Sunday, November 24, 2024

മരാപ്പി ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവച്ച് പർവാതാരോഹകൻ

“തുടക്കത്തിൽ പുക മാത്രം ഉയർന്നു. പിന്നീട് വലിയ ശബ്ദത്തോടെ പാറകൾ മഴപോലെ വീഴാൻതുടങ്ങി; തുടർന്ന് ചാരവും. ഞങ്ങൾക്ക് ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല” – കഴിഞ്ഞയാഴ്ച ഇന്തോനേഷ്യയിൽ 23 പേരുടെ മരണത്തിനിടയാക്കിയ മരാപ്പി അഗ്നിപർവതസ്ഫോടനത്തിന്റെ നടുക്കുന്ന ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ദൃക്സാക്ഷിയായ ഇർവാൻഡ മുളിയ.

തന്റെ സുഹൃത്തായ മുഹമ്മദ് ഫഡ്‌ലിക്കും മറ്റ് 17 പേർക്കുമൊപ്പമാണ് ഇർവാൻഡ മരാപ്പി പർവതം കീഴടക്കാൻ ഇറങ്ങിത്തിരിച്ചത്. ഒരുമാസത്തിലേറെയായി ഇതിനായുള്ള ആഗ്രഹം അവർ പരസ്പരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഒടുവിൽ കഴിഞ്ഞ വാരാന്ത്യത്തിലാണ് ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ മരാപ്പി കീഴടക്കാൻ പദ്ധതിയിട്ടത്. ഇത് വലിയൊരു വഴിത്തിരവായിത്തീർന്നതായാണ് ഇർവാൻഡ മുളിയ എന്ന പർവതാരോഹകനായ കാൽനടയാത്രികൻ ബി.ബി.സിയോട് പങ്കുവച്ചത്.

“ഒഴിവുസമയം ചെലവഴിക്കുന്നതിനും ആസ്വാദനത്തിനുംവേണ്ടിയാണ് ഞങ്ങൾ മരാപ്പിയിലേക്ക് പുറപ്പെട്ടത്. ഞങ്ങൾക്കൊപ്പമുള്ളവരിൽ ബഹുഭൂരിഭാഗവും പർവതാരോഹകരായിരുന്നു. എന്നാൽ, അതിൽ ഞാനുൾപ്പടെ ഏഴുപേർ ആദ്യമായിട്ടാണ് ഈ സാഹസികതയ്ക്കു മുതിരുന്നത്” – ഇർവാൻഡ പറയുന്നു. പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ ബേസ് ക്യാമ്പിലെത്തുന്ന പർവതാരോഹകസംഘം പ്രാഥമിക പരിശീലനത്തിനുശേഷം, അടുത്ത ദിവസമാണ് 2,891 മീറ്റർ (9,485 അടി) ഉയരത്തിലുള്ള മരാപ്പി കീഴടക്കാനുള്ള ദൗത്യത്തിനായി പുറപ്പെടുക. കൊടുമുടിയിൽനിന്ന് 600 മീറ്റർ അകലെ തുഗു ആബെൽ എന്ന് അറിയപ്പെടുന്ന വെള്ളപൂശിയ ചെറിയ സ്മാരകമുണ്ട്. ഇതിനുചുറ്റും സ്ഥാപിച്ച ടെന്റുകളിൽ ആദ്യദിനം പർവതാരോഹകർ രാത്രിസമയം ചിലവിടും. 1996 -ൽ മരാപ്പി പൊട്ടിത്തെറിച്ചപ്പോൾ മരിച്ച ഒരാളുടെ പേരിലാണ് ഇത് അറിയപ്പെടുന്നതും.

