ഇറാനില്‍ തടവിലാക്കപ്പെട്ട വനിതാ ആക്ടിവിസ്റ്റുകള്‍ കഴിയുന്നത് വധശിക്ഷ ഭീഷണിയില്‍. ഇറാന്റെ പുതിയ പ്രസിഡന്റായി മസൂദ് പെസഷ്‌കിയാന്‍ അധികാരത്തിലേറിയതിന് പിന്നാലെ വര്‍ധിച്ച കൂട്ടവധശിക്ഷകളുടെ എണ്ണമാണ് സ്ത്രീ അവകാശങ്ങള്‍ക്കായി പോരാടിയവരുടെ ഭാവി ആശങ്കയിലാക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ 87 പേരുടെ വധശിക്ഷയാണ് ഇറാനില്‍ നടപ്പിലാക്കിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് പേര്‍ ഉള്‍പ്പെടെ ഇറാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ എഴുപതോളം സ്ത്രീകളാണ് രാഷ്ട്രീയ തടവുകാരായി കഴിയുന്നത്.
മതകാര്യ പോലീസിന്റെ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട മഹ്സ അമിനിയുടെ രണ്ടാം ചരമവാര്‍ഷികം നടക്കാനിരിക്കെ കൂടുതല്‍ വധശിക്ഷകള്‍ നടപ്പാക്കിയേക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ഭയക്കുന്നത്. കള്ളക്കേസുകളുടെ പേരില്‍ ഇറാനി ജയിലില്‍ കഴിയുന്ന നിരവധി വനിതാ രാഷ്ട്രീയ തടവുകാര്‍ വധശിക്ഷ ഭീഷണിയില്‍ കഴിയുകയാണെന്നാണ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍ ഇറാന്‍ (സിഎച്ച്ആര്‍ഐ) അഭിപ്രായപ്പെടുന്നത്.
ഇസ്ലാമിക റിപ്പബ്ലിക്കിലെ മതയാഥാസ്ഥിതിക ഭരണകൂടത്തെ വെല്ലുവിളിച്ച വനിതാ ആക്ടിവിസ്റ്റുകളെ തൂക്കുമരം കാട്ടി ഭയപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് സിഎച്ച്ആര്‍ഐ പറയുന്നത്. ജൂലൈയില്‍ ഒരൊറ്റ ദിവസം 29 പേരുടെ വധശിക്ഷയാണ് ഇറാനി ഭരണകൂടം നടപ്പാക്കിയത്. ‘വുമണ്‍, ലൈഫ്, ഫ്രീഡം’ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരിലായിരുന്നു റെസ റസായി എന്ന യുവാവിനെ വധിച്ചത്. അതിനെതിരെ ജയിലില്‍ പ്രതിഷേധിച്ചതിന് നര്‍ഗീസ് മൊഹമ്മദി ഉള്‍പ്പെടെയുള്ളവരെ പോലീസ് മര്‍ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
വനിതാ വാര്‍ഡില്‍ ജയില്‍ ഗാര്‍ഡുകളും സെക്യൂരിറ്റി ഏജന്റുമാരും കയറിച്ചെന്ന്, റെസ റസായിയുടെ വധശിക്ഷയില്‍ പ്രതിഷേധിച്ചവരെയെല്ലാം മര്‍ദിക്കുകയായിരുന്നുവെന്ന് നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസിയുടെ കുടുംബം ആരോപിച്ചിരുന്നു. ഗാര്‍ഡുകള്‍ തുടര്‍ച്ചയായി മര്‍ദിച്ചതിനെ തുടര്‍ന്ന് നര്‍ഗസ് കുഴഞ്ഞുവീഴുകയും ബോധരഹിതയാവുകയും ചെയ്തതായും കുടുംബം പറഞ്ഞു. ഇറാനി ജയിലുകളില്‍ സ്ത്രീകള്‍ക്ക് സമയബന്ധിതവും ഉചിതവുമായ ആരോഗ്യ സംരക്ഷണം നിഷേധിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളെ യുഎന്‍ മനുഷ്യാവകാശ വിദഗ്ധര്‍ അപലപിക്കുകയും ചെയ്തിരുന്നു.
ഇറാനി ഭരണകൂടത്തിനെതിരെ നിലപാടെടുത്തുവെന്ന പേരിലാണ് മിക്കവരെയും തൂക്കികൊല്ലുന്നത്. കുര്‍ദിഷ് വനിതകളുടെ അവകാശത്തിനായി പോരാടിയ നാല്പതുകാരനായ അസീസിയെ ചോദ്യം ചെയ്യല്‍ വേളയില്‍ കൊടിയ പീഡനങ്ങള്‍ക്ക് വിധേയനാക്കിയിരുന്നു. ‘മോക് എക്‌സിക്യൂഷന്‍’ ഉള്‍പ്പെടെയുള്ള മാനസിക പീഡനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. ഭരണകൂടത്തിനെതിരെയുള്ള ഒറ്റക്കെട്ടായ പോരാട്ടങ്ങളെ തകര്‍ക്കാനാണ് സ്ത്രീകള്‍ക്കും വംശീയ ന്യൂനപക്ഷങ്ങള്‍ക്കും എതിരായ വധശിക്ഷകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.
2022 സെപ്റ്റംബറിലെ മഹ്സ അമിനിയുടെ മരണത്തിന് ശേഷം നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയുണ്ടായ വധശിക്ഷകളുടെ വര്‍ദ്ധന, ഇറാനിലെ ന്യൂനപക്ഷങ്ങളെയാണ് ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്. വംശീയ ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകള്‍ക്കെതിരെ അടുത്തിടെ നിരവധി വധശിക്ഷകള്‍ വിധിച്ചത് അതിനെ ഭാഗമാണെന്ന് യു എന്‍ ദൗത്യസംഘവും പറയുന്നു. കെട്ടിച്ചമച്ച കുറ്റങ്ങളും നിര്‍ബന്ധിത കുറ്റസമ്മതങ്ങളും അടിസ്ഥാനമാക്കിയാണ് ഇവയെല്ലാം നടക്കുന്നത്. ഇറാനി സമൂഹത്തിനിടയിലേക്ക് ഭയം വ്യാപിപ്പിച്ച് വിമത ശബ്ദങ്ങളെയെല്ലാം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മനുഷ്യവകാശ സംഘടനകള്‍ പറയുന്നു.
മഹ്‌സയുടെ മരണത്തെത്തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഇറാനിലുടനീളം അരങ്ങേറിയത്. രാഷ്ട്രീയക്കാരും സെലിബ്രിറ്റികളുമടക്കം നിരവധിപേര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. പ്രക്ഷോഭത്തില്‍, പ്രായപൂര്‍ത്തിയാകാത്ത 71 പേര്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ആയിരക്കണക്കിന് ആളുകള്‍ അറസ്റ്റിലാവുകയും ചെയ്തു.