അയ്യായിരത്തോളം വൈദികരെ ആഗോളസഭക്കു സമ്മാനിച്ച മംഗലപ്പുഴ സെമിനാരി തുടങ്ങിയിട്ട് തൊണ്ണൂറു വർഷങ്ങൾ! കരിങ്കല്ലിൽ കൊത്തിയ ശിൽപം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചാപ്പൽ, തഴുകിയൊഴുകുന്ന പെരിയാർ, ഉയർന്നുനിൽക്കുന്ന വന്മരങ്ങൾ, അനവധി പുസ്തകങ്ങളുടെ ശേഖരമുള്ള ലൈബ്രറി തുടങ്ങിയവ മംഗലപ്പുഴയെ മറ്റെല്ലാ സെമിനാരികളിൽ നിന്നും വ്യത്യസ്തമാക്കുന്നു. വിശുദ്ധിയുടെയും വിജ്ഞാനത്തിന്റെയും ഉറവിടമായ മംഗലപ്പുഴയുടെ മണ്ണിലൂടെ ഒരു യാത്ര. തുടർന്നു വായിക്കുക.
കേരളസഭയുടെ ഓരോ ചുവടുവയ്‌പ്പിലും വിശുദ്ധമായ സംസ്കാരം പകർന്ന ഭൂമി. പാപനാശിനിയായ പൂർണ്ണാനദി പെരിയാറായി രൂപാന്തരപ്പെട്ട് തോമാശ്ലീഹായുടെയും ആദിശങ്കരന്റെയും പാരമ്പര്യങ്ങൾ ഏറ്റുപാടി തഴുകിയുണർത്തുന്ന പുണ്യഭൂമി. ഗോഥിക് ശൈലിയിലെ അപൂർവ്വ നിർമ്മാണരീതികളാൽ ചാരുത പകർന്ന കെട്ടിടങ്ങളും തണൽമരങ്ങളും ദൈവത്തെ കാംക്ഷിക്കുന്ന ഒരുകൂട്ടം ആളുകളും നിറഞ്ഞ ഒരു വിശുദ്ധസ്ഥലം. ആ വിശുദ്ധ സ്ഥലമാണ് ‘മംഗലപ്പുഴ സെമിനാരി.’ വിശുദ്ധരായ അനേകം വൈദികരുടെ ആദ്ധ്യാത്മികവളർച്ചയിൽ തനതായ പങ്കുവഹിച്ച ഭൂമിയിലെ കൊച്ചുസ്വർഗ്ഗം.
വിശുദ്ധിയുടെയും നിസ്വാർത്ഥമായ അജപാലനത്തിന്റെയും മഹത്തായ പാരമ്പര്യങ്ങൾ പേറിയ ഈ പുണ്യഭൂമി ഇന്ന് നവതിയുടെ നിറവിലാണ്. കേരളത്തിലെ മഹാഭൂരിപക്ഷം കത്തോലിക്കാ വൈദികരുടെ പാദങ്ങൾക്ക് വചനത്തിന്റെ വെളിച്ചവും സേവനത്തിന്റെ പാതയും വിശുദ്ധമായ സ്നേഹത്തിന്റെ മാതൃകയും കാണിച്ചുകൊടുത്ത മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷിക്കുന്ന ഈ ദിനങ്ങളിൽ ഈ പുണ്യഭൂമിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെ ലൈഫ് ഡേ കടന്നുപോകുന്നു.
