സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ സമയം 03:00. തെരുവുകള്‍ വിജനമാണ്. എന്നാല്‍ നഗരമധ്യത്തിലുള്ള ഒരു ചെറിയ ഫ്‌ലാറ്റില്‍, രണ്ട് യുവതികള്‍ ഉണര്‍ന്നിരുന്ന്, റഷ്യയില്‍ യുദ്ധവിരുദ്ധ പ്രതിഷേധം സംഘടിപ്പിക്കാനുള്ള തയാറെടുപ്പ് നടത്തുന്നു. റഷ്യയില്‍ യുദ്ധവിരുദ്ധ വികാരം ഏതെങ്കിലും രീതിയില്‍ പ്രകടിപ്പിക്കുന്നത് വളരെ അപകടകരമായിരിക്കെയാണ് അവര്‍ ഈ സാഹസത്തിന് തയാറാവുന്നത്.
ആ രാത്രി നഗരത്തിലെ ഒരു സ്‌കൂളിന് പുറത്തുള്ള നടപ്പാതയില്‍ യുദ്ധവിരുദ്ധ സന്ദേശം പെയ്ന്റ് ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ആര്‍ക്കും എളുപ്പത്തില്‍ ദൃശ്യമാകുന്ന തരത്തിലാണ് യുദ്ധ വിരുദ്ധ സന്ദേശം അവര്‍ പെയിന്റ് ചെയ്യുക.
‘ആരുടേയും കണ്ണില്‍ പെടാതെ, രാത്രിയില്‍, ആരുമില്ലാത്ത പ്രദേശങ്ങളിലാണ് ഞങ്ങള്‍ യുദ്ധവിരുദ്ധ പോസ്റ്ററുകള്‍ പതിക്കുന്നത്. ഹുഡ്‌സും മാസ്‌കും ധരിച്ച് സിസിടിവി ക്യാമറകളില്‍ നിന്നും പരമാവധി ഒളിക്കും’. മിത്യ എന്ന ആക്ടിവിസ്റ്റ് പറയുന്നു.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ രണ്ടാം ദിവസം മുതല്‍ ഉയര്‍ന്നുവന്ന ഒരു രഹസ്യ പ്രതിഷേധ ഗ്രൂപ്പാണ് ‘ഫെമിനിസ്റ്റ് ആന്റി വാര്‍ റെസിസ്റ്റന്‍സ്’. അമ്മമാരെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഒരു പരമ്പരയുടെ ഭാഗമാണിത്. കാരണം ഒരു ദിവസം ഓരോ അമ്മമാര്‍ക്കും അവരുടെ മക്കളെ യുദ്ധത്തിന് അയക്കേണ്ടി വന്നേക്കാം. ആ വേദനയിലാണ് രാജ്യത്തെ പല അമ്മമാരും ഇപ്പോള്‍ ജീവിക്കുന്നത്.
ഈ ഗ്രൂപ്പിലെ സജീവ പ്രവര്‍ത്തകരാണ് മിത്യയും വോറോബെയും. യുക്രെയ്‌നിലെ റഷ്യയുടെ പ്രവര്‍ത്തനങ്ങളില്‍ ഞെട്ടിപ്പോയതിനാലാണ് ഈ ഗ്രൂപ്പില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ‘യുദ്ധം ഭയാനകമാണ്. അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത, തികച്ചും വിവേകശൂന്യമായ, സാമ്രാജ്യത്വ യുദ്ധമാണ്’. മിത്യ പറഞ്ഞു. തങ്ങളുടെ യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍ മറ്റുള്ളവരെ ആകര്‍ഷിക്കുമെന്നും ചിന്തിപ്പിക്കുമെന്നും ഗ്രൂപ്പ് പ്രതീക്ഷിക്കുന്നതായി വോറോബെയ് പറയുന്നു. യുദ്ധത്തെക്കുറിച്ച് നിസ്സംഗത പുലര്‍ത്തുന്നവര്‍ തങ്ങളുടെ പോസ്റ്ററോ സ്റ്റിക്കറോ കണ്ടാല്‍, യുദ്ധത്തെ അപലപിക്കുമെന്ന് അവര്‍ കരുതുന്നു.
അതേസമയം റഷ്യയില്‍ യുദ്ധവിരുദ്ധ പ്രവര്‍ത്തകനാകുന്നത് വളരെ അപകടകരമാണ്. യുദ്ധവിരുദ്ധ നടപടികളുടെ പേരില്‍ രാജ്യത്തുടനീളം 16,000-ത്തിലധികം തടങ്കലുകളുണ്ടെന്ന് അവകാശ സംഘടനകള്‍ പറയുന്നു. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഇപ്പോള്‍ യുദ്ധത്തെ പരസ്യമായി എതിര്‍ക്കുന്നത്. യുദ്ധത്തിനെതിരെ സംസാരിക്കുന്നവരെ അറസ്റ്റ് ചെയ്യുകയോ അവരുടെ ജോലിയോ യൂണിവേഴ്‌സിറ്റിയോ ബിസിനസ്സോ നഷ്ടപ്പെടുത്തുകയോ ചെയ്യും.
