സ്‌പെയിനിലുടനീളം വ്യാപിച്ചുകിടക്കുന്ന ഫലഭൂയിഷ്ഠമായ സമതലങ്ങള്‍ നിറയെ ഒലിവ് മരങ്ങളാണ്. അതുകൊണ്ടു തന്നെ ഈ രാജ്യമാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ഒലിവ് എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം. ആഗോള വിതരണത്തിന്റെ പകുതിയോളം വരും, സ്‌പെയിനില്‍ നിന്നുള്ള ഒലിവ് ഓയില്‍. ‘പച്ച സ്വര്‍ണ്ണം’ എന്നാണ് സ്‌പെയിനില്‍ ഒലിവ് ഓയില്‍ അറിയപ്പടുന്നതും.
എന്നാല്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും മോശം വരള്‍ച്ചയിലൂടെ കടന്നുപോകുന്നതിനാല്‍ സ്‌പെയിനിന്റെ പച്ച സ്വര്‍ണ്ണത്തിന്റെ വിളവ് ഇത്തവണ മൂന്നിലൊന്നായി കുറഞ്ഞു. ഒലിവ് ഓയില്‍ ദൗര്‍ലഭ്യം ആദ്യമായി ഈ രാജ്യം അനുഭവിച്ചു. മാത്രവുമല്ല, ഇപ്പോഴും മഴയുടെ ലക്ഷണം സ്‌പെയിനിലില്ല.
സ്പാനിഷ് എണ്ണയുടെ പകുതിയും ഉത്പാദിപ്പിക്കുന്ന ഒരു പ്രവിശ്യയായ ജാനിലെ ഇന്ററോലിയോ ഫാക്ടറിയില്‍, ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞു. തത്ഫലമായി വില കുതിച്ചുയരുകയും ആഗോള ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യുന്നു.
സ്പെയിനിന്റെ ഈ സുപ്രധാന മേഖല ഇപ്പോള്‍ അപകടത്തിലാണെന്ന് സഹകരണ മേധാവി ജുവാന്‍ ഗാഡിയോ പറയുന്നു. ‘ഈ മാന്ദ്യത്തോടെ, ഞങ്ങള്‍ക്ക് ചില തൊഴിലാളികളെ പിരിച്ചുവിടേണ്ടി വന്നേക്കാം. വിഷാദവും അനിശ്ചിതത്വവും സമൂഹത്തിലാകെ അനുഭവപ്പെടുന്നു. ഇതുപോലെ ഒരു വര്‍ഷം കൂടിയുണ്ടായാല്‍ അത് ഒരു സമ്പൂര്‍ണ്ണ ദുരന്തമായിരിക്കും’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്പിലെ കാര്‍ഷിക മേഖലയിലുടനീളമുള്ള സമാനമായ ഒരു ചിത്രമാണിത്. ഐബീരിയന്‍ ഉപദ്വീപിന്റെ ഭാഗങ്ങള്‍ 1,200 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് നേരിടുന്നതെന്ന് സമീപകാല ഗവേഷണങ്ങള്‍ കണ്ടെത്തി. 500 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് യൂറോപ്പ് അനുഭവിക്കുന്നതെന്ന് ഗ്ലോബല്‍ ഡ്രോട്ട് ഒബ്‌സര്‍വേറ്ററിയുടെ സമീപകാല റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂഖണ്ഡത്തിലുടനീളമുള്ള നിരവധി രാജ്യങ്ങള്‍ കാട്ടുതീയും ഉഷ്ണതരംഗവുമായി പൊരുതുകയാണ്.
സൂര്യകാന്തി എണ്ണയുടെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദക രാജ്യമായ യുക്രെയ്‌നില്‍ നിന്നുള്ള നഷ്ടം നികത്താനായി ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ സ്പാനിഷ് കര്‍ഷകര്‍ കൂടുതല്‍ സൂര്യകാന്തിപ്പൂക്കള്‍ നട്ടുപിടിപ്പിക്കുന്നുണ്ടായിരുന്നു. എങ്കിലും വര്‍ഷാവസാനത്തോടെ മഴ പെയ്തില്ലെങ്കില്‍, സൂര്യകാന്തി നടുന്നതിലും അര്‍ത്ഥമില്ലെന്ന് സ്‌പെയിനിലെ കര്‍ഷകര്‍ പറയുന്നു.
