Friday, January 31, 2025

500 രോഗികള്‍ക്ക് 5 കിടക്കകള്‍, വേദനസംഹാരികള്‍ക്കും ആന്റിബയോട്ടിക്കുകള്‍ക്കും കടുത്ത ക്ഷാമം, മുറിവ് കഴുകാന്‍ ശുദ്ധജലം പോലുമില്ല; ദുരിതംപേറി അഫ്ഗാന്‍ ജനത

‘രാവിലെ മുതല്‍ ക്ലിനിക്കിലെത്തിയ 500 രോഗികളില്‍ 200 പേര്‍ മരിച്ചു’ – കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗ്യാനിലെ ഒരു ചെറിയ ക്ലിനിക്കിലെ സ്റ്റാഫായ മുഹമ്മദ് ഗുലിന്റെ പറയുന്നു. ‘ഇവിടെ അഞ്ച് കിടക്കകള്‍ മാത്രമേയുള്ളൂ. പക്ഷേ ചൊവ്വാഴ്ചത്തെ ഭൂകമ്പത്തില്‍ ക്ലിനിക്കിന്റെ എല്ലാ മുറികളും നശിച്ചു’ മിസ്റ്റര്‍ ഗുല്‍ കൂട്ടിച്ചേര്‍ത്തു.

പക്തിക പ്രവിശ്യയില്‍ നിന്ന് കുറേപ്പേരെ ചികിത്സയ്ക്കായി ഹെലികോപ്റ്ററില്‍ നഗരങ്ങളിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തിട്ടുണ്ട്. മറ്റെവിടെയും പോകാന്‍ കഴിയാത്ത ആളുകളെ ചികിത്സിക്കാന്‍ രണ്ട് ഡോക്ടര്‍മാര്‍ താല്‍ക്കാലിക ഔട്ട്ഡോര്‍ ക്ലിനിക്കില്‍ സേവനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ലിനിക്കുകളിലേയ്ക്ക് വൈദ്യുതി വിതരണം ചെയ്യുന്ന ജനറേറ്ററിന് പരിമിതമായ ഇന്ധനം മാത്രമേ ഉള്ളൂ. മറ്റ് പ്രവിശ്യകള്‍ വാഗ്ദാനം ചെയ്ത സഹായം ഇതുവരെ ലഭ്യമായിട്ടില്ല. അതേസമയം, അപകടത്തില്‍പ്പെട്ടവരുടെ എണ്ണം ഉയരുകയാണ്.

‘ഉടന്‍ വൈദ്യസഹായം ആവശ്യമുള്ള ഡസന്‍ കണക്കിന് ആളുകള്‍ ഉണ്ട്. അവര്‍ ഈ രാത്രി അതിജീവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല’. മിസ്റ്റര്‍ ഗുല്‍ കൂട്ടിച്ചേര്‍ത്തു.

ഭൂകമ്പം ദരിദ്രമായ മലയോര പ്രദേശങ്ങളെയും ബാധിച്ചു. ദുര്‍ബലമായ കെട്ടിടങ്ങളാണ് അവിടെയെല്ലാം ഉള്ളത്. ആഘാതം കൈകാര്യം ചെയ്യാന്‍ വേണ്ടത്ര സജ്ജീകരണവും അവിടെ ഇല്ലായിരുന്നു. നൂറുകണക്കിന് വീടുകള്‍ തകരുകയും മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നാണ് ഗ്യാന്‍. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. അവിടെ ക്ലിനിക്ക് ഉണ്ടെങ്കിലും അതിന് അപകട, അത്യാഹിത വിഭാഗമില്ലായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന്‍ അധികാരമേറ്റതിനുശേഷം, നിരവധി അന്താരാഷ്ട്ര സഹായ ഏജന്‍സികള്‍ രാജ്യം വിട്ടു. സപ്ലൈകളുടെയും ജീവനക്കാരുടെയും കടുത്ത ക്ഷാമം ഇപ്പോള്‍ രാജ്യം നേരിടുകയാണ്. പ്രദേശത്ത് വേദനസംഹാരികള്‍ക്കും ആന്റിബയോട്ടിക്കുകള്‍ക്കും കടുത്ത ക്ഷാമമുണ്ടെന്ന് മെഡിക്കല്‍ അധികൃതര്‍ പറയുന്നു. മുറിവുകള്‍ കഴുകാന്‍ ശുദ്ധജലം പോലും ലഭ്യമല്ലെന്ന് വോളണ്ടിയര്‍ ഡോക്ടര്‍ പറഞ്ഞു.

ചൊവ്വാഴ്ച താലിബാന്റെ ആക്ടിംഗ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ഗ്യാനില്‍ പര്യടനം നടത്തിയപ്പോള്‍ ആളുകള്‍ അദ്ദേഹത്തോട് ആക്രോശിച്ചു. ‘താലിബാന്‍ ഈ ദുരന്തത്തെ നേരിടാന്‍ പ്രാപ്തരല്ല. അവര്‍ക്ക് ഒരു സംവിധാനവുമില്ല. അന്താരാഷ്ട്ര സഹായത്തില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയില്ല. ലോകം അഫ്ഗാനിസ്ഥാനെ മറന്നു’. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സന്നദ്ധപ്രവര്‍ത്തകന്‍ പറഞ്ഞു.

താലിബാന്‍ ഭരണം ഏറ്റെടുക്കുന്നതിന് മുമ്പും, രാജ്യത്തിന്റെ വലിയ പട്ടണങ്ങളിലും നഗരങ്ങളിലും അടിയന്തര സേവനങ്ങള്‍ക്കും പ്രകൃതിദുരന്തങ്ങളോട് പ്രതികരിക്കാനുമുള്ള ശേഷി പരിമിതമായിരുന്നു. കുറച്ച് വിമാനങ്ങളും ഹെലികോപ്റ്ററുകളും മാത്രം ലഭ്യമായിരുന്നു.

ഔദ്യോഗിക സഹായ പ്രവര്‍ത്തകരില്ലെങ്കിലും സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നുണ്ട്. സമീപ നഗരമായ ഉര്‍ഗുണില്‍ നിന്നുള്ള ഒരു സന്നദ്ധ രക്ഷാപ്രവര്‍ത്തകന്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ സഹായിക്കുകയായിരുന്നു. രാവിലെ മുതല്‍ 40 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. കൂടുതലും ചെറിയ കുട്ടികളാണത്രേ. എന്നാല്‍ ഈ നാശത്തില്‍ നിന്ന് ജീവനോടെ കരകയറിയവര്‍ക്ക് പോലും, തങ്ങളുടെ ഭാവി ഇരുള്‍ മൂടിയതായി തോന്നുന്നു.

Latest News