‘ആദ്യ ആഴ്ചകളില്‍ യുദ്ധത്തിനെതിരെ തെരുവ് പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അവര്‍ക്കെതിരെ പോലീസ് ടേസറുകളും ബാറ്റണുകളും ഉപയോഗിച്ചു. തുടര്‍ന്ന് ആളുകള്‍ പോലീസ് സ്റ്റേഷനില്‍ പീഡിപ്പിക്കപ്പെട്ടു. ഇത് തികച്ചും ഭയാനകമാണ്’. മിത്യ പറഞ്ഞു.
റഷ്യയെപ്പോലുള്ള ഒരു സ്വേച്ഛാധിപത്യ സംവിധാനത്തില്‍ അഭിപ്രായ വോട്ടെടുപ്പുകളെ വിശ്വസിക്കാനും കഴിയില്ല. കാരണം ആളുകള്‍ പലപ്പോഴും പ്രത്യാഘാതങ്ങള്‍ ഭയന്ന് സത്യസന്ധമല്ലാത്ത പ്രതികരണമാണ് നല്‍കുന്നത്. അപരിചിതരോട് രാഷ്ട്രീയത്തെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ റഷ്യക്കാര്‍ മടിക്കുന്നു.
യുദ്ധം ആരംഭിച്ചതിനുശേഷം എല്ലാ ദിവസവും സ്‌മോലെന്‍സ്‌കിന്റെ മധ്യഭാഗത്ത് പരസ്യ പ്രതിഷേധം നടത്തുന്ന ആളാണ് 32 കാരനായ മുന്‍ എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍ വിറ്റാലി. ‘യുദ്ധം വേണ്ട’ എന്ന് റഷ്യന്‍ ഭാഷയില്‍ എഴുതിയ പ്ലക്കാര്‍ഡ് പിടിച്ചാണ് അദ്ദേഹം പ്രതിഷേധം അറിയിക്കുന്നത്. ഇടയ്ക്ക് വിറ്റാലിയെ അറസ്റ്റ് ചെയ്യുകയും പിഴ ചുമത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. എന്നാല്‍ മോചിതനായപ്പോള്‍ അദ്ദേഹം വീണ്ടും പ്രതിഷേധം തുടരുന്നു. തന്നോടൊപ്പം ചേരാന്‍ മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്യുന്നു. പക്ഷേ ഇതുവരെ ആരും അദ്ദേഹത്തോടൊപ്പം ചേര്‍ന്നില്ല.
‘ ഒന്നും മാറിയിട്ടില്ലെങ്കിലും ഞാന്‍ ഇത് നിര്‍ത്തില്ല. എനിക്ക് ഇപ്പോഴും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഇതുവരെ നിരാശനായിട്ടില്ല’. വിറ്റാലി പറയുന്നു.
മാര്‍ച്ചില്‍, അധിനിവേശം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, റഷ്യന്‍ പാര്‍ലമെന്റ് യുക്രെയ്‌നിലെ റഷ്യയുടെ സൈനിക പ്രചാരണവുമായി ബന്ധപ്പെട്ട് ‘യുദ്ധം’ അല്ലെങ്കില്‍ ‘അധിനിവേശം’ എന്ന വാക്കുകള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാക്കിക്കൊണ്ടുള്ള പുതിയ നിയമം പാസാക്കിയിരുന്നു. അത് ലംഘിച്ചാല്‍ ജയിലില്‍ കിടക്കേണ്ടി വരും. അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരും. അതുകൊണ്ട് റഷ്യയില്‍ പലരും യുദ്ധത്തെക്കുറിച്ച് തുറന്നുപറയാന്‍ ഭയപ്പെടുന്നു.
മോസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയായ 23 കാരിയായ ദിമ ഇവാനോവ് ഒരു ജനപ്രിയ സോഷ്യല്‍ മീഡിയ ചാനല്‍ നടത്തിയിരുന്നു. അതില്‍ അവള്‍ യുദ്ധവിരുദ്ധ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തു. ഏപ്രിലില്‍, അവളെ അറസ്റ്റ് ചെയ്യുകയും ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. അടുത്തിടെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ദിമയെ ‘മനസ്സാക്ഷിയുടെ തടവുകാരി’ ആയി പ്രഖ്യാപിച്ചു.
ഇതുപോലെ കുറച്ച് പേര്‍ റഷ്യയില്‍ യുദ്ധത്തിനെതിരെ പരസ്യമായി ശബ്ദമുയര്‍ത്തുന്നുണ്ട്. ഇപ്പോള്‍ യുദ്ധമുഖത്ത് കാര്യങ്ങള്‍ റഷ്യയ്ക്ക് പ്രതികൂലമായി മാറുന്ന സാഹചര്യത്തില്‍, ഇനിയും കൂടുതല്‍ ഉറച്ച വിയോജിപ്പുകള്‍ രാജ്യത്ത് അലയടിക്കുമെന്ന് കരുതുന്നു.