Wednesday, April 2, 2025

ലോകത്തിലെ ഉയരം കൂടിയ 14 കൊടുമുടികളും കീഴടക്കി റെക്കോർഡ് സ്ഥാപിച്ച കൗമാരക്കാരന് സ്വീകരണം നൽകി നേപ്പാൾ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികളും കീഴടക്കിയ, ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി എന്ന നേട്ടം കൈവരിച്ച കൗമാരക്കാരനെ സ്നേഹപൂർവം സ്വീകരിച്ച് നേപ്പാൾ. 18-കാരനായ നിമ റിഞ്ചി ഷെർപ്പയാണ് ജന്മനാട്ടിൽ മടങ്ങിയെത്തിയത്. 30 വയസ്സുള്ള മറ്റൊരു ഷെർപ്പയുടെ മുൻ റെക്കോർഡ് തകർത്തുകൊണ്ട് 8,000 മീറ്റർ (26,247 അടി) ഉയരമുള്ള ലോകത്തിലെ കൊടുമുടികൾ കയറുക എന്ന ദൗത്യമാണ് ഈ ചെറുപ്പക്കാരൻ പൂർത്തിയാക്കിയത്.

8,027 മീറ്റർ (26,335 അടി) ഉയരമുള്ള ചൈനയിലെ ശിശപാംഗ്മ പർവതത്തിന്റെ നെറുകയിൽ നിമ റിഞ്ചി എത്തിയത്‌ കഴിഞ്ഞയാഴ്ചയായിരുന്നു. റെക്കോർഡ് നേട്ടം കൈവരിച്ച ഷെർപ്പയെ നേപ്പാളിലെ ടൂറിസം മന്ത്രി ബദ്രി പ്രസാദ് പാണ്ഡെ, ക്ലൈംബിംഗ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ, സഹ ഷെർപ്പകൾ, അനുയായികൾ എന്നിവർ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി സ്വീകരിച്ചു.

“ഞാൻ വളരെ സന്തുഷ്ടനാണ്. എല്ലാവർക്കും നന്ദിപറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതൊരു ബുദ്ധിമുട്ടുള്ള ദൗത്യമായിരുന്നു. പക്ഷേ, ഒടുവിൽ എനിക്ക് വിജയിക്കാൻ കഴിഞ്ഞു” – നിമ റിഞ്ചി മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ഷെർപ്പ പർവതാരോഹണ സമൂഹത്തിലെ അറിയപ്പെടുന്ന ഒരു കുടുംബത്തിൽനിന്നാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ പിതാവും രണ്ട് അമ്മാവന്മാരും നേപ്പാളിൽ സെവൻ സമ്മിറ്റ്സ് ട്രെക്കുകൾ നടത്തുന്നു. ഇത് നേപ്പാൾ, ചൈന, പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ ക്ലയന്റുകൾക്ക് സേവനം നൽകുന്ന ഒരു പ്രമുഖ കമ്പനിയായി മാറി.

ലോകത്തിലെ ഏറ്റവും ഉയർന്ന പർവതങ്ങൾ കീഴടക്കുന്നതിൽ പ്രത്യേക കഴിവുകൾ സിദ്ധിച്ച വിഭാഗമാണ് ഷെർപ്പകൾ. പക്ഷേ, പലപ്പോഴും പർവതാരോഹകരുടെ സഹായികൾ എന്ന ലേബലിലേക്ക് ഇവർ ചുരുങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ലോകമെമ്പാടുമുള്ള കൊടുമുടികൾ കീഴടക്കി റെക്കോർഡുകൾ സ്ഥാപിക്കാൻ ഈ ഷെർപ്പകൾക്കു സാധിക്കുന്നു. അത്, ഒരു സഹായി എന്ന പദവിയിൽനിന്നും ഈ സമൂഹത്തെ പുറത്തുകടത്തുന്നു.

Latest News