വെള്ളിയാഴ്ച യുക്രേനിയൻ നഗരമായ ഖാർകിവിൽ നടന്ന റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഗർഭണികളുടെയും നവജാതശിശുക്കളുടെയും ആശുപത്രിക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ജനാലകൾ തകരുകയും കിടക്കകളിലേക്ക് ഗ്ലാസ് കഷണങ്ങൾ വീഴുകയും ചെയ്തതോടെ രോഗികൾ പരിഭ്രാന്തരായി ഓടി. അതുമൂലം മൂന്നു സ്ത്രീകൾക്കും നവജാതശിശുക്കളും ബുദ്ധിമുട്ടുകളുണ്ടായതായും അവർക്ക് വൈദ്യസഹായം ലഭിച്ചതായും ഖാർകിവിലെ അധികൃതർ പറഞ്ഞു.
“ഞങ്ങൾ ഉണർന്നപ്പോൾ വളരെ ഉച്ചത്തിലുള്ള ഒരു ശബ്ദം കേട്ടു. ഞാനും എന്റെ ഭർത്താവും എഴുന്നേറ്റ് വേഗം ഞങ്ങളുടെ കുഞ്ഞിന്റെ അടുത്തേക്കു പോയി. ആ നിമിഷം ഒരു അപകടമുണ്ടാവുകയും ജനാലകൾ തകരുകയും ചെയ്തു” – ആശുപത്രിയിലുണ്ടായിരുന്ന യുവതി പറയുന്നു.
ആശുപത്രിയുടെ എല്ലാ നിലകളിലും കിടക്കകളിലും ഗ്ലാസ് കഷണങ്ങൾ ചിതറിക്കിടക്കുന്ന നിലയിലാണ്. രോഗികളും ജീവനക്കാരും അവിടെനിന്നും രക്ഷപെടാൻ ശ്രമിച്ചു. അതേസമയം സമീപ ആഴ്ചകളിൽ റഷ്യ വ്യോമാക്രമണങ്ങളുടെ തീവ്രത വർധിപ്പിച്ചിട്ടുണ്ട്. യുക്രൈനിലുടനീളം കൂടുതൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങളും റഷ്യ നടത്തിയിട്ടുണ്ട്. 2022 ൽ പൂർണ്ണതോതിലുള്ള അധിനിവേശത്തിനുശേഷം, രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിനെ അവർ പതിവായി ലക്ഷ്യംവയ്ക്കുകയാണ്.