ഇർവാൻഡയും സംഘവും മരാപ്പി പർവതത്തിലേക്കുള്ള യാത്ര ആരംഭിച്ച ശനിയാഴ്ച, നല്ല മഴയുണ്ടായിരുന്നു. എന്നാൽ, പ്രതികൂലകാലാവസ്ഥയൊന്നും തങ്ങളുടെ യാത്രയ്ക്ക് പ്രതിബന്ധമായില്ല എന്ന് ഇർവാൻഡ ഓർക്കുന്നു. “ഞങ്ങൾ 17 പേരും വിജയകരമായി മരാപ്പി പർവതം കീഴടക്കി. അതിൽ ഞായറാഴ്ച പ്രഭാതത്തിലെ സൂര്യോദയകാഴ്ചകൾ ഞങ്ങൾക്ക് അതിശയകരമായിരുന്നു. ചിലർ സൂര്യാസ്തമയം കണ്ടുമടങ്ങണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.” സൂര്യസ്തമയം കണ്ടുമടങ്ങണമെന്ന ആഗ്രഹം പരിത്യജിച്ചു മടങ്ങാനാണ് ഇർവാർഡയും സുഹൃത്തും മറ്റു രണ്ടുപേരും തീരുമാനിച്ചത്. തുടർന്ന് പ്രാദേശികസമയം ഏകദേശം 15:00 -ന് (0800 GMT) മടക്കയാത്ര ആരംഭിച്ചു. പൊടുന്നനെ ഭൂമി കുലുങ്ങാൻതുടങ്ങിയതായും ‘ഓടുക, മരാപ്പി പർവതം പൊട്ടിത്തെറിച്ചു’ എന്ന് ആരോ വിളിച്ചുപറയുന്ന ശബ്ദം കേട്ടതായും അദ്ദേഹം പറയുന്നു. കുത്തനെയുള്ള ഇറക്കത്തിലേക്കുളള ഓട്ടത്തിൽ താനും സുഹൃത്തും പലതവണ വീണതായും അദ്ദേഹം വെളിപ്പെടുത്തി.

“അത് ഭയാനകമായിരുന്നു. ആദ്യം എനിക്കൊന്നും മനസ്സിലായിരുന്നില്ല. പുക മാത്രം ഉയർന്നുപൊങ്ങുന്നതു കണ്ടു. പിന്നീട് വലിയ ശബ്ദത്തോടെ പാറകൾ മഴപോലെ പെയ്യാൻ തുടങ്ങി; തുടർന്ന് ചാരവും. അത് ശ്വസിക്കാതിരിക്കാൻ ഞാൻ എന്റെ വായ പൊത്തി” – ഇർവാൻഡ പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് മുകളിൽനിന്നും വീണ പാറക്കല്ലുകൾ ദേഹത്തുപതിക്കുന്നത് തട്ടിമാറ്റുന്നതിനുള്ള ശ്രമത്തിനിടയിൽ കൂടെയുണ്ടായിരുന്ന ഫാഡ്ലിയുടെ വിരൽ ഒടിഞ്ഞു. ഒരു പാറ അയാളുടെ കാലിൽതട്ടി ഒടിവുണ്ടായതായി ഇർവാൻഡ കൂട്ടിച്ചേർത്തു. അപകടത്തിനുപിന്നാലെ പ്രാണരക്ഷാർഥമുള്ള ഓട്ടത്തിനിടയിൽ വഴിയിൽ, കാൽനടയാത്രക്കാരായ മറ്റു രണ്ട് സ്ത്രീകളെ സഹായിക്കാൻ കഴിഞ്ഞതായും സ്ഫോടനസമയത്ത് മരാപ്പിയിലുണ്ടായിരുന്ന 75 കാൽനടയാത്രക്കാരിൽ ഭൂരിഭാഗം ആളുകളെയും ഒഴിപ്പിക്കാൻ സാധിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞതായി ഇർവാൻഡ വെളിപ്പെടുത്തി.

എന്നാൽ ഇപ്പോഴും തനിക്ക് മനസ്സിലാകാത്തത്, പർവതാരോഹകർക്ക് സുരക്ഷയോ, മുന്നറിയിപ്പ് സംവിധാനങ്ങളോ സ്ഥാപിക്കാത്തത് എന്തെന്നായിരുന്നു. കാൽനടയാത്രക്കാരെ അഗ്നിപർവതത്തിന്റെ ഗർത്തത്തിന് അടുത്ത് താമസിക്കുന്നതിൽനിന്ന് വിലക്കിയിരുന്നെങ്കിൽ 23 പേരുടെ മരണം സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം ബി.ബി.സിയോടു പറഞ്ഞു. അതേസമയം, തന്റെ ജീവിതം മടക്കിനൽകിയതിൽ ഇർവാർഡ ദൈവത്തിനു നന്ദിപറയാനും മറന്നില്ല. “എന്റെ പല സുഹൃത്തുക്കൾക്കും ജീവൻ നഷ്ടപ്പെട്ടു. അത് എന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നു. പക്ഷേ, ദൈവം ജീവിതത്തിൽ ഒരവസരംകൂടി എനിക്ക് നൽകിയതിലും കുറച്ചുപേരെയെങ്കിലും രക്ഷിക്കാൻ എന്നെ ഉപകരണമാക്കിയതിലും ഞാൻ നന്ദിയുള്ളവനാണ്” – ഇർവാൻഡ പറഞ്ഞവസാനിപ്പിച്ചു.

രഞ്ചിന്‍ ജെ. തരകന്‍

Latest News