Sunday, November 24, 2024

ഒക്ടോബർ 13 ലോക കാഴ്ചദിനം: കരുതാം കണ്ണുകളെ

‘നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക’ എന്ന സന്ദേശവുമായി ഒക്ടോബർ 13 അതായത് ഇന്ന് ലോക കാഴ്ചദിനമായി ആചരിക്കുന്നു. എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. 21 വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2000 ഒക്ടോബർ 12 ന് ആയിരുന്നു അന്താരാഷ്ട്ര ഏജൻസി (ഐഎപിബി) ആദ്യമായി ലോകം കാഴ്ച ദിനം ആചരിച്ചത്. അന്ധത തടയുക എന്നതായിരുന്നു ഇതിൻറെ ലക്ഷ്യം.

കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിനും നേതൃ രോഗങ്ങൾക്ക് സാധ്യതയുള്ളവരിൽ നേത്ര പരിശോധനകളെക്കുറിച്ചുള്ള ബോധവത്കരണം നൽകാനുമുള്ള അവസരമാണ് കാഴ്ച ദിനം. കുട്ടികളിൽ റെറ്റിന രോഗങ്ങളുടെ ആരംഭം തടയാൻ ഈ ബോധവത്കരണം വഴി സഹായിക്കും. കാരണം ഇന്ത്യയിൽ 15 വയസിൽ താഴെയുള്ള 1000 കുട്ടികളിൽ 0.8 കുട്ടികൾക്കും അന്ധതയോ ഗുരുതരമായ കാഴ്ചാ പ്രശ്നങ്ങളോ ഉണ്ടെന്നാണ് കണ്ടെത്തൽ. ഇത്തരം പ്രശ്നങ്ങൾ കുട്ടികളുടെ സാമൂഹികവും മാനസികവും വിദ്യാഭ്യാസപരവുമായ വളർച്ചയെ ബാധിക്കും.

ഓൺലൈൻ ക്ലാസുകളും ഗെയിംമിങ്ങും കുട്ടികളുടെ കാഴ്ച ശക്തി കുറക്കുന്നതിന് നേരിയ കാരണമാകുന്നുണ്ട്. വിറ്റാമിൻ എയുടെ കുറവ്, കണ്ണിലുണ്ടാകുന്ന മുറിവുകൾ, ജന്മനായുള്ള തിമിരം തുടങ്ങിയവയും അന്ധതയുടെ മറ്റ് കാരണങ്ങൾ ആണ്. എങ്കിലും നമ്മൾ ക്ഷണിച്ചു വരുത്തുന്ന കാരണങ്ങളാണ് അവയിലേറെയും.

പ്രതിരോധം എങ്ങനെ?

കണ്ണുകൾ സംരക്ഷിക്കുന്നതിന് നമുക്ക് ചെയ്യാവുന്ന ചില മാർഗ്ഗങ്ങളുണ്ട്. ടിവി കാണുമ്പോൾ നിശ്ചിത അകലം പാലിക്കുക. മൊബൈലോ, കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോൾ എല്ലാ 20 മിനിറ്റും 20 അടി അകലെ 20 സെക്കന്റ് നോക്കിയിരുന്ന് കണ്ണിന് വിശ്രമം നൽകുവാൻ ശ്രദ്ധിക്കുക. ഇടക്ക് കണ്ണുകൾ കഴുകുക എന്നിവയാണ് നേതൃ സംരക്ഷണത്തിന് സഹായിക്കുന്ന മാർഗ്ഗങ്ങൾ. കൈകൾ കഴുകി ശുദ്ധമാക്കാതെ കണ്ണുകളിൽ സ്പർശിക്കരുത്. കൃത്യമായ ഇടവേളകളിൽ കാഴ്ച പരിശോധന നടത്തുന്നതും ഉചിതമാണ്. സൺ ഗ്ലാസുകൾ ഉപയോഗിക്കുന്നതും പച്ചക്കറികളും മഞ്ഞ നിറമുള്ള പഴവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നേത്ര സംരക്ഷണത്തിനു ഗുണം ചെയ്യും.

Latest News