റഷ്യ യുക്രൈനില്‍ യുദ്ധം ആരംഭിച്ചപ്പോള്‍ അവിടെ നിന്ന് പലായനം ചെയ്ത് പോളണ്ടില്‍ എത്തിയ ആളാണ് യുക്രേനിയക്കാരിയായ സഖിദ അഡിലോവ (35). യുദ്ധത്തിന് മുമ്പ് യുക്രേനിയന്‍ തലസ്ഥാനമായ കീവില്‍ താമസിച്ചിരുന്ന സഖിദ ഇപ്പോള്‍ പോളണ്ടിലെ വാര്‍സോയിലാണ്. എന്നാലിപ്പോള്‍ അതിരൂക്ഷമായ ജീവിതച്ചെലവ് എന്ന പ്രതിസന്ധിയില്‍ വലയുകയാണ് സഖിദയെപ്പോലുള്ളവര്. ഇക്കാരണത്താല്‍ തന്നെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാനായി ഒരേ സമയം ഒന്നിലധികം ജോലികളില്‍ ഏര്‍പ്പെടാന്‍ പോലും ഇവര്‍ നിര്‍ബന്ധിതരാകുന്നു.
12 വയസുകാരി സമീറ എന്ന പെണ്‍കുട്ടിയുടെ അമ്മ കൂടിയായ സഖിദ ഒരേ സമയം ചെയ്യുന്നത് മൂന്ന് വ്യത്യസ്ത ജോലികളാണ്. ഒന്ന് ഒരു മീഡിയ കമ്പനിയുടെ മുഴുവന്‍ സമയ കണ്ടന്റ് എഡിറ്റര്‍, മറ്റൊന്ന് ഒരു സ്വകാര്യ ഭാഷാ അദ്ധ്യാപിക എന്ന ജോലി. മൂന്നാമത്തേത് യുക്രേനിയന്‍, ഇംഗ്ലീഷ് ഭാഷകള്‍ പരസ്പരം വിവര്‍ത്തനം ചെയ്യല്‍.
മൂന്നു ജോലികള്‍ ചെയ്തിട്ടു പോലും ചെലവിനേക്കാള്‍ വളരെ കുറവാണ് തനിക്ക് ലഭിക്കുന്ന വരുമാനമെന്ന് സഖിദ പറയുന്നു. അതിനാല്‍ തന്റെ പ്രതിമാസ ചെലവുകള്‍ക്കായി അവള് തന്റെ സമ്പാദ്യത്തെയാണ് ആശ്രയിക്കുന്നത്. പോളണ്ടില്‍ താമസിക്കുന്നതിനുള്ള ചെലവുകള്‍ കൂടാതെ കീവില്‍ താമസിക്കുന്ന 76 കാരിയായ തന്റെ അമ്മ അബിബെയ്ക്കും പണം അയയ്ക്കേണ്ടതുണ്ട്.
2014-ല്‍ റഷ്യ കരിങ്കടല്‍ പെനിന്‍സുല പിടിച്ചടക്കിയതിനെത്തുടര്‍ന്ന് ജന്മനാടായ ക്രിമിയ വിട്ടുപോകാന്‍ നിര്‍ബന്ധിതരായവരാണ് സഖിദയും മകള്‍ സമീറയും. എങ്കിലും യുദ്ധത്തിന് മുമ്പുവരെ സെന്‍ട്രല്‍ കീവിലെ കുടുംബത്തില്‍ അവര്‍ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. 2022 ഫെബ്രുവരി 24-ന്, അവരുടെ വീടിന്റെ സമാധാനപരമായ അന്തരീക്ഷം പെട്ടെന്ന് അവസാനിച്ചു. റഷ്യന്‍ സൈന്യം കീവ് വളഞ്ഞു. ബുച്ചയും ഇര്‍പിനും ഉള്‍പ്പെടെ നിരവധി പ്രാന്തപ്രദേശങ്ങള്‍ പിടിച്ചെടുത്തു.
രണ്ടാഴ്ച്ച നീണ്ടുനിന്ന നിരന്തരമായ വ്യോമാക്രമണ സൈറണുകളും സ്ത്രീകളും കുട്ടികളും നഗരം വിട്ടുപോകാന്‍ അധികാരികളുടെ മുന്നറിയിപ്പുകളും ഉണ്ടായതിനുശേഷം സഖിദ അമ്മയ്ക്കും മകള്‍ക്കും ഒപ്പം പോളണ്ടിലേക്ക് പോയി.
മാര്‍ച്ച് അവസാനത്തിനും ഏപ്രില്‍ ആദ്യത്തിനും ഇടയില്‍, റഷ്യന്‍ സൈന്യം കൈവിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ പോളണ്ടിലെ വാടക വീട്ടില്‍ നിന്ന് അബിബെ, കൈവിലേക്ക് മടങ്ങി. ‘അമ്മയുടെ മടക്കം സുരക്ഷിതമല്ല. പക്ഷേ സ്വാതന്ത്ര്യമാണ് അവള്‍ക്ക് ഏറ്റവും നല്ല പരിഹാരം എന്ന് ഞാന്‍ മനസ്സിലാക്കുന്നു’.
പോളണ്ടില്‍ എല്ലാത്തിനും വില യുക്രെയ്നേക്കാള്‍ വളരെ കൂടുതലാണ്. പോളണ്ടിലെ പണപ്പെരുപ്പം 2022-ല്‍ 16.6 ശതമാനം വര്‍ദ്ധിച്ചു, അതേസമയം ഭക്ഷണം, യൂട്ടിലിറ്റികള്‍, ഭവനങ്ങള്‍ എന്നിവയുടെ വിലകള്‍ 20 ശതമാനത്തിലധികം ഉയര്‍ന്നു.
യുക്രേനിയന്‍ മീഡിയ കമ്പനിക്ക് വേണ്ടി കണ്ടന്റ് ചെയ്യുന്നതിന് പ്രതിദിനം എട്ട് മുതല്‍ 10 മണിക്കൂര്‍ വരെ ചെലവഴിക്കേണ്ടതുണ്ട്. കൂടാതെ ആഴ്ചതോറും 18 വിദ്യാര്‍ത്ഥികളുമൊത്ത് ഒറ്റത്തവണ ഓണ്‍ലൈന്‍ ഭാഷാ സെഷനുകളില്‍ അവള് പങ്കെടുക്കുന്നു. ‘എത്ര കഷ്ടപ്പാടുകളുണ്ടെങ്കിലും ഞാന്‍ ബലഹീനത പ്രകടമാക്കില്ല. കാരണം അതുകണ്ടാല്‍ എന്റെ കുടുംബം തകര്‍ന്നുപോകും. അതുകൊണ്ട് പുഞ്ചിരിയോടെ തന്നെ പ്രതിസന്ധികളേയും ജീവതഭാരത്തേയും നേരിടാന്‍ തന്നെയാണ് തീരുമാനം. ഒപ്പം, എത്രയുംവേഗം യുദ്ധം പൂര്‍ണമായും അവസാനിക്കട്ടെയെന്ന പ്രാര്‍ത്ഥനയും’. സഖിദ പറയുന്നു.