ദൂരദര്‍ശന്റെ തമിഴ് ഉപഗ്രഹ ചാനലായ ഡി. ഡി പൊധിഗൈ (DD Podhigai) ഒരിക്കല്‍ മുന്‍ രാഷ്ട്രപതിയായ ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിന്റെ സെക്രട്ടറി ആയിരുന്ന പി. മാധവന്‍ നായരുമായി ഒരു അഭിമുഖം നടത്തുകയുണ്ടായി. അതിന്റെ പ്രസക്തഭാഗങ്ങള്‍. ‘കലാം ഇഫക്ട്’ എന്ന പുസ്തകത്തിന്റെ രചിതാവു കൂടിയാണ് പി. എം നായര്‍.
1. ഓരോ വിദേശ പര്യടനത്തിലും സന്ദര്‍ശിക്കുന്ന രാജ്യ തലവന്‍ എന്ന നിലയില്‍ ഡോ. കലാമിനു നിരവധി സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. ഈ സമ്മാനങ്ങള്‍ നിരസിക്കുന്നതു ആ രാജ്യത്തെ അപമാനിക്കലും, ഇന്ത്യയെ വിലയിടിച്ചു കാണിക്കുകയും ചെയ്യുമെന്നതിനാല്‍ സമ്മാനങ്ങള്‍ ഇഷ്ടമല്ലങ്കിലും ഡോ. കലാം സ്വീകരിച്ചിരുന്നു. തിരിച്ചു വരുമ്പോള്‍ ആ സമ്മാനങ്ങളുടെ ഫോട്ടോ എടുത്തു സൂക്ഷിക്കുകയും സമ്മാനങ്ങള്‍ ആര്‍ക്കീവിസിനു കൈമാറുകയും ചെയ്തിരുന്നു. അതിനുശേഷം സമ്മാനങ്ങളുടെ പുറകെ അദ്ദേഹം പോയിരുന്നില്ല. രാഷ്ട്രപതി ഭവന്‍ വിട്ടുപോകുമ്പോള്‍ സമ്മാനമായി ലഭിച്ച ഒരു പെന്‍സില്‍ പോലും അദ്ദേഹം എടുത്തിരുന്നില്ല.
2. 2002 ല്‍ ഡോ. കലാം രാഷ്ടപ്രതിയായി ഭരണചുമതല ഏറ്റെടുത്ത സമയം റംസാന്‍ മാസം ജൂലൈ, ആഗസ്റ്റു മാസത്തിലാണ് വന്നത്. പ്രസിഡന്റുമാര്‍ ഇഫ്താര്‍ വിരുന്നൊരുക്കുക പരമ്പരാഗത കീഴ്വഴക്കമായിരുന്നു. കലാം, സെക്രട്ടറി നായരോടു ചോദിച്ചു നല്ലതുപോലെ വയറു നിറഞ്ഞവര്‍ക്കു വേണ്ടി ഞാന്‍ എന്തിനാണു വിരുന്നൊരുക്കുന്നത്. അതിനു എത്ര രൂപ ചിലവാകുമെന്നറിയാന്‍ ഡോ. കലാം നായരോടു ആവശ്യപ്പെട്ടു. എകദേശം 22 ലക്ഷം രൂപ ചെലവാകുമെന്നു നായര്‍ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെട്ട അനാഥാലയങ്ങള്‍ക്കു ഭക്ഷണവും വസ്ത്രവുമായി ആ തുക ചിലവഴിക്കാന്‍ ഡോ. കലാം, നായരോടു ആവശ്യപ്പെട്ടു. ആ അനാഥാലയങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ഡോ. കലാമിനു യാതൊരു പങ്കുമില്ലായിരുന്നു. രാഷ്ട്രപതി ഭവനിലെ ഒരു ടീമാണു അര്‍ഹതപ്പെട്ട അനാഥാലയങ്ങളെ കണ്ടെത്തിയത്. പിന്നീട് പി. എം നായരെ, ഡോ. കലാമിന്റെ റൂമിലേക്കു വിളിച്ചു ഒരു ലക്ഷം രൂപയുടെ ഒരു ചെക്കു നല്‍കി പറഞ്ഞു. ഇതെന്റെ വ്യക്തിപരമായ സമ്പാദ്യത്തില്‍ നിന്നുള്ള തുകയാണ്. ഇതുകൂടി അനാഥാലയങ്ങള്‍ക്കു കൊടുത്തോളൂ. പക്ഷെ ഇതാരും അറിയരുതെന്ന താക്കീതും നല്‍കി.
ഡോ. കലാം ഭക്തനായ ഒരു മുസ്ലിം ആയിരുന്നെങ്കിലും ഇന്ത്യന്‍ പ്രസിഡന്റായിരുന്ന സമയത്തു അദ്ദേഹം ഇഫ്താര്‍ വിരുന്നുകള്‍ രാഷ്ട്രപതി ഭവനില്‍ നടത്തിയിരുന്നില്ല.
