പലരും കളിയാക്കാറുണ്ട്. എന്നാല്‍ അവന്റെ അമ്മയെ സംബന്ധിച്ചിടത്തോളം ഈ പേര് പ്രതീക്ഷയും അതിജീവനവുമാണ് സൂചിപ്പിക്കുന്നത്.
‘കുടുംബാംഗങ്ങളുടെ മരണത്തില്‍ വിലപിക്കുന്ന ആളുകളുടെ നടുവിലാണ് എന്റെ മകന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പ്രതീക്ഷയുടെ കിരണമായി ഈ ഭൂമിയിലേക്ക് വന്നത്. അന്ന് സംഭവിച്ച നല്ല കാര്യം എന്റെ മകന്റെ ജനനം മാത്രമാണ്’. മൗനിത പറയുന്നു.
ഖസാഞ്ചി
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിത പ്രഖ്യാപനം നടത്തി ഏതാനും ആഴ്ചകള്‍ക്ക് ശേഷം ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു ശാഖയിലാണ് ഖസാഞ്ചി ജനിച്ചത്.
ഇന്ത്യയില്‍ നോട്ട് നിരോധനമെന്ന വലിയ പണക്ഷാമത്തിന് കാരണമായ ഈ നീക്കത്തിന് ശേഷം കുറച്ച് പണം പിന്‍വലിക്കാന്‍ വരിയില്‍ നില്ക്കുമ്പോള് ഖസാഞ്ചിയുടെ അമ്മ സര്‍വേഷാ ദേവിക്ക് പ്രസവവേദന അനുഭവപ്പെട്ടു.
‘അവന് ഒരു ബാങ്കില്‍ ജനിച്ചതിനാല്‍, അവനെ ഖസാഞ്ചി (കാഷ്യര്‍) എന്ന് വിളിക്കണമെന്ന് എല്ലാവരും പറഞ്ഞു’. ദേവി പറയുന്നു.
എന്നാല്‍ ഖസാഞ്ചിയുടെ കുടുംബത്തിന് അദ്ദേഹത്തിന്റെ പേര് ഭാഗ്യം കൊണ്ടുവന്നു. ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷ നേതാവ് ഈ വര്‍ഷം ആദ്യം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്റെ പ്രചാരണത്തിലെ താരങ്ങളില്‍ ഒരാളായി ഖസാഞ്ചിയെ മാറ്റി.
ലോക്ക്ഡൗണ്‍ കക്കണ്ടി
2020-ല്‍ ഇന്ത്യയില്‍ കൊവിഡ് മൂലമുള്ള അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷം ജനിച്ച ലോക്ക്ഡൗണ്‍ കക്കണ്ടി ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ഖുഖുണ്ടു എന്ന ചെറിയ ഗ്രാമത്തിലെ ഒരു സെലിബ്രിറ്റിയാണ്.
‘ലോക്ക്ഡൗണിന്റെ പാരമ്യത്തിലാണ് എന്റെ മകന് ജനിച്ചത്. എന്റെ ഭാര്യയെ പ്രസവത്തിനായി കൊണ്ടുപോകാന്‍ വാഹനം കണ്ടെത്തുന്നത് പോലും വളരെ ബുദ്ധിമുട്ടായിരുന്നു. പല ഡോക്ടര്‍മാരും രോഗികളെ പരിചരിക്കാന്‍ പോലും തയ്യാറായില്ല. ഭാഗ്യവശാല്‍ എന്റെ മകന് സങ്കീര്‍ണതകളൊന്നുമില്ലാതെ ജനിച്ചു. ആ സമയത്ത് ആളുകള്‍ എന്താണ് അനുഭവിച്ചിരുന്നത് എന്നതിന്റെ ഓര്‍മ്മപ്പെടുത്തലായി അവന്റെ പേര് മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’. ലോക്ക്ഡൗണിന്റെ പിതാവ് പവന് കുമാര്‍ പറയുന്നു.
ലോക്ക്ഡൗണിന്റെ ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും, എല്ലാവര്ക്കും അവന്റെ വീടറിയാം. പലരും അവനെ കാണാന്‍ അവന്റെ വീട്ടില്‍ എത്താറുമുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യയുടെ ചരിത്ര സംഭവങ്ങളുടെ പേരില്‍ അറിയപ്പെടുന്നവര്‍ വീണ്ടും ജനശ്രദ്ധ നേടുകയാണ്. ഒപ്പം, തങ്ങളുടെ രാജ്യത്തെ പ്രതി അഭിമാനം കൊള്ളുകയും ചെയ്യുന്നു.