1991 ഓഗസ്റ്റ് 24 -നാണ് സോവിയറ്റ് യൂണിയനിൽ നിന്നും ഉക്രൈൻ സ്വാതന്ത്രമായത്. ഈ ദിനം തന്നെയാണ് അതിനു ശേഷം ഇങ്ങോട്ട് നീണ്ട മുപ്പതു വർഷങ്ങൾ ഉക്രെയ്നിയൻ ജനത സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നതും. പരേഡുകൾ, പടക്കങ്ങൾ, സംഗീതകച്ചേരികൾ, ആഘോഷങ്ങൾ തുടങ്ങിയവവുമായി ഈ ജനത തങ്ങളുടെ സ്വാതന്ത്ര്യം ആഘോഷിച്ചിരുന്നു. എന്നാൽ ഇന്ന് സാഹചര്യങ്ങൾ വ്യത്യാസമാണ്. യുദ്ധ വിമാനങ്ങളുടെ ഇരമ്പലുകളും ആക്രമണവും മിസൈൽ വീഴ്ചയും ഈ ജനതയെ വേട്ടയാടുകയാണ്. സ്വാതന്ത്രത്തിനു പകരം ഭീതിയുടെ പിടിയിലാണ് ഈ സമൂഹം. യുദ്ധം തുടങ്ങിയിട്ട് ആറുമാസങ്ങൾ പിന്നിടുമ്പോൾ തങ്ങളുടെ രാജ്യത്തിന്റെ വിജയത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ ജനത.
യുദ്ധം തുടങ്ങി ആറ് മാസങ്ങൾ പിന്നിടുന്നു. 17.7 ദശലക്ഷം ആളുകൾക്ക് മാനുഷിക സഹായവും സംരക്ഷണവും ആവശ്യമായി വരുന്ന അവസ്ഥയിലാണ് ഉക്രൈൻ. 6.4 ദശലക്ഷം ഉക്രേനിയൻ ജനത യൂറോപ്പിലേക്കു കുടിയേറി. 6. 6 ദശലക്ഷം പേർ രാജ്യത്തിനകത്ത് സുരക്ഷിതമായ സ്ഥലങ്ങളിലേക്കു പലായനം ചെയ്തു.
പിന്തുണയാഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർ
പ്രായമായവരെ പിന്തുണയ്ക്കുന്ന ഒരു ചാരിറ്റിയായ ഹെൽപ്പ് ഏജ് ഇന്റർനാഷണലിന്റെ അഭിപ്രായത്തിൽ ഉക്രെയ്നിലെ ജനസംഖ്യയുടെ നാലിലൊന്ന് 60 വയസ്സിനു മുകളിലാണ്. ഈ യുദ്ധത്തിന് മുമ്പുതന്നെ, 2014 മുതൽ കിഴക്കൻ ഉക്രെയ്നിലെ സംഘർഷം ബാധിച്ച മൂന്ന് ആളുകളിൽ ഒരാൾ പ്രായമായ വ്യക്തിയായിരുന്നു.
കുടിയൊഴിപ്പിക്കപ്പെട്ടവരിൽ അല്ലെങ്കിൽ അഭയാർത്ഥികളായി മാറിയവരിൽ പ്രായമായവരും ഉൾപ്പെടുന്നു. എന്നാൽ അവസാന നിമിഷമല്ലേ എന്ന് ഓർത്തോ, പരസഹായം കൂടാതെ സഞ്ചരിക്കുവാൻ കഴിയാത്തതുകൊണ്ടോ പ്രായമായ ആളുകൾ ഇപ്പോഴും യുദ്ധഭൂമിയിൽ തന്നെ അവശേഷിക്കുന്നു. സഹായങ്ങൾ ആവശ്യമെന്നിരിക്കെ പ്രായമായവരുടെ ആവശ്യങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുന്ന കാഴ്ചയാണ് ഉക്രൈനിൽ കാണാൻ കഴിയുന്നത്. ഈ സാഹചര്യത്തിൽ യുദ്ധത്തിന്റെ നടുവിലും പ്രായമായ മറ്റുള്ളവർക്ക് തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുന്ന മുതിർന്ന പൗരന്മാരും ഈ നാടിനെ വ്യത്യസ്തമാക്കുന്നു.
‘ഭാവിയിൽ, ഞങ്ങൾ സന്തുഷ്ടരും സ്വതന്ത്രരും ആയിരിക്കും’
യുദ്ധം തുടങ്ങി നാളുകൾക്കിപ്പുറം സ്വാതന്ത്ര്യം നേടിയ നാളുകളെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഏതാനും മുതിർന്ന പൗരന്മാർ. “ഈ വർഷം സ്വാതന്ത്ര്യദിനം തീർച്ചയായും കൂടുതൽ അർത്ഥവത്താകും. രാജ്യസ്നേഹം ഇപ്പോൾ വർധിച്ചിരിക്കുകയാണ്. മുൻപ് സ്വാതന്ത്ര്യ ദിനം എന്നത് ഒരു അവധി ദിനത്തിലേയ്ക്കോ ഒന്നിച്ചു കൂടി ഇരിക്കുന്നതിനുള്ള അവസരത്തിലേയ്ക്കോ ഒതുങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ അത് ഉക്രേനിയക്കാരുടെ ആന്തരിക ശക്തിയെയും അഭിമാനത്തെയും പ്രതിനിധീകരിക്കുന്നു.”- ഡിനിപ്രോയിലെ ഒരു മുത്തശ്ശി ടാറ്റിയാന മിൽക്കോ പറയുന്നു. “ഭാവിയിൽ, ഞങ്ങൾ സുഖകരവും സന്തുഷ്ടരും സ്വതന്ത്രരും ആയിരിക്കുമെന്ന് എനിക്കറിയാം. അന്ന് എല്ലാം ഉക്രെയ്ൻ ആയിരിക്കും,” – 62 കാരിയായ ടാറ്റിയാന ശുഭാപ്തി വിശ്വാസത്തോടെ പറയുന്നു.