3. ഡോ. കലാമിനു എപ്പോഴും ‘Yes Sir’ മനോഭാവമുള്ള വ്യക്തികളെ ഇഷ്ടമായിരുന്നില്ല
ഒരിക്കല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡോ. കലാമിന്റെ അഭിപ്രായം ആരായാന്‍ ഓഫീസിലെത്തി. ഡോ. കലാം തന്റെ അഭിപ്രായം പറഞ്ഞു. അതിനോടു യോജിക്കുന്നുവോ എന്നു പി. എം നായരോടു ചോദിച്ചു. ഇല്ലാ എന്നായിരുന്നു നായരുടെ മറുപടി. ചീഫ് ജസ്റ്റിസ് അക്ഷരാര്‍ത്ഥത്തില്‍ സതംബ്ധനായി. അദ്ദേഹത്തിനു തന്റെ കാതുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല. കാരണം, ഒരു സിവില്‍ ഒദ്യോഗസ്ഥനു ഇന്ത്യന്‍ പ്രസിഡന്റിന്റെ അഭിപ്രായത്തോടു തുറവിയോടെ വിയോജിക്കുക അസാധ്യമായിരുന്നു. എന്തുകൊണ്ട് വിയോജിക്കുന്നു എന്നതിനു കാരണങ്ങള്‍ ചോദിച്ചറിയുകയും 99 ശതമാനം അവ യുക്തിസഹജമാണങ്കില്‍ ഡോ. കലാം തന്റെ അഭിപ്രായത്തെ മാറ്റിയിരുന്നതായും നായര്‍ സാക്ഷ്യപ്പെടുത്തുന്നു.
4. ഡല്‍ഹി സന്ദര്‍ശിക്കുന്നതിനായി തന്റെ 50 ബന്ധുക്കളെ ഡോ. കലാം ഒരിക്കല്‍ ക്ഷണിച്ചു, അവരെല്ലാവരും രാഷ്ട്രപതി ഭവനിലാണു താമസിച്ചത്. അവര്‍ക്കു ഡല്‍ഹി കാണുന്നതിനായി ഒരു ബസ് സംഘടിപ്പിച്ചതും അതിനുള്ള ചിലവു വഹിച്ചതും ഡോ. കലാം തന്നെയായിരുന്നു. ഒരു ഔദ്യോഗിക വാഹനവും ഉപയോഗിച്ചില്ല. അവരുടെ താമസത്തിനും ഭക്ഷണത്തിനും ചിലവായ രണ്ടു ലക്ഷം രൂപയും ഡോ. കലാം തന്നെ കൊടുത്തു. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ആരും ഇതു ചെയ്തട്ടില്ല. അതാണ് ഡോ. കലാമിന്റ മഹത്വം. ഡോ. കലാമിന്റെ മൂത്ത സഹോദരന്‍ കലാമിനോപ്പം ഒരാഴ്ച കലാമിന്റെ റൂമിലാണ് താമസിച്ചത്. സ്വന്തം സഹോദരന്‍ തന്റെ ഒപ്പം താമസിക്കണമെന്നു ഡോ. കലാമിന്റെ ആഗ്രഹമായിരുന്നു.
അവര്‍ പോയപ്പോള്‍ സ്വന്തം റൂമിന്റെ വാടക പോലും അടയ്ക്കാന്‍ ഡോ. കലാം സന്നദ്ധനായി. പക്ഷെ, അതിനു സ്റ്റാഫു സമ്മതിച്ചില്ല. അത്രമാത്രം സത്യസന്ധനായിരുന്നു ഡോ. കലാം
5. ഭരണകാലഘട്ടം അവസാനിപ്പിച്ചു ഡോ. കലാം, രാഷ്ട്രപതി ഭവനോടു വിട പറയുന്ന സമയം, രാഷ്ട്രപതി ഭവനിലെ എല്ലാ സ്റ്റാഫും ഡോ. കലാമിന്റെ അടുത്തെത്തി ബഹുമാനമറിയിച്ചു. ഭാര്യയുടെ കാലൊടിഞ്ഞിരുന്നതിനാല്‍, പി എം നായര്‍ തന്നെയാണു ഡോ. കലാമിനെ സന്ദര്‍ശിച്ചത്. ഭാര്യ വരാത്തതിന്റെ കാരണം ഡോ. കലാം ആരാഞ്ഞു. ഒരു അപകടത്തില്‍പ്പെട്ട് കാലു പൊട്ടിയിരിക്കുകയാണെന്ന് നായര്‍ മറുപടി നല്‍കി. പിറ്റേ ദിവസം വീട്ടുമുറ്റത്തു തടിച്ചുകൂടിയ പോലീസുകാരെ കണ്ടു നായര്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് തന്റെ ഭാര്യയെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പ്രസിഡന്റ് എത്തിയ വിവരം നായര്‍ അറിയുന്നത്. ഒരു സിവില്‍ ഒദ്യോഗസ്ഥന്റെ വീട്ടില്‍ ഒരു രാഷ്ട്രത്തലവന്‍ സന്ദര്‍ശനം നടത്തിയ അത്യപൂര്‍വ്വമായ സംഭവമായിരുന്നു അത്.
ഫാ. ജയ്‌സണ്‍ കുന്നേല്‍ MCBS