Monday, November 25, 2024

യുദ്ധഭൂമിയിലെ പ്രകാശം പരത്തുന്ന മാലാഖ

“അവർ ഞങ്ങളെ സംരക്ഷിക്കുന്നു. അവരെ സംരക്ഷിക്കുവാൻ ഞാൻ ഇവിടെ ആയിരിക്കണം. ഞങ്ങൾ ഞങ്ങളുടെ നായകന്മാരെ സംരക്ഷിക്കുകയാണ് അവരെ മരിക്കാൻ അനുവദിക്കുകയില്ല”- ഉക്രൈനിൽ നിന്നുള്ള 21 കാരി വലേറിയയുടെ വാക്കുകളിൽ ദേശസ്നേഹവും ഒപ്പം രാജ്യത്തെ കാക്കുന്ന സൈനികരോടുള്ള ബഹുമാനവും നിറയുന്നു. ഉക്രൈൻ യുദ്ധ മുന്നണിയിൽ ഉള്ള സൈനികരെ ശുശ്രൂഷിക്കുന്ന മെഡിക്കൽ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അനസ്തേഷ്യ സ്പെഷ്യലിസ്റ്റ് ആയ വലേറിയ. ജീവൻ പണയം വച്ചും സൈനികർക്കൊപ്പം യുദ്ധ ഭൂമിയിൽ ആയിരിക്കുമ്പോഴും ഇവൾ അഭിമാനത്തോടെ മുന്നോട്ട് നോക്കുകയാണ്.

തെക്കൻ ഉക്രെയ്നിൽ, കെർസൺ നഗരം മോചിപ്പിക്കപ്പെട്ടു, എന്നാൽ കിഴക്ക്, റഷ്യൻ അതിർത്തിയോട് ചേർന്ന്, പോരാട്ടം തുടരുകയാണ്. ഇവിടെയാണ് ജീവൻ പണയപ്പെടുത്തി സൈനികർക്കൊപ്പം മെഡിക്കൽ സംഘവും ആയിരിക്കുന്നത്. ഇവരിൽ അവശേഷിക്കുന്നവർ യുദ്ധത്തിന്റെ തുടക്കം മുതൽ ഇവിടെ ആയിരുന്നവർ ആണ്. ഇവരുടെ താൽക്കാലിക ആശുപത്രിക്കു സമീപത്തായി ദിവസേന ഷെല്ലുകൾ പതിയുന്നത് കേൾക്കാം. എങ്കിലും തങ്ങളുടെ ജീവൻ രക്ഷിക്കുന്നവരെ മരണത്തിനു വിട്ടുകൊടുക്കാതെ ഭയം എന്ന വികാരത്തോട് പോരാടി തുടരുകയാണ് ഇവർ.

രക്തവും ഇരുമ്പും വിയർപ്പും അഴുക്കും നിറഞ്ഞ തറയും ഭിത്തിയും. ലോഹത്തിന്റെ രൂക്ഷ ഗന്ധം മായാത്ത അന്തരീക്ഷം. കറപുരണ്ട വസ്ത്രങ്ങളും ആംബുലൻസുകളും. ഇതാണ് താൽക്കാലിക ആശുപത്രി. രക്തം കഴുകി കളഞ്ഞാലും പെറോക്സൈഡ് തളിച്ചാലും ആ രൂക്ഷഗന്ധം ഇല്ലാതാക്കുവാൻ കഴിയില്ല എന്ന് വലേറിയ വെളിപ്പെടുത്തുന്നു.

ഒരു ഡസനിലധികം ഡോക്ടർമാരും നഴ്‌സുമാരും യുദ്ധമുന്നണിയിലെ സൈനികർക്കായി പ്രവർത്തിക്കുന്നത് യുദ്ധത്തിൽ കത്തിനശിക്കുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്ത ഒരു കെട്ടിടത്തിലാണ്. ചുറ്റും പീരങ്കിയുടെ ഗർജ്ജിക്കുന്ന ശബ്ദം. വാതിൽക്കൽ മുറിവേറ്റവരുടെ നിലവിളി. ഇതിനിടയിൽ ഉള്ള ഓട്ടമാണ് വലേറിയ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ പ്രവർത്തനങ്ങൾ. യുദ്ധത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ഇതിൽ നിരവധി ഡോക്ടർമാർക്കും നഴ്സുമാർക്കും ജീവൻ നഷ്ടമായി. എങ്കിലും അവശേഷിച്ചവർ തിരികെ മടങ്ങിയില്ല. ആ യുദ്ധ ഭൂമിയിൽ തന്നെ തുടർന്നു.

യുദ്ധത്തിന് മുമ്പ്, വലേറിയ കൈവിനു വടക്കുള്ള ഒരു ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. യുദ്ധം തുടങ്ങിയപ്പോൾ മരിച്ചെന്നു കരുതി എത്തിച്ച കുട്ടിയെ തിരികെ ജീവിതത്തിലേയ്ക്ക് എത്തിച്ച നിമിഷം ഇന്നും ഈ 21 കാരിയുടെ മനസ്സിൽ ഉണ്ട്. ആ നിമിഷം ലഭിച്ച പ്രചോദനത്തിൽ നിന്നാണ് യുദ്ധരംഗത്തേയ്ക്കു സേവനത്തിനായി വലേറിയ ഇറങ്ങിത്തിരിക്കുന്നത്. അവളുടെ കുടുംബത്തോട് ഒരു വാക്കുപോലും പറയാതെയാണ് അവൾ സൈനിക സേവനത്തിന് സന്നദ്ധയായി ഇറങ്ങിയത്. ഇന്ന് യുദ്ധത്തിന്റെ ഇരയായി മരണത്തോട് മല്ലടിക്കുന്ന ഒരുപാട് ആളുകൾക്ക് തന്നാൽ ആകും വിധം സഹായം നൽകുവാൻ ഈ യുവതിക്ക് കഴിയുന്നു.

Latest News