യൂറോപ്പില്‍ സ്‌പെയിനിനെയാണ് കാലാവസ്ഥ കൂടുതല്‍ പ്രതികൂലമായി ബാധിച്ചത്. യൂറോപ്യന്‍ ഫോറസ്റ്റ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അനുസരിച്ച് ഈ വര്‍ഷം ഇവിടെ 270,000 ഹെക്ടറിലധികം കത്തിനശിച്ചു. കടുത്ത ചൂടും മഴയുടെ അഭാവവും സ്പെയിനിലെ പ്രകൃതിദത്ത ജലശേഖരത്തിന്റെ തോത് ഗണ്യമായി കുറയുന്നതിന് കാരണമായി. മറ്റിടങ്ങളില്‍, നദികളുടെ അടിയില്‍ വളരെക്കാലമായി മറഞ്ഞിരുന്ന മധ്യകാല കടല്‍ത്തീര ഗ്രാമങ്ങള്‍ വെള്ളം വറ്റിയപ്പോള്‍ തെളിഞ്ഞുവന്നു.
സ്പാനിഷ് ഗവണ്‍മെന്റ് ഇപ്പോള്‍ ഡീസലിനേഷന്‍ പ്ലാന്റുകള്‍ വികസിപ്പിക്കുകയും പുതിയവ നിര്‍മ്മിക്കുകയും ചെയ്യുന്നു. ജലക്ഷാമം ലഘൂകരിക്കാന്‍ സമുദ്രത്തെ ഉപയോഗപ്പെടുത്തുന്നു. കാംപോ ഡി ഡാലിയസില്‍, തീരദേശ നഗരമായ അല്‍മേരിയയ്ക്ക് സമീപം, കടല്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. അതില്‍ നിന്ന് വെള്ളം ശുദ്ധീകരിച്ചെടുക്കുന്നു. പ്ലാന്റ് പ്രതിദിനം 90,000 ക്യുബിക് മീറ്റര്‍ ശുദ്ധജലം ഉത്പാദിപ്പിക്കുന്നു. എന്നാല്‍ നാല് വര്‍ഷത്തിനുള്ളില്‍ ഇത് 130,000 ക്യുബിക് മീറ്ററായി ഉയര്‍ത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.
ഡീസലൈനേഷന്‍ പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന വെള്ളത്തിന്റെ പകുതി ഇവിടെയുള്ള വിളകള്‍ നനയ്ക്കാന്‍ ഉപയോഗിക്കുന്നു. യൂറോപ്യന്‍ യൂണിയനിലെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്നത് സ്‌പെയിനിലാണ്. എന്നാല്‍ ജലസേചനത്തിനായി എല്ലാ ജലസ്രോതസ്സുകളുടെയും 85% ഉപയോഗിക്കുന്നുവെന്നും ശേഷിക്കുന്ന 15% കൊണ്ട്, എല്ലാ ജല ആവശ്യങ്ങളും നിറവേറ്റാന്‍ കഴിയില്ലെന്നും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
രൂക്ഷമായ ജലക്ഷാമത്താല്‍ വലയുന്നതിനാല്‍ ഈ രാജ്യത്തെ ഇനി ‘യൂറോപ്പിന്റെ പൂന്തോട്ടം’ എന്ന് വിളിക്കാന്‍ കഴിയില്ല എന്നാണ് ചില ശാസ്ത്രജ്ഞര്‍ പറയുന്നത്.
മനുഷ്യനിര്‍മിതമായ കാലാവസ്ഥാ അടിയന്തരാവസ്ഥയാല്‍ സ്‌പെയിനിലെ സമ്പന്നമായ ഭൂമി ദരിദ്രമാവുകയാണ്. വിണ്ടുകീറിയ മണ്ണും വറ്റിപ്പോയ നദികളും, വാടിയ വിളകളുമാണ് അവശേഷിക്കുന്നത്. എങ്കിലും എല്ലാ ജലാവശ്യങ്ങളും നിറവേറ്റാനുള്ള മഴ ഉടന്‍ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ രാജ്യത്തെ ജനങ്ങള്‍. ‘യൂറോപ്പിന്റെ പൂന്തോട്ടം’ എന്ന് വിളിപ്പേര് അതുവഴി തിരികെ ലഭിക്കുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.