1952ല്‍ വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ചീറ്റകള്‍ ഇന്ത്യയില്‍ വിഹരിക്കാന്‍ പോകുന്നത്. ഇന്ന്, ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളുടെ സംഘം ഇന്ത്യയില്‍ എത്തി. മധ്യേന്ത്യയിലെ ദേശീയ ഉദ്യാനത്തില്‍ വിട്ടയക്കുന്നതിന് മുമ്പ് അവര്‍ ഒരു മാസത്തെ ക്വാറന്റൈനില്‍ പോകും.
മണിക്കൂറില്‍ 70 മൈല്‍ (113 കിലോമീറ്റര്‍) വേഗതയില്‍ ഓടാന്‍ കഴിവുള്ള ലോകത്തിലെ ഏറ്റവും വേഗതയേറിയ മൃഗങ്ങളാണ് ഇവ. ഇതാദ്യമായാണ് ഒരു വലിയ മാംസഭോജിയെ ഒരു ഭൂഖണ്ഡത്തില്‍ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് മാറ്റുന്നതും കാട്ടില്‍ വീണ്ടും എത്തിക്കുന്നതും. വംശനാശം സംഭവിച്ച ചീറ്റകളെ തിരികെ കൊണ്ടുവരാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
ലോകത്തിലെ 7,000 ചീറ്റകളില്‍ മൂന്നിലൊന്നിലധികം ദക്ഷിണാഫ്രിക്കയിലാണുള്ളത്. അതുകൊണ്ടു തന്നെ നമീബിയയില്‍ നിന്നും കുറഞ്ഞത് 20 ചീറ്റകളെങ്കിലും ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. രണ്ടിനും ആറിനും ഇടയില്‍ പ്രായമുള്ള എട്ടെണ്ണമാണ് (അഞ്ച് പെണ്ണും മൂന്ന് ആണും) ആദ്യ ബാച്ചില്‍ എത്തുക. ആദ്യ ബാച്ച് ഇന്ന് നമീബിയയിലെ വിന്‍ഡ്ഹോക്കില്‍ നിന്ന് ഇന്ത്യന്‍ നഗരമായ ഗ്വാളിയോറിലേക്ക് എത്തും. പരിഷ്‌കരിച്ച പാസഞ്ചര്‍ ബോയിംഗ് 747 വിമാനത്തിലാണ് ഭൂഖണ്ഡാന്തര യാത്ര നടത്തുന്നത്. വന്യജീവി വിദഗ്ധരും വെറ്ററിനറി ഡോക്ടര്‍മാരും മൂന്ന് ബയോളജിസ്റ്റുകളും യാത്രയിലുടനീളം മൃഗങ്ങളെ അനുഗമിക്കും.
ഗ്വാളിയോറില്‍ നിന്ന് ചീറ്റകളെ ഹെലികോപ്റ്ററില്‍ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് മാറ്റും. അവിടെ നിന്ന് മോദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അവരെ തുറന്നുവിടും. 289 ചതുരശ്ര മൈല്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന കുനോ ദേശീയോദ്യാനം ചീറ്റകള്‍ക്ക് ധാരാളം ഇരകളുള്ള ഒരു വിശാലമായ സങ്കേതമാണ്.
ഓരോ ചീറ്റയ്ക്കും പ്രത്യേകം സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ അവയെ നിരീക്ഷിക്കുകയും മൃഗങ്ങളുടെ ചലനം നിരന്തരം വീക്ഷിക്കുകയും ചെയ്യും. ജിയോലൊക്കേഷന്‍ അപ്ഡേറ്റുകള്‍ക്കായി ഓരോ ചീറ്റയിലും സാറ്റലൈറ്റ് റേഡിയോ കോളറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വേട്ടയാടല്‍, ആവാസവ്യവസ്ഥയുടെ നഷ്ടം, ഭക്ഷ്യക്ഷാമം എന്നിവയുടെ സംയോജനമാണ് ഇന്ത്യയില്‍ ചീറ്റപ്പുലികളുടെ തിരോധാനത്തിലേക്ക് നയിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ 200 ചീറ്റകളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യത്ത് വംശനാശം സംഭവിച്ച ഏക വലിയ സസ്തനിയാണ് ചീറ്റ.
1950 മുതല്‍ ഇന്ത്യ ചീറ്റകളെ പുനരവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. 1970-കളില്‍ ഇറാനില്‍ നിന്നുള്ള ഒരു ശ്രമം വിജയിച്ചില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചത് 2009-ലാണ്. ഇതിനായി 2010-നും 2012-നും ഇടയില്‍ നിരവധി സ്ഥലങ്ങളില്‍ സര്‍വേ നടത്തുകയും മധ്യപ്രദേശിലെ കുനോ നാഷനല്‍ പാര്‍ക്ക് ചീറ്റകള്‍ക്ക് യോജിച്ച ഇടമാണെന്ന് കണ്ടെത്തുകയും ചെയ്തു. അപകടാവസ്ഥയിലായ ഏഷ്യന്‍ സിംഹങ്ങളുടെ സംരക്ഷണത്തിനായി ഇവിടെ മുന്‍പ് പല നടപടികളും എടുത്തതും ഈ തീരുമാനത്തിലേക്ക് നയിച്ചു.
ചീറ്റപ്പുലികളുടെ പുനരവതരണം പ്രാദേശിക സമ്പദ്വ്യവസ്ഥയെ കെട്ടിപ്പടുക്കുമെന്നും ആവാസവ്യവസ്ഥയെ പുനഃസ്ഥാപിക്കാന്‍ സഹായിക്കുമെന്നും പദ്ധതിയുടെ വക്താക്കള്‍ പറയുന്നു. എന്നാല്‍ മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത് എപ്പോഴും അപകടസാധ്യതകള്‍ നിറഞ്ഞതാണെന്നും ചീറ്റപ്പുലികളെ പാര്‍ക്കില്‍ തുറന്നുവിടുന്നത് അവയെ ദോഷകരമായി ബാധിക്കുമെന്നും ചിലര്‍ ആശങ്കപ്പെടുന്നു.
തന്റെ കാലത്ത് 10,000 ചീറ്റകള്‍ ഉണ്ടായിരുന്നതായി മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടോടെ ചീറ്റകളുടെ എണ്ണം വെറും ഇരുനൂറായി കുറഞ്ഞുവെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. 70 വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ ചീറ്റയെ അവസാനമായി കണ്ടതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് അവശേഷിച്ചിരുന്ന മൂന്ന് ചീറ്റകളെ മധ്യപ്രദേശിലെ കൊറിയയിലുള്ള മഹാരാജാ രാമാനുജ് പ്രതാപ് സിംഗ് ദേവ് 1947-ല്‍ കൊന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. രാജ്യത്ത് ചീറ്റയുടെ വംശനാശം സംഭവിച്ചതായി 1952 സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
2009ല്‍ പദ്ധതിയിട്ട പ്രൊജക്ട് ചീറ്റയ്ക്ക് 2020-ലാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. പൈലറ്റ് അടിസ്ഥാനത്തില്‍ ചീറ്റകളെ ഇന്ത്യയില്‍ കൊണ്ടുവന്ന് വളര്‍ത്താനായിരുന്നു പദ്ധതി. ഇതിനായി ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യയും നമീബിയയും തമ്മില്‍ ധാരണയായി. ചീറ്റകളെ പുതുതായി കൊണ്ടുവരുന്നത് കുനോയിലെ ടൂറിസത്തിനും ഗുണകരമാകുമെന്നും അധികൃതര്‍ കരുതുന്നു.