Thursday, May 15, 2025

കത്തോലിക്കാ വിശ്വാസത്തിലെ സംശയങ്ങൾക്ക് മറുപടി നൽകാൻ എ. ഐ. സാങ്കേതികവിദ്യ പോളണ്ടിലെ ചാപ്പലിൽ

പോളണ്ടിലെ പോസ്നാൻ നഗരത്തിൽ ഒരു ചെറിയ ചാപ്പലുണ്ട്. എല്ലാ ദൈവാലയങ്ങളിലും ഉള്ളതുപോലെതന്നെ ഒരു അൾത്താര, പ്രസംഗപീഠം, കസേരകൾ, ക്രൂശിതരൂപം തുടങ്ങിയവയൊക്കെ ഈ ചാപ്പലിന് ആത്മീയത നൽകുന്നു. എന്നാൽ, മറ്റൊരു പ്രത്യേകതകൂടി ഇവിടെയുണ്ട്. നിർമിതബുദ്ധിയുടെ ഒരു സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് കത്തോലിക്കാവിശ്വാസത്തെക്കുറിച്ചു ചോദ്യങ്ങൾ ചോദിക്കാൻ സന്ദർശകരെ അനുവദിക്കുന്ന ഒരു എ. ഐ. പവർ പ്രോഗ്രാം.

പോളിഷ് പുരോഹിതനായ ഫാ. റാഡെക് റാക്കോവ്‌സ്‌കിയും അദ്ദേഹത്തിന്റെ ഇടവകാംഗങ്ങളും, പരമ്പരാഗത രീതിയിലുള്ള ഒരു പള്ളി പണിയാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ പിന്നീട്, ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കൂടുതൽ ആധുനികമായ ഒരു ചാപ്പൽ നിർമ്മിക്കാം എന്ന് അവർ തീരുമാനിക്കുകയായിരുന്നു. വലിയ ജനാലകൾ, ശ്രദ്ധേയമായ നിയോൺ ലൈറ്റ്, അകത്ത് സുഖപ്രദമായ കോഫി കോർണർ എന്നിവ സന്ദർശകർക്ക് ഇവിടെ കാണാൻ സാധിക്കും. ആത്മീയതയും ആശ്വാസവും തേടി ഇവിടെയെത്തുമ്പോൾ വിശ്വാസികൾക്കും തീർഥാടകർക്കും അനുഗ്രഹത്തോടൊപ്പം കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള സംശയങ്ങൾക്കും കൃത്യമായ മറുപടി ഈ എ. ഐ. സാങ്കേതികവിദ്യ നൽകും.

ചാപ്പൽ സന്ദർശിക്കുന്ന ഇടവകക്കാർ ഒരു ആപ്പ് വഴിയാണ് പ്രവേശനം നേടുന്നത്. ലൈറ്റുകൾ പ്രവർത്തിപ്പിക്കാനും കോഫി മെഷീനിൽനിന്ന് കാപ്പിയെടുക്കാനുമൊക്കെ ഈ സാങ്കേതികവിദ്യ ആളുകളെ സഹായിക്കും. പ്രസംഗപീഠത്തിലുള്ള എ. ഐ. ഗൈഡിലേക്ക് സന്ദർശകർ അവരുടെ ചോദ്യങ്ങൾ ചോദിക്കാൻ ഒരു ബട്ടൺ അമർത്തുന്നു.

“ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അസാധാരണമാണ്. ഒരു പുരോഹിതനോടു ചോദിക്കാൻ മടിച്ച ചോദ്യങ്ങളെല്ലാം നിങ്ങൾക്ക് ഇവിടെ ചോദിക്കാം. അത് വിശുദ്ധ ബൈബിളും മതബോധനവും സഭയുടെ രേഖകളും ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ച് നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും” – ഫാ. റാക്കോവ്സ്കി പറഞ്ഞു. ഒരു പുരോഹിതന് എല്ലാ വിവരങ്ങളും ഓർമയില്ലായിരിക്കാം. എന്നാൽ നേരിട്ടുള്ള, വസ്തുനിഷ്ഠമായ ഉത്തരം നൽകാൻ എ. ഐ. യ്ക്ക് എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇതിന് (എ. ഐ.) അത് പറയുന്ന കാര്യങ്ങളുമായി വൈകാരികബന്ധമില്ല. അത് ശുദ്ധമായ അറിവ് കൈമാറാൻ ആഗ്രഹിക്കുന്നു. അത് അതിശയകരമാണ്. ആളുകളെ ആകർഷിക്കുന്നതിനോ, അവരെ വഞ്ചിക്കുന്നതിനോ, വസ്തുതകളെ വളച്ചൊടിക്കാനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” – അദ്ദേഹം പറഞ്ഞു.

Latest News