Sunday, November 24, 2024

യുദ്ധത്തില്‍ മരിച്ച പിതാക്കന്മാര്‍ക്കായി ഇന്നും കത്തുകള്‍ എഴുതുന്ന മക്കള്‍; ഉക്രൈനില്‍ നിന്നും വേദനയോടെ ഒരു വൈദികന്‍

‘ഒരു വ്യക്തി ജീവിച്ചിരിക്കുന്നിടത്തോളം എല്ലായ്പ്പോഴും പ്രതീക്ഷയുണ്ട്. കാര്യങ്ങള്‍ മെച്ചപ്പെട്ടതായി മാറുന്നതു കാണാനുള്ള ആഗ്രഹവും, നമുക്ക് ഒരു മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നുള്ള വിശ്വാസവുമുണ്ട്. എങ്കിലും ഇടയ്ക്ക് ഞങ്ങള്‍ തളരുന്നു’ – കീവിലെ ഗ്രീക്ക്-കത്തോലിക് സെമിനാരിയുടെ വൈസ് റെക്ടറായ ഫാ. റോമന്‍ ഓസ്‌ട്രോവ്‌സ്‌കിയുടെ വാക്കുകളാണിത്. വര്‍ഷങ്ങളായി തുടരുന്ന യുദ്ധംമൂലം മടുത്ത ഒരു ജനത്തിന്റെ നേര്‍ക്കാഴ്ചയാവുകയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

ഫാ. റോമന്‍ ഒരു ബൈബിള്‍ പണ്ഡിതനാണ്. പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ബൈബിള്‍ ദൈവശാസ്ത്രം പഠിച്ചിട്ടുണ്ട്. ഇപ്പോള്‍ സെമിനാരിയില്‍ പഠിപ്പിക്കുന്നു.

‘അടുത്ത വര്‍ഷം ആചരിക്കുന്ന ജൂബിലിയോടനുബന്ധിച്ച് പാപ്പ ഇറക്കിയ ഔദ്യോഗികരേഖ ഞാന്‍ വായിച്ചു. മനോഹരവും രസകരവുമായ നിരവധി വിഷയങ്ങള്‍ അതില്‍ കണ്ടെത്താന്‍ എനിക്കു കഴിഞ്ഞു. ഉദാഹരണത്തിന്, ക്രിസ്തീയജീവിതം ഒരു യാത്രയാണെന്നു പരിശുദ്ധ പിതാവ് പറയുന്നത് അതിലെ ഒരു പ്രധാനഭാഗമാണ്; കൂടാതെ, കര്‍ത്താവായ യേശുവുമായുള്ള കണ്ടുമുട്ടലും. ഉക്രൈനിലെ എല്ലാ ക്രിസ്ത്യാനികളും യേശുവിന്റെ ഈ സംരക്ഷകസാന്നിധ്യം അനുഭവിക്കുന്നു’ – അദ്ദേഹം വത്തിക്കാന്‍ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

നഷ്ടമാകുന്ന പ്രതീക്ഷയും ബലംപകരുന്ന പ്രാര്‍ഥനയും

‘ഞങ്ങള്‍ യുദ്ധത്തിന്റെ മൂന്നാം വര്‍ഷത്തിലാണ്. ആളുകള്‍ക്ക് അത് ആഴത്തില്‍ അനുഭവപ്പെടുന്നു. അവര്‍ ക്ഷീണിതരാണ്. ഇവിടെ കാര്യങ്ങള്‍ മികച്ച രീതിയില്‍ മാറാമെന്നും ഞങ്ങളുടെ ശബ്ദം കേള്‍ക്കാമെന്നുമുള്ള പ്രതീക്ഷ അവര്‍ക്കു നഷ്ടപ്പെട്ടു. ഇപ്പോള്‍, യുദ്ധം ഇഴഞ്ഞുനീങ്ങുകയും കഷ്ടപ്പാടുകളും അനിശ്ചിതത്വവുംമൂലം പലരും നിരാശയിലേക്കു വീഴുകയും ചെയ്യുന്നു’ – വൈദികന്‍ കൂട്ടിച്ചേര്‍ത്തു.