“നമ്മുടെ സൈന്യവും നമ്മുടെ പ്രതിരോധവും ചെറുത്തുനിൽപ്പും തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ വർഷത്തെ സ്വാതന്ത്ര്യദിനം അർത്ഥമാക്കുന്നത് അതിലും കൂടുതലായിരുന്നു. കഴിഞ്ഞ ആറുമാസം സ്വാതന്ത്ര്യം എന്താണെന്നു എന്നെ ഒരുപാട് പഠിപ്പിച്ചു.”- 71 കാരിയായ വീര പറയുന്നു. വീര ജനിച്ചതും വളർന്നതും സോവിയറ്റ് യൂണിയനിൽ ആയിരുന്നു. പിന്നീട് ഉക്രെയ്നിയക്കാരിയാണ് താൻ എന്ന് തിരിച്ചറിഞ്ഞ ഇവർ നാട്ടിലേയ്ക്ക് മടങ്ങിയെത്തി. സ്വാതന്ത്ര്യത്തിനു ശേഷം ഈ രാജ്യം ഒരുപാട് മാറി എന്നും ആദ്യ ദശകങ്ങളിലേക്കാൾ ജീവിതം എളുപ്പമാക്കുന്ന പുരോഗമനങ്ങൾ ഉണ്ടായി എന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. തനിക്കു അന്നുമുതൽ ഇന്ന് വരെ രാജ്യസ്നേഹം വർദ്ധിക്കുക മാത്രമേ ചെയ്തിട്ടുള്ളു എന്നും രണ്ടു മക്കളുടെ അമ്മയായ വീര വെളിപ്പെടുത്തു. ഇന്ന് പ്രായാധിക്യത്തിലും തന്നെക്കാൾ അവശതയുള്ളവരെ സഹായിക്കുകയാണ് ഈ മുത്തശ്ശി.
“ഞങ്ങൾ വിജയിച്ചാൽ അധികാരികൾ മാറണം. ജനങ്ങൾ ഇനി അഴിമതി സഹിക്കില്ല, അതോടെ രാജ്യം നന്നാവാൻ തുടങ്ങും.” – 71 കാരനായ വ്‌ളാഡിമിർ ഷാവെറിൻ പറയുന്നു.
“എന്റെ ഉള്ളിൽ, ഞാൻ ഉക്രേനിയൻ ആണെന്ന് എനിക്ക് തോന്നുന്നു.” കിഴക്കൻ റഷ്യയിൽ നിന്നുള്ള 69-കാരിയായ ടാറ്റിയാന പറയുന്നു. അച്ഛൻ പട്ടാളത്തിൽ ആയിരുന്നതിനാൽ ടാറ്റിയാനയുടെ കുടുംബം പലയിടത്തും താമസം മാറി. 1975-ൽ അവൾ ഉക്രെയ്നിലെ സപ്പോരിസിയ മേഖലയിലേക്ക് ടാറ്റിയാന താമസം മാറി. “ഉക്രേനിയക്കാർ നമ്മുടെ സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നു. നമ്മൾ വിശ്വസിക്കുന്നത് നമുക്ക് പറയാം. റഷ്യയിലെ എന്റെ സുഹൃത്തുക്കൾ പറയുന്നത് അവർക്ക് ജനാധിപത്യമുണ്ടെന്ന്. നിങ്ങൾക്ക് ഒരു യുദ്ധത്തെ യുദ്ധമെന്ന് വിളിക്കാൻ കഴിയുന്നില്ലെങ്കിൽ അത് ഏത് തരത്തിലുള്ള ജനാധിപത്യമാണ്?” – ടാറ്റിയാന ചോദിക്കുന്നു.
ഉക്രേനിയയിൽ കഴിയുന്ന ഭൂരിഭാഗം പ്രായമായ ആളുകളും തങ്ങളുടെ സ്വാതന്ത്ര്യം സ്വപ്നം കണ്ടു ജീവിക്കുന്നവരാണ്. അടിച്ചമർത്തപ്പെടലുകൾക്കിടയിൽ നിന്ന് സ്വാതന്ത്ര്യം നേടിയവരാണ് അവർ. അവരുടെ ആ സ്വാതന്ത്ര്യത്തെ ആണ് യുദ്ധത്തിലൂടെ റഷ്യ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നത്. അതിനാൽ തന്നെ സ്വാതന്ത്ര്യത്തിന്റെ വില കൊടുത്താൽ മനസിലാക്കുവാൻ ഇവർക്ക് കഴിയും. അതുപോലെ തന്നെ സ്വാതന്ത്ര്യത്തിനും ജയത്തിനും വേണ്ടിയുള്ള ഇവരുടെ പ്രതീക്ഷയും ഉയരട്ടെ.