മംഗലപ്പുഴ സെമിനാരിയുടെ തുടക്കം
മാർത്തോമ്മാ നസ്രാണികൾക്കിടയിൽ നിന്ന് ധാരാളം ആളുകളെ ദൈവം തന്റെ ശുശ്രൂഷക്കായി തിരഞ്ഞെടുത്തു. ആദ്യകാലങ്ങളിൽ മൽപാനേറ്റ് സംവിധാനത്തിൻ കീഴിലായിരുന്നു വൈദികപരിശീലനം നൽകിയിരുന്നത്. വിവിധ റീത്തുകളിൽ നിന്നുള്ള വൈദികർക്ക് ശരിയായ പരിശീലനം നൽകാനും ദൈവജനത്തിനായുള്ള ശുശ്രൂഷയിൽ മാർഗ്ഗനിർദ്ദേശം നൽകാനും ആഴമായ വിശ്വാസത്തിൽ ഉറപ്പിക്കാനും ഒരു വൈദിക പരിശീലനകേന്ദ്രം ആവശ്യമായി വന്നു. കേരളത്തിൽ അത്തരം ഒരു സെമിനാരിയുടെ ആവശ്യകത മനസിലാക്കിയ കർമ്മലീത്ത മിഷനറിമാർ തങ്ങളുടെ അധികാരത്തിൻ കീഴിൽ 1766- ൽ വാരാപ്പുഴയിൽ ഒരു സെമിനാരി ആരംഭിച്ചു. ആ സെമിനാരിയാണ് ഇന്ന് കാണുന്ന മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയായി വളർന്നത്.
തുടക്കത്തിൽ ‘മലബാർ സെമിനാരി’ എന്ന പേരിലും ആദ്യമായി തുടങ്ങിയത് വരാപ്പുഴയിലായിരുന്നത് കൊണ്ട് ‘വരാപ്പുഴ സെമിനാരി’ എന്ന പേരിലുമാണ് ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട് പുത്തൻപള്ളിയിയിലേക്ക് പ്രവർത്തനം മാറ്റിയപ്പോൾ ‘പുത്തൻപള്ളി സെമിനാരി’ എന്ന പേരിൽ അറിയപ്പെട്ടു. അതിനു ശേഷം മംഗലപ്പുഴയിലേക്ക് സെമിനാരിയുടെ പ്രവർത്തനം മാറ്റി. തുടർന്ന് ഈ സെമിനാരി ‘മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരി’ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.
വളർച്ചയുടെ പാതയിൽ
മലബാർ സെമിനാരിയുടെ തുടക്കത്തോടെ മാൽപാനേറ്റ് സംവിധാനം നിന്നുപോയി. നാട്ടുകാരായ ഇടവക വൈദികർക്കു വേണ്ടിയാണ് ആദ്യം സെമിനാരി ആരംഭിച്ചതെങ്കിലും പിന്നീട് അവിടെ വിവിധ സന്യാസ സഭാസമൂഹങ്ങളിൽ നിന്നുള്ള വൈദികാർത്ഥികൾക്ക് പരിശീലനം നൽകുന്നതിന് അനുവാദം നൽകി. വരാപ്പുഴയിൽ സെമിനാരി ആരംഭിച്ചതിനു ശേഷം ഏകദേശം ഒരു നൂറ്റാണ്ട് കഴിഞ്ഞു, 1866- ൽ സെമിനാരി പുത്തൻപള്ളിയിലേക്കു മാറ്റി. 1890- ൽ ഇന്ത്യൻ ഹയരാർക്കിയും സീറോമലബാർ വികാരിയാത്തും സ്ഥാപിതമായി. ഇതേ തുടർന്ന് നവംബർ 21- ന് പുത്തൻപള്ളി സെമിനാരിയെ അപ്പസ്തോലിക പദവിയിലേക്ക് ഉയർത്തി. അതായത് കേരളത്തിലെ വൈദിക വിദ്യാർത്ഥികളുടെ മുഴുവൻ കേന്ദ്ര കലാലയമായി പുത്തൻപള്ളി സെമിനാരി മാറി.