നാളെയെക്കുറിച്ചു ചിന്തിക്കുന്നത് ഞങ്ങള്‍ക്ക് ശരിക്കും ബുദ്ധിമുട്ടാണ് എന്ന് ഈ വൈദികന്‍ വെളിപ്പെടുത്തുന്നു. ‘ഉക്രൈനില്‍, ഒരാഴ്ചയില്‍ കൂടുതല്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നത് യാഥാര്‍ഥ്യമല്ല. വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നു, മുതിര്‍ന്നവരും കുട്ടികളും ഷെല്‍ട്ടറുകളില്‍ ഒളിക്കുന്നു. എല്ലാവരും അടുത്തതായി എന്തു സംഭവിക്കും, ഏതു ഭൂമി അവര്‍ കൈക്കലാക്കും എന്നുള്ള ആശങ്കയിലാണ്. ഈ യാഥാര്‍ഥ്യത്തെ ഒറ്റയ്ക്ക് എതിര്‍ക്കാന്‍ ഞങ്ങള്‍ക്കു കഴിയുന്നില്ല എന്നതാണ് വാസ്തവം’ – അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ ഓരോരുത്തരും ഞങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനവശങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. തീര്‍ച്ചയായും, വിശ്വാസം വളരെയധികം സഹായിക്കുന്നു. പ്രാര്‍ഥന ആന്തരികമായി ഞങ്ങളെ സുഖപ്പെടുത്തുകയും മോശമായ ദിവസങ്ങളില്‍ മുന്നോട്ടുപോകാന്‍ സഹായിക്കുകയും ചെയ്യുന്നു. കുറച്ച് വെളിച്ചം കാണാനും കര്‍ത്താവ് നമ്മെ കൈവിടില്ലെന്നു വിശ്വസിക്കാനും പ്രാര്‍ഥന തന്നെയാണ് ഏക ആശ്രയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷത്താല്‍ വലയുന്ന കുടുംബങ്ങള്‍

പല കുടുംബങ്ങളും പലപ്പോഴും ഓരോ നുണകളുടെമേലാണ് പിടിച്ചുനില്‍ക്കുന്നത്. പല കുടുംബങ്ങളിലെയും കുടുംബനാഥന്മാര്‍ യുദ്ധത്തില്‍ മരിച്ചുകഴിഞ്ഞു. എന്നാല്‍ അവിടെയുള്ള പല കുട്ടികള്‍ക്കുമറിയില്ല തങ്ങളുടെ പിതാക്കന്മാര്‍ മരിച്ച സത്യം. യുദ്ധഭൂമിയിലുള്ള അച്ചന്മാര്‍ക്കായി അവര്‍ ഇന്നും കത്തുകളെഴുതുകയാണ്. പലപ്പോഴും കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി പല കുടുംബങ്ങളും നുണകള്‍ പറയുന്നു. അത്തരം നൂറുകണക്കിന്, ആയിരക്കണക്കിന് കുടുംബങ്ങളുണ്ട് ഉക്രൈനില്‍.

‘കുട്ടികളുള്ള പല അമ്മമാര്‍ക്കും രാജ്യം വിടേണ്ടിവന്നു; പിതാക്കന്മാര്‍ ഉക്രൈനില്‍ താമസിച്ചു. ചിലര്‍ മുന്നില്‍നിന്നു പോരാടുന്നു. നിര്‍ഭാഗ്യവശാല്‍, ഭാര്യമാര്‍ വിദേശത്തു താമസിക്കുന്നതിനാല്‍ കുടുംബങ്ങള്‍ തകരുന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. പുരുഷന്മാര്‍ക്കു അവരോടൊപ്പം പോകാന്‍ കഴിയില്ല. ഇത് നിരവധി കുടുംബങ്ങളെ ബാധിക്കുന്ന വലിയ പിരിമുറുക്കം സൃഷ്ടിക്കുന്നു’ – വൈദികന്‍ വെളിപ്പെടുത്തുന്നു.

 

Latest News