Monday, November 25, 2024

ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടൽ: മൗനം വെടിഞ്ഞു ജോലിക്കാർ

കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായ, വരും ദിവസങ്ങളിലും ആവർത്തിക്കുന്ന ഒരു വാർത്തയാണ് ഇ- കൊമേഴ്‌സ്, ടെക് കമ്പനികളിലെ കൂട്ടപിരിച്ചു വിടൽ. ബൈജൂസും അൺ അക്കാദമിയും കൂട്ടത്തോടെ ജോലിക്കാരെ പിരിച്ചു വിട്ടപ്പോൾ പ്രതികരിക്കാതിരുന്ന ഇന്ത്യൻ യുവ തലമുറയിലെ ജോലിക്കാർ ട്വിറ്ററും മെറ്റായും ആമസോണും കൂട്ടപിരിച്ചുവിടൽ ഏറ്റെടുത്തതോടെ വല്ലാത്ത പരുങ്ങലിലായി. മുന്നറിയിപ്പ് കൂടാതെയുള്ള ഈ പിരിച്ചു വിടലിൽ വലയുകയാണ് ഇന്ത്യയിലെ ടെക് കമ്പനികളിലെ ജീവനക്കാരായ പതിനായിരക്കണക്കിന് ജീവനക്കാർ.

സന്തോഷത്തോടെ കിടന്നുറങ്ങിയ പലരും പുലർച്ചെ എഴുന്നേറ്റത് തങ്ങളെ പിരിച്ചു വിട്ടെന്ന വാർത്ത അറിഞ്ഞു കൊണ്ടാണ്. പല മാനേജർമാരും തങ്ങളുടെ കീഴ് ജീവനക്കാരെ പിരിച്ചു വിട്ടത് അറിയുന്നത് പോലും ജോലികൾക്കായി അവരെ ബന്ധപ്പെടുവാൻ ശ്രമിച്ചപ്പോൾ കിട്ടാതെ വന്നതോടെയാണ്. എല്ലാ അർത്ഥത്തിലും ഈ പിടിച്ചു വിടലുകൾ സാധാരണ ഇന്ത്യക്കാർക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്കും ഒരു തലവേദനയായി.

എഡ്‌ടെക് സ്ഥാപനങ്ങളായ ബൈജൂസും അൺകാഡമിയും വെട്ടിക്കുറച്ചത് നൂറുകണക്കിന് തൊഴിലവസരങ്ങൾ ആണ്. സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ ഇന്ത്യയിലെ പകുതിയിലധികം ജീവനക്കാരെ പിരിച്ചുവിട്ടു. ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ അതിന്റെ 87,000 തൊഴിലാളികളിൽ 13% പേരെയാണ് പറഞ്ഞുവിട്ടത്. ഭൂരിഭാഗം പിരിച്ചു വിടലുകളും മുന്നറിയിപ്പ് ഇല്ലാതെ ആയിരുന്നു എന്നതാണ് അത്യന്തം വേദനാജനകമായത്. കാരണം പല കുടുംബങ്ങളും തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത് ഈ ജോലിയെ ആശ്രയിച്ചായിരുന്നു.

ജോലി പോയവരെക്കാൾ ഏറെ സമർദ്ദത്തിലും ആശങ്കയിലുമാണ് ജോലിയിൽ ഉള്ളവർ. കാരണം തങ്ങളെയും ഏതു സമയവും മുന്നറിയിപ്പ് കൂടാതെ പിരിച്ചു വിടാം. ഇതാണ് നിലവിലെ അവസ്ഥ. ചുരുക്കത്തിൽ ടെക് കമ്പനികളിലെ ജോലി ഒട്ടും സുരക്ഷിതമല്ലാത്ത അവസ്ഥയിലേയ്ക്ക് ഈ കൂട്ടപിരിച്ചുവിടൽ എത്തിച്ചിരിക്കുകയാണ്. എന്നാൽ ഈ അവസ്ഥയ്‌ക്കെതിരെ ദുഃഖിച്ചിരിക്കുവാനോ നിരാശയിലേയ്ക്ക് പോകുവാണോ യുവ ടെക് ഉദ്യോഗസ്ഥർ തയ്യാറല്ല. അവർ ലോകത്താകമാനമായി സമാനമായ അനുഭവത്തിലൂടെ കടന്നു പോകുന്ന ആളുകളെ സംഘടിപ്പിക്കുന്നു. തങ്ങളുടെ അനുഭവങ്ങളും മറ്റും സാമൂഹ്യ മാധ്യമങ്ങളിൽ കൂടെ ലോകത്തോട് വിളിച്ചു പറയുകയാണ് അവർ. അതിനായി വാട്സാപ്പ്, സ്ലാക്, ലിങ്ക്ഡ് ഇൻ, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നു.

കൂട്ട പിരിച്ചുവിടലുകൾ കൂടുതൽ സാധാരണമാകുമ്പോൾ ഇന്ത്യയിൽ പിരിച്ചുവിടലുകളെ ചുറ്റിപ്പറ്റി ഒരു കാലത്ത് നിലനിന്നിരുന്ന നാണക്കേടിന്റെയും നിശബ്ദതയുടെയും സംസ്കാരം ക്രമേണ കുറഞ്ഞുവരുകയാണ്. ഇന്ന്, പിരിച്ചുവിടലും ജോലിക്കാരുടെ എണ്ണം കുറയ്ക്കലും സ്വീകാര്യമായ ബിസിനസ്സ് രീതികളായി മാറിയിരിക്കുന്നു. അതിനാൽ പിരിച്ചുവിടലുകൾ മേലിൽ ഒരു നിഷിദ്ധ വിഷയമല്ല എന്നതാണ് ഇതിനെ കുറിച്ച് തുറന്നു സംസാരിക്കുന്നതിനുള്ള കാരണം. ഒരു പക്ഷെ തൊഴിലാളികൾക്കായി മികച്ച നിയമങ്ങൾ സൃഷ്ടിക്കുന്ന രീതിയിയിലേയ്ക്ക് എത്തുവാൻ ഭാവിയിൽ പല ടെക് കമ്പനികളെയും നിർബന്ധിതരാകും എന്ന് തീർച്ചയാണ്.

Latest News