66 വർഷത്തെ പ്രവർത്തനശേഷം 1933- ൽ പുത്തൻപള്ളിയിൽ നിന്ന് സെമിനാരി മംഗലപ്പുഴയിലേക്കു മാറ്റിസ്ഥാപിച്ചു. മംഗലപ്പുഴ സെമിനാരി ഏകദേശം നാൽപതോളം ഏക്കർ സ്ഥലത്താണ് നിലനിൽക്കുന്നത്. വർക്കി തരകൻ എന്ന വ്യക്തിയുടെ നേതൃത്വത്തിൽ നാൽപതോളം പള്ളികളിൽ നിന്ന് പിരിവു നടത്തി ലഭിച്ച പണം കൊണ്ട് കർമ്മലീത്ത മിഷനറിമാർ സ്ഥലം വാങ്ങുകയും അത് കൊച്ചി മെത്രാന് നൽകുകയും ചെയ്തു. ഈ സ്ഥലത്താണ് ഇന്ന് മംഗലപ്പുഴ സെമിനാരി പ്രവർത്തിക്കുന്നത്. പുതിയ സെമിനാരി കെട്ടിടം 1933 ജനുവരി ഇരുപതാം തീയതി അപ്പസ്തോലിക ന്യൂൺഷ്യോ ആയിരുന്ന മോൺ. എൽ. ക്ലിയർകെൽ ഉദ്‌ഘാടനം ചെയ്തു. 1951- ൽ സെമിനാരിയിലെ മനോഹരമായ ദേവാലയത്തിന്റെ പണി പൂർത്തിയാക്കി. 1955- ൽ കർമ്മൽ ഗിരി എന്ന സെമിനാരി ആരംഭിക്കുകയും അവിടെ വിദ്യാർത്ഥികൾക്ക് തത്വശാസ്ത്രം പഠിക്കുന്നതിനുള്ള അവസരം നൽകുകയും ചെയ്തു. 1958 മുതൽ വിവിധ സഭാസമൂഹങ്ങളിൽ നിന്നുള്ള വൈദിക വിദ്യാർത്ഥികൾക്ക് സെമിനാരിയിൽ പ്രവേശനം അനുവദിച്ചു. അതേ വർഷം തന്നെ സെമിനാരിയിലെ ദൈവശാസ്ത്ര വിഭാഗത്തെ റോമിലെ ലാറ്ററൻ യൂണിവേഴ്സ്റ്റിറ്റിയുമായി അഫിലിയേറ്റ് ചെയ്തു.
1964- ൽ പൊന്തിഫിക്കൽ പദവിയിലേക്ക് സെമിനാരിയെ ഉയർത്തി. 1965- ൽ ഒരു വിദ്യാപീഠം സ്ഥാപിക്കാനുള്ള അപേക്ഷ റോമിനു സമർപ്പിക്കുകയും 1972- ൽ സെമിനാരിയിലെ പഠനവിഭാഗത്തെ വിദ്യാപീഠമായി ഉയർത്തുകയും സ്വതന്ത്രപദവി നൽകുകയും ചെയ്തു. അങ്ങനെ ഈ സെമിനാരി ‘പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് ഫിലോസഫി’ അറിയപ്പെട്ടു തുടങ്ങി. 1975- ൽ ഫിലോസഫിയിൽ ബിരുദം നൽകാൻ കഴിയുന്ന ഒരു സ്വതന്ത്ര ഫാക്കൽറ്റിയെ ഇവിടെ സ്ഥാപിച്ചു. ഇപ്പോൾ ദൈവശാസ്ത്രത്തിൽ ബിരുദവും ഡോക്ടറേറ്റും ഫിലോസഫിയിൽ ബിരുദവും മംഗലപ്പുഴ സെമിനാരിയിൽ നിന്ന് നൽകുന്നുണ്ട്.
സെമിനാരി കൈമാറുന്നു
സെമിനാരിയുടെ സ്ഥാപനം മുതൽ 1974 വരെ സ്‌പെയിനിലെ നവാരാ പ്രോവിൻസിന്റെ കീഴിലായിരുന്നു ഈ സെമിനാരി. അവിടെ നിന്നുള്ള ഒ.സി.ഡി. വൈദികരായിരുന്നു സെമിനാരിയുടെ മേൽനോട്ടം വഹിച്ചിരുന്നത്. എന്നാൽ 1974- ൽ കർമ്മലീത്ത സന്യാസികൾ ഈ സെമിനാരിയുടെ ഭരണാവകാശം കെസിബിസി- ക്ക് കൈമാറുകയും മടങ്ങിപ്പോവുകയും ചെയ്തു. സെമിനാരി കെസിബിസി- ക്ക് കൈമാറുന്നതിനു മുൻപ് സെമിനാരിയുടെ റെക്ടറായി സേവനം ചെയ്തിരുന്നത് സ്‌പെയിനിൽ നിന്നുള്ള ഫാ. ഡൊമിനിക് ഒ.സി.ഡി ആയിരുന്നു.
കൈമാറ്റം നടന്നതിനു ശേഷം സീറോമലബാർ സഭയിൽ നിന്നുള്ള ആദ്യ റെക്ടറായി മോൺ. വർഗ്ഗീസ് കവലക്കാട്ട് സ്ഥാനമേറ്റു. ഇന്ന് ഏകദേശം ഇരുപത്തിയഞ്ചോളം അധ്യാപകരും അതിനടുത്ത ഗസ്റ്റ് അധ്യാപകരും ഈ സെമിനാരിയിൽ പഠിപ്പിക്കുന്നു. കർമ്മലീത്ത വൈദികരുടെ നേതൃത്വത്തിൽ സെമിനാരി പ്രവർത്തിച്ചിരുന്ന സമയത്തും നിരവധി നാട്ടച്ചന്മാർ ഇവിടെ പഠിപ്പിച്ചിരുന്നു. അന്ത്രയോസ് കളപ്പുരക്കൽ മല്പാൻ, ഫാ. മാത്യു വടക്കേൽ, ഫാ. തോമസ് കൊച്ചയൻകാനാൽ, മോൺ. ജോർജ് പുത്തൻപുര, ഫാ. ജോൺ കുന്നപ്പള്ളി, മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി, ഫാ. ജെയിംസ് ചാവേലിൽ എന്നിവരായിരുന്നു നാട്ടുകാരായ അധ്യാപകർ.
കർമ്മൽഗിരി സെമിനാരിയെ വേർതിരിക്കുന്നു
1955- ൽ മംഗലപ്പുഴ സെമിനാരിയിലെ വൈദിക വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ അവരെ പഠിപ്പിക്കുന്നതിനായി ഒന്നര കിലോമീറ്റർ അകലെയായി ഒരു സെമിനാരി സ്ഥാപിച്ചു. അതാണ് കർമ്മൽഗിരി സെമിനാരി. 65 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സെമിനാരി മംഗലപ്പുഴ സെമിനാരിയുടെ അതേ മാതൃകയിൽ തന്നെയാണ് നിർമ്മിച്ചിരിക്കുക. ആദ്യം തത്വശാസ്ത്രം മാത്രമാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. 1997- ൽ കർമ്മൽഗിരി സെമിനാരിയെ ലത്തീൻ ഹയരാർക്കിക്കു വേണ്ടിയുള്ള സെമിനാരിയായും മംഗലപ്പുഴ സെമിനാരിയെ സീറോമലബാർ ഹയരാർക്കിക്കു വേണ്ടിയുള്ള വൈദിക പരിശീലനകേന്ദ്രമായും വേർതിരിച്ചു. എന്നാൽ പൊന്തിഫിക്കൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എല്ലാ റീത്തുകളിൽ നിന്നുമുള്ള വ്യക്തികൾക്കും പഠിക്കാൻ അനുവാദം നൽകി. സെമിനാരിയുടെ പലവിധ സംഭാവനകളിൽ ഏറ്റവും ശ്രദ്ധേയമായത് പൊന്തിഫിക്കൻ ഇൻസ്റ്റിറ്റ്യൂട്ടാണ്. ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് സെമിനാരി വിദ്യാർത്ഥികളുടെ ബൗദ്ധിക പരിശീലനം ഏൽപിച്ചിരിക്കുന്നത്.
കരിങ്കല്ലിൽ കൊത്തിയ ശിൽപം – മംഗലപ്പുഴ ചാപ്പൽ
മംഗലപ്പുഴ സെമിനാരിയെ ആകർഷകമാക്കുന്ന ഒരു ഘടകമാണ് ഇവിടുത്തെ ചാപ്പൽ. സ്വർഗ്ഗം കൊതിക്കുന്ന ചില ശിൽപചാതുര്യങ്ങളെ ഭൂമി സ്വന്തമാക്കാറുണ്ട്. അത്തരത്തിലൊന്നാണ് വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ള ഈ ചാപ്പൽ. ഗോഥിക് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഒരു ദേവാലയമാണ് ഇത്. പല സിനിമകളിലും ഈ ചാപ്പൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ദേവാലയത്തിലെ ജനാലകളെല്ലാം വിശിഷ്ടമായ സ്റ്റെയിൻ ഗ്ലാസുകളിൽ തീർത്തവയാണ്. 57 വർഷങ്ങൾക്കു മുൻപ് നിർമ്മിക്കപ്പെട്ട ഇവ, സ്ഥാപിച്ച അന്ന് എങ്ങനെയാണോ ഉണ്ടായിരുന്നത് അതേ ശോഭയോടു കൂടി ഇപ്പോഴും നിലനിൽക്കുന്നു. കരിങ്കല്ലിൽ കൊത്തിയ ശിൽപം എന്നാണ് ചാപ്പലിനെക്കുറിച്ചു പറയുന്നത്. അത്രക്കും മനോഹരമാണ് ഈ ചാപ്പൽ.
ഈ ചാപ്പലിന്റെ നിർമ്മാണത്തെക്കുറിച്ച് ഒരു ചരിത്രമുണ്ട്. അത് ഇങ്ങനെയാണ്. ഈ ചാപ്പൽ പണികഴിപ്പിച്ചത് സ്‌പെയിനിൽ നിന്നുള്ള വിക്ടർ ഒ.സി.ഡി. എന്ന വൈദികനാണ്. സെമിനാരിയുടെ പ്രൊക്യൂറേറ്ററായിരുന്ന വിക്ടർ അച്ചൻ ഒരു പ്രഭുവിന്റെ മകനായിരുന്നു. അദ്ദേഹം ഈ ദേവാലയത്തിന്റെ നിർമ്മാണത്തിനായി കല്ലും തടിയും ഒഴികെ മറ്റെല്ലാ വസ്തുക്കളെല്ലാം കപ്പലിൽ അദ്ദേഹത്തിന്റെ നാട്ടിൽ നിന്ന് കൊണ്ടുവന്നു. ചാപ്പലിന്റെ പ്രധാന അൾത്താര മാർബിളിൽ തന്നെയാണ് തീർത്തിരിക്കുന്നത്. വിക്ടറച്ചന്റെ കുടുംബക്കാരാണ് ഈ മദ്ബഹ പണിയിപ്പിച്ചിരിക്കുന്നത്. അതിന്റെ പിന്നിലായി വിക്ടറച്ചന്റെ കുടുംബപ്പേര് കൊത്തിവച്ചിട്ടുണ്ട്. ഇതുകൂടാതെ, ഈ അൾത്താരയിൽ സ്ഥാപിച്ചിരിക്കുന്ന സക്രാരിയുടെ മുകളിലായി നാല് കാലുകളുണ്ട്. പച്ചനിറത്തിലുള്ള ഈ കാലുകൾ ഉക്രൈനിൽ നിന്ന് കൊണ്ടുവന്ന മരതകക്കല്ലുകളാൽ നിർമ്മിച്ചവയാണ്.
പ്രത്യേകതകൾ
നിർമ്മാണശൈലിയിൽ ഇന്ത്യയിലെ മറ്റെല്ലാ സെമിനാരികളിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്ന മംഗലപ്പുഴ സെമിനാരി ഗോഥിക് ശൈലിയുടെ വശ്യത വ്യക്തമാക്കുന്നു. സെമിനാരിയുടെ കെട്ടിടങ്ങൾ ഭൂരിഭാഗവും കരിങ്കല്ലിലാണ് തീർത്തിരിക്കുക. കൂടാതെ, നിരവധി പ്രത്യേകതകൾ ഈ സ്ഥാപനത്തിനുണ്ട്. ഇന്ത്യയിലെ ഏറ്റവും പുരാതനമായ മേജർ സെമിനാരിയും ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സെമിനാരിയുമാണ് മംഗലപ്പുഴ സെമിനാരി. അയ്യായിരത്തോളം വൈദികരെ ഭാരതസഭക്ക് സംഭാവന ചെയ്ത പുണ്യഗേഹമാണിത്.
ഭാരതത്തിൽ മൊത്തം എട്ട് ഉന്നത വിദ്യാപീഠങ്ങളുണ്ട്. ഇവയിൽ മൂന്നു റീത്തുകൾക്കും വേണ്ടിയുള്ള ഏക വിദ്യാപീഠം എന്ന പേര് മംഗലപ്പുഴ സെമിനാരിക്കു മാത്രം അവകാശപ്പെട്ടതാണ്. ഈ സെമിനാരിയുടെ കരം ഇന്നും അടയ്ക്കുന്നത് മാർപാപ്പയുടെ പേരിലാണ് എന്നത് മറ്റൊരു സവിശേഷതയാണ്. കൂടാതെ, വളരെ വലിയ ഒരു ലൈബ്രറിയും ഈ സെമിനാരിയിൽ സ്ഥിതിചെയ്യുന്നു. മലയാളത്തിലെ ആദ്യ പുസ്തകം മുതൽ പുരാതനമായ നിരവധി ബുക്കുകളുടെ അപൂർവ്വശേഖരം വരെ ഇവിടെയുണ്ട് എന്നത് ഈ ലൈബ്രറിയെ വ്യത്യസ്തമാക്കുന്നു. ഒരു ലക്ഷത്തിലധികം പുസ്തകങ്ങളുള്ള ഈ ലൈബ്രറിയിൽ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള വിദ്യാർത്ഥികൾ റഫറൻസിനായി പുസ്തകങ്ങൾ എടുക്കുന്നു.
ഏറ്റവും കൂടുതൽ മെത്രാന്മാർ പഠിച്ചിറങ്ങിയ സെമിനാരി എന്ന പേരും മംഗലപ്പുഴ സെമിനാരിക്കു സ്വന്തമാണ്. അവരിൽ മുപ്പത്തിയേഴോളം മെത്രാന്മാർ ഇന്ന് ജീവിച്ചിരിപ്പുണ്ട്. കാവുകാട്ട് പിതാവ്, പാറേക്കാട്ടിൽ പിതാവ്, വയലിൽ പിതാവ്, വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ തുടങ്ങി അനേകർ ഈ സെമിനാരിയിൽ നിന്ന് പഠിച്ചിറങ്ങിയവരായിരുന്നു. വിശുദ്ധരായ രണ്ടു വൈദികർ ഈ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നു. ഈ സെമിനാരിയുടെ ആദ്യകാലങ്ങളിൽ ഇവിടെ പഠിപ്പിക്കുകയും സഭ ധന്യൻ പദവിയിലേക്ക് ഉയർത്തുകയും ചെയ്ത സക്കറിയാസച്ചനെയും ഔറേലിയനച്ചനെയും ഈ സെമിനാരിയുടെ സെമിത്തേരിപ്പള്ളിയിലാണ് അടക്കിയിരിക്കുക.
സാമൂഹ്യപ്രവർത്തനത്തിൽ അധിഷ്ഠിതമായ പരിശീലനം
തിയോളജിയിലും ഫിലോസഫിയിലുമുള്ള പഠനങ്ങൾക്കു പുറമേ മറ്റു പല പ്രവർത്തനനങ്ങളും സെമിനാരി വിദ്യാർത്ഥികൾ നടത്തുന്നുണ്ട്. മതവും ചിന്തയും, പ്രേഷിത കേരളം, ലിവിങ് വേഡ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ സെമിനാരിയിൽ നിന്നും പുറത്തിറക്കുന്നു. ഇതു കൂടാതെ വൈദികർ ദൈവജനത്തിന്റെ ശുശ്രൂഷകരാണെന്ന അടിസ്ഥാന പാഠം പകർന്നുനൽകുന്നതിനായി വിവിധ സന്നദ്ധപ്രവർത്തനങ്ങൾക്കും ഇവർ നേതൃത്വം നൽകുന്നു. എല്ലാ വ്യാഴാഴ്ചയും ആലുവ പട്ടണത്തിലെ നൂറോളം ആളുകൾക്ക് ഉച്ചഭക്ഷണം നൽകുന്നു. ഇത് സെമിനാരി വിദ്യാർത്ഥികൾ തങ്ങളുടെ ഉച്ചഭക്ഷണം ഉപേക്ഷിച്ചുകൊണ്ടാണ് ചെയ്യുന്നത്. ഞായറാഴ്ചകളിൽ തത്വശാസ്ത്ര വിദ്യാർത്ഥികൾ, മലയാറ്റൂരിലെ ദൈവദാസൻ സിസ്റ്റേഴ്സ് നടത്തുന്ന സ്ഥാപനത്തിൽ പോവുകയും അവിടെയുള്ള ആളുകളുടെ മുടി വെട്ടുകയും കെട്ടിടം വൃത്തിയാക്കുകയും ചെയ്യുന്നു. കൂടാതെ, കരുമാലൂരിലും ചുണങ്ങംവേലിയിലുമുള്ള വൃദ്ധമന്ദിരങ്ങളിലും അവരുടെ പ്രവർത്തനങ്ങളിൽ സഹായിക്കാൻ വൈദിക വിദ്യാർത്ഥികൾ ശ്രദ്ധിക്കുന്നു. അടുത്തുള്ള പഞ്ചായത്തുകളുമായി സഹകരിച്ച് വീടില്ലാത്തവർക്ക് വീട് വയ്ക്കാൻ, പ്രത്യേകിച്ച് വാനം കോരുക, മറ്റു നിർമ്മാണപ്രവർത്തനങ്ങളിൽ സഹായിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.
മഹാമിഷനറിമാർ
ഇനി ഇതുവരെ പറയാത്തൊരു കാര്യമുണ്ട്. എന്താന്നല്ലേ? ഈ സെമിനാരിയുടെ വളർച്ചയിൽ കർമ്മലീത്ത വൈദികരുടെ അല്ലെങ്കിൽ സ്പാനിഷ് വൈദികരുടെ പങ്ക്. സെമിനാരിയുടെ തുടക്കം മുതൽ ഇന്ന് കാണുന്നതു വരെയുള്ള കാര്യങ്ങളിൽ അവരുടെ പങ്ക് വളരെ നിർണ്ണായകമായിരുന്നു. കാരണം, സെമിനാരിയെ വളരെ ഭംഗിയായി നയിച്ച് അതിനെ സുരക്ഷിതമായ കരങ്ങളിൽ ഏൽപിച്ചു പിൻവാങ്ങിയ അവരാണ് ഈ സെമിനാരിയെ ഇങ്ങനെ ആക്കിയത്. അജപാലന ശുശ്രൂഷയുടെ അതിമഹത്തായ ഒരു പാരമ്പര്യത്തെ പുതുതലമുറക്കായി നൽകിയ ആ മഹാമിഷനറിമാർക്കു മുന്നിൽ ശിരസ്സു നമിക്കാം.
മംഗലപ്പുഴ സെമിനാരിയുടെ ഇപ്പോഴത്തെ റക്ടർ റവ. ഫാ. സെബാസ്റ്റ്യൻ തോമസ് പാലമൂട്ടിലാണ്. ഇന്ന് 400- ഓളം വൈദികാർത്ഥികൾ മംഗലപ്പുഴ സെമിനാരിയിലും അത്രത്തോളം തന്നെ വൈദികാർത്ഥികൾ കാർമ്മൽഗിരി സെമിനാരിയിലും പഠിക്കുന്നു. വിവിധ കോഴ്സുകളിലായി നിരവധി അത്മായരും ഈ പുണ്യഭൂമിയിൽ പഠിക്കുന്നുണ്ട്.
ആത്മീയതയിൽ വേരൂന്നി നവതി ആഘോഷം
മംഗലപ്പുഴ സെമിനാരി ആരംഭിച്ചിട്ട് തൊണ്ണൂറു വർഷങ്ങൾ കടന്നുപോവുകയാണ്. ഈ വർഷം ഫെബ്രുവരി 19- ന് ആരംഭിച്ച നവതി വർഷ ആഘോഷങ്ങൾ നവംബർ 17- ഓടെ സമാപിക്കുകയാണ്. വരുന്ന ഒരു ശതാബ്ദി വർഷത്തെ മുന്നിൽ കണ്ടുകൊണ്ട്, അതിന് സമൂഹത്തിൽ എല്ലാ വിഭാഗത്തിലുള്ളവരെയും ആത്മീയമായി ഒരുക്കുംവിധമുള്ള ആഘോഷപരിപാടികൾക്കാണ് ഈ നവതിവർഷം മംഗലപ്പുഴ സെമിനാരി മുൻതൂക്കം നൽകുന്നത്.
വൈദികർ, സന്യസ്തർ, അത്മായർ, കുട്ടികൾ, മതാധ്യാപകർ തുടങ്ങി വിവിധ വിഭാഗത്തിലുള്ള ആളുകൾക്കായുള്ള മത്സരങ്ങൾ നവതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. കൂടാതെ, ദേശീയ സെമിനാറുകൾ, ആർട്ട് എക്സിബിഷൻ, പൂർവ്വ വിദ്യാർത്ഥികളായ വൈദികർക്കായി വരുന്ന ശതാബ്ദി വർഷത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള അജപാലന പരിശീലന പരിപാടി തുടങ്ങിയവയും സംഘടിപ്പിക്കുന്നു.
ഒരു കാലഘട്ടത്തിലെ മുഴുവൻ വൈദികരുടെയും ആദ്ധ്യാത്മിക ജീവിതത്തിൽ വിളനിലമായി മാറിയ ഈ മണ്ണ് അതിന്റെ തനിമയിൽ നിലനിൽക്കട്ടെ എന്ന് ഈ നവതി വർഷത്തിൽ നമുക്ക് പ്രാർത്ഥിക്കാം. വിശുദ്ധരായ വൈദികരുടെ പാദസ്പർശത്താൽ അനുഗ്രഹീതമായ ഈ മണ്ണിൽ നിന്ന് അനേകം പേർ ഭാരതസഭക്ക് ശുശ്രൂഷ ചെയ്യാൻ കടന്നുവരട്ടെ. കേരളസഭയുടെ ദൈവവിളിചരിത്രത്തിന്റെ നാഴികക്കല്ലായി നിലനിൽക്കുന്ന ഈ സെമിനാരി അനേകരിലേക്ക് വിശുദ്ധിയുടെ പരിമളം പരത്തട്ടെ.
മരിയ ജോസ്