Monday, November 25, 2024

2023 ലോകകപ്പ് ക്രിക്കറ്റിന് വേദിയാകുന്ന അഹമ്മദാബാദ് സ്റ്റേഡിയം: അറിയാം സവിശേഷതകളെ!

2023 -ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിക്കുന്ന ഉദ്ഘാടനമത്സരത്തിനും ഐ.സി.സി വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിനും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് വേദിയാകുന്നത്. അഹമ്മദാബാദിലെ മൊട്ടേരയിൽ സ്ഥിതിചെയ്യുന്ന ഈ സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന് അറിയപ്പെടുന്നു. ഏറെ പ്രത്യേകതകൾ നിറഞ്ഞ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ സവിശേഷതകളെക്കുറിച്ചറിയാം…‍

ഗിന്നസ് ബുക്കിൽ ഇടംനേടിയ സ്റ്റേഡിയം

അഹമ്മദാബാദിൽ പുതുതായി നിർമ്മിച്ച നരേന്ദ്ര മോദി സ്റ്റേഡിയം ഗിന്നസ് ബുക്കിൽ ഇടംനേടിയിരുന്നു. ഒരു ടി-20 മത്സരത്തിന് ഏറ്റവും കൂടുതൽ കാണികളെ ഉൾക്കൊണ്ട സ്റ്റേഡിയമായി മാറിയതോടെയായിരുന്നു ഈ നേട്ടം. 2022 -ലെ ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഐ.പി.എല്ലിന്റെ ഫൈനൽ മത്സരത്തിലാണ് നരേന്ദ്ര മോദി സ്റ്റേഡിയം ഏറ്റവും കൂടുതൽ കാണികളെ ഉൾക്കൊണ്ട സ്റ്റേഡിയമായി തീര്‍ന്നത്. ഏകദേശം ഒരുലക്ഷത്തി പതിനായിരത്തിലേറെ ആളുകളെ ഉൾക്കൊള്ളാൻ ഈ സ്റ്റേഡിയത്തിനാവും. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ (ജി.സി.എ) സ്റ്റേഡിയം, മൊട്ടേര എന്നായിരുന്നു മുമ്പ് ഈ സ്റ്റേഡിയം അറിയപ്പെട്ടിരുന്നത്.

നവംബർ 27 -ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ, ഗിന്നസ് ബുക്ക് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ഈ സ്റ്റേഡിയത്തിന്റെ പേരിൽ ഏറ്റുവാങ്ങി. ഐ.പി.എല്ലിന്റെ 2022 -ലെ ഫൈനൽ മത്സരദിവസം ഒരുലക്ഷത്തിലധികമാളുകൾ ഈ സ്റ്റേഡിയത്തിൽ സന്നിഹിതരായിരുന്നു. ടി-20 മത്സരത്തിൽ ഏറ്റവും കൂടുതൽ ആളുകളെ ഉൾക്കൊണ്ട സ്‌റ്റേഡിയം എന്ന റെക്കോർഡും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സ്വന്തമാക്കി.

നിരവധി മത്സരങ്ങൾക്ക് വേദിയായ കളിക്കളം

ക്രിക്കറ്റ് കൂടാതെ, ഗുജറാത്ത് സർക്കാർ സംഘടിപ്പിച്ച നിരവധി പരിപാടികൾക്ക് ഈ സ്റ്റേഡിയം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 1987, 1996, 2011 വർഷങ്ങളിലെ ക്രിക്കറ്റ് ലോകകപ്പുകളിൽ അഹമ്മദാബാദ് സ്‌റ്റേഡിയം മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിരുന്നു. 2022 -ലെ കണക്കനുസരിച്ച്, 14 ടെസ്റ്റുകൾ, 27 ഏകദിനങ്ങൾ, 6 ടി-20 മത്സരങ്ങൾ, 2 ഐ.പി.എൽ മത്സരങ്ങൾ എന്നിവയ്ക്കും ഈ സ്റ്റേഡിയം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഐ.പി.എൽ 2022 പതിപ്പിന്റെ ഫൈനലിൽ 1,01,566 കാണികളാണ് സ്റ്റേഡിയത്തിലുണ്ടായിരുന്നത്.

2021 ഫെബ്രുവരി 24 -ന് സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനർഃനാമകരണം ചെയ്തു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ (2009-2014) പ്രസിഡന്റും (2009-2014) സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനമികവിന്റെ ആദരസൂചകമായാണ് സ്റ്റേഡിയത്തിന്റെ പേര് മാറ്റിയത്. 2021 ഫെബ്രുവരി 24 -ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യത്തെ പിങ്ക് ബോൾ ടെസ്റ്റ് മത്സരത്തിനും സ്റ്റേഡിയം സാക്ഷ്യംവഹിച്ചു.

